city-gold-ad-for-blogger

കോവിഡ് കാല പ്രവാസി

ഇംതിയാസ് എരിയാൽ


(www.kasargodvartha.com 22.06.2020) കാലം മാറ്റിവച്ച ചിരിയാണോ, അതോ തിരിച്ചറിവാണോ എന്നറിയില്ല... പക്ഷെ ഒന്നറിയാം പ്രവാസിയുടെ ദുഃഖം നാളെയുടെ തീജ്വാലയുടെ മുന്നൊരുക്കമാണ്.

ഒന്നും മനസ്സിലായില്ല അല്ലെ?. ശരിയാണ് നാം മനസ്സിലാക്കി വരുമ്പോഴേക്കും എല്ലാം സ്വാഹ!

മാര്‍ച്ച് മാസത്തെ രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ലോകം മഹാമാരിയുടെ പിടിയിലായികൊണ്ടിരിക്കുകയായിരുന്നു. ഇങ്ങ് ദുബൈയില്‍ നൈഫിലും കാര്യങ്ങള്‍ വഷളായി വരുന്നുതിനിടയില്‍ പെട്ടന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടു.
കോവിഡ് കാല പ്രവാസി

ദുബൈ പ്രത്യേകിച്ചും നാഇഫ്, അല്‍ റാസ് പ്രദേശത്ത് ശക്തമായ നടപടിയുമായി ദുബൈ ഗവണ്‍മെന്റ് റോഡുകള്‍ ബാരികേഡ് കൊണ്ടടച്ചു. നാഇഫ് സിഗ്‌നല്‍ മുതല്‍ അല്‍ റാസ് വരെ, ദേര എന്ന നഗരം തികച്ചും ഒറ്റപെട്ടു. നാഇഫ് സൂഖിനെ ചുറ്റിപ്പറ്റി ആംബുലന്‍സുകള്‍ നിറഞ്ഞു കവിഞ്ഞു, ദിവസംതോറും രോഗികളുടെ എണ്ണം കൂടി വരുന്നതായി അറിഞ്ഞു. പോസിറ്റീവ് കേസുകളെ ഐസൊലേഷനിലേക്ക് മാറ്റാനായ് ദിനരാത്രങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നഗരവീഥികളിൽ ഓടുന്ന കാഴ്ച. ഭൂരിഭാഗം ഫ്ലാറ്റുകളിലും കോവിഡ് കേസുകൾ  റിപ്പോര്‍ട്ട് ചെയ്തു, തൊട്ടരികിൽ വരെ എത്തിയിരിക്കുന്നു ഭീതിയുടെ നിഴല്‍. കെട്ടിടങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവായി. ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. ആദ്യമൊക്കെ ജോലിക്ക് പോയി റൂമില്‍ വരുന്നവനെ  സുക്ഷമതയോടെ നോക്കിയിരുന്നവര്‍ പിന്നീട് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ പേരുകള്‍ നോക്കി സമ്പര്‍ക്കങ്ങള്‍ ചികയുകയാണ്.

അവരുമായി ബന്ധമുണ്ടായവരെ സംശയത്തിന്റെ നിഴലില്‍ കാണുന്ന ദയനീയ അവസ്ഥ. ചുരുക്കി പറഞ്ഞാല്‍ തന്റെ ഉറ്റ സുഹൃത്തിനേയും എന്തിന് കൂടുതല്‍, തന്റെ ബെഡിന് മുകളില്‍ കിടക്കുന്നവനെ പോലും വിശ്വാസമില്ലാതായി. സംശയത്തിന്റെ നിഴലിലുള്ളവരെ ഒന്നു ടെസ്റ്റ് ചെയ്ത് ഉറപ്പ് വരുത്താം എന്ന് വെച്ചാല്‍ അതിനുള്ള സംവിധാനമില്ല. രോഗ ലക്ഷണമുള്ളവരെ മാത്രമേ പരിശോധിക്കൂ എന്ന സ്ഥിതി.

ഒരു ചെറിയ പനിവരുമ്പോഴെക്കും ആധിയാണ്. ലോക്ക് ഡൗണ്‍ സര്‍ക്കിളിനുളളിലുള്ള ക്ലിനിക്കുകള്‍ പോലും അടഞ്ഞ് കിടക്കുന്നതിനാല്‍ ചെറിയ രോഗത്തിന് പോലും ചികിത്സ കിട്ടാതായി. ചെറിയ ഒരു തൊണ്ട വേദന പോലും വലിയ ആശങ്കകള്‍ക്ക് ഇടയാക്കുന്നു. ഭക്ഷണം കിട്ടാതായി എന്നുപറഞ്ഞാൽ തെറ്റാകില്ല. സുപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഡെലിവറി മുടങ്ങി. അവശേഷിച്ച പരിപ്പും അരിയും രണ്ട് നേരത്തേക്ക് തികയാതെയായി. ഒരു ഭാഗത്ത് രോഗത്തിന്റെ ആശങ്ക. മറു ഭാഗത്ത് പട്ടിണിയും ജോലി നഷ്ടവും. ആ ദിവസങ്ങള്‍ക്ക് കറുത്ത നിറങ്ങളായിരുന്നു. കെ എം സി സിയുടെ ഭക്ഷണ വിതരണം ഈ ഭാഗങ്ങളില്‍ സജീവമായി നടക്കുന്നുണ്ട്.

