city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ (13.02.2017)

കാസര്‍കോട്:  (www.kasargodvartha.com 13.02.2017)

വാഹനനിയമം ലംഘിക്കുന്നവര്‍ക്ക് ഇനി മുതല്‍ ഏകദിനക്ലാസ്
ജില്ലയില്‍ മോട്ടോര്‍വാഹന നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി മുതല്‍ ഏകദിന ക്ലാസ്സ് സംഘടിപ്പിക്കും. റോഡ് സേഫ്റ്റി ആക്ഷന്‍ പ്ലാനുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ഫെബ്രുവരി 15 മുതല്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് പരിശോധന ശക്തമാക്കും.

അനധികൃത പാര്‍ക്കിംഗ്, ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഉപയോഗിക്കാതെയുളള െ്രെഡവിംഗ്, അമിതവേഗത, മദ്യപിച്ചുളള വാഹനമോടിക്കല്‍ തുടങ്ങിയ ഗതാഗത നിയമലംഘനത്തിനാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് ക്