ജീവിതത്തില്‍ ഒരാളുടെ മുമ്പിലും കൈ നീട്ടേണ്ടി വരില്ല എന്ന് കരുതിയ ഞങ്ങള്‍ അവരെ വിളിക്കാന്‍ നിര്‍ബന്ധിതരായി. പത്തും ഇരുപതും ആളുകള്‍ ഒന്നോ രണ്ടോ ബാത്ത് റൂമുകള്‍ ഉപയോഗിക്കുന്നു. ഒരോ നിമിഷവും സംഘര്‍ഷഭരിതമായിരുന്നു അത്. ഒന്നുറച്ചിരുന്നു, ഒരാള്‍ രോഗിയായാല്‍ മുഴുവനാളിലുമെത്തുമെന്ന്.

നീണ്ട ഒന്നര മാസത്തെ മുറിവാസം ആത്മീയതയിലേക്ക് അടുപ്പിച്ചു. ലോകം ഉറഞ്ഞ് തുള്ളിയപ്പോള്‍ മനുഷ്യ അഹങ്കാരത്തിന് ദൈവം നല്‍കിയ പരീക്ഷണമെന്ന തിരിച്ചറിവ്.

നാള്‍ വഴികള്‍ പിന്നിട്ട് ദുബൈ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരുന്നു എന്നൊക്കെ വാര്‍ത്തകളെഴുതാം. പക്ഷെ ഞങ്ങളിലോരോരുത്തരും ഭയാശങ്കകളോടെയല്ലാതെ പുറത്തിറങ്ങാറില്ല.

എന്തിനും എതിനും ഭയമാണ്. പൊതു ഗതാഗതം തുറന്നു തിരക്കുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്. അത് എത്രത്തോളം പ്രയോഗികമാണ് എന്നത് സംശയമാണ്. മെട്രോയിലും ബസിലും യാത്ര ചെയ്യുന്ന പലരുടെയും വിചാരം, കൊറോണ നാട് വിട്ടെന്നാണ്. എന്നാല്‍ നാള്‍ക്കുനാള്‍ ലോകരാജ്യങ്ങള്‍ക്ക് ആനുപാതികമായി കണക്കുകള്‍ വര്‍ദ്ധിക്കുന്നു.

തെരുവോരങ്ങളില്‍ ചായ, മറ്റു പാനീയങ്ങള്‍ കുടിക്കുന്നവര്‍, പുകവലിക്കുന്നവര്‍, സൗഹൃദ കൂട്ടായ്മക്ക് പാര്‍ക്കിങ്ങ്, കടത്തിണ്ണകള്‍ വേദിയാക്കുന്നവര്‍, നിശാ സുന്ദരികളുടെ ക്ഷണം സ്വീകരിക്കുന്നവര്‍ ഒന്നോര്‍ക്കണം ഈ മഹാമാരി കെട്ടണങ്ങിയിട്ടില്ല.

വ്യാപാര വിനോദ നഞ്ചാര മേഖലകളില്‍ ഊന്നല്‍ നല്‍കുന്ന ഈ നഗരം നമ്മളെ ഓര്‍ത്താണ് തുറന്ന് കൊടുത്തത്. അത് ശ്രദ്ധയോടെ, ജാഗരൂകരായിരിക്കേണ്ടത് നമ്മുടെ കടമയാണ്.

ജോലി നഷ്ടപെട്ടവരും, കച്ചവടം കടം കേറിയവരും, തുടങ്ങിരോഗികളായി  ഒരുപാട് പേരുണ്ട്. മുറിക്ക് വാടക കൊടുക്കാന്‍ പോലുമാവാത്തവര്‍. മിക്ക പ്രവാസികളും ഈ മാസം ജോലി ചെയ്യുന്നത് കഴിഞ്ഞ മാസത്തെ ചിലവിനുള്ളതാ. അങ്ങനയുള്ളവര്‍ മൂന്ന് മാസത്തോളം ജോലിയില്ലാതായാല്‍ എന്താ അവസ്ഥ. ഒന്ന് ആലോചിച്ചു നോക്കു. ജോലി അന്വേഷിച്ച് ഇവിടെ എത്തിയവര്‍ വിസാ കാലാവധി കഴിഞ്ഞ് പട്ടിണിയോടെ കാത്തു നില്‍ക്കുന്നവര്‍. എന്നാണ് സ്വന്തം നാട്ടിലെത്തുക എന്ന ചോദ്യത്തിന് ഉത്തരമില്ല.

ഉറ്റവരില്ലാത്ത, പ്രയാസപ്പെടുന്നവന്റെ അടുക്കല്‍ സഹായവുമായി ഓടിയെത്തുന്ന പ്രവാസി ഇന്ന് പ്രയാസങ്ങളുടെ പ്രവാസത്തിലാണ്. എന്തിനും ഏതിനും ഞങ്ങളെ തേടിയെത്തുന്നവരോട് ഒന്നേ പറയാനുള്ളു. പ്രിയപെട്ടവരുടെ അടുക്കലേക്ക് എത്താന്‍ സഹായിക്കണേ..

Keywords:  Article, covid period expat

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia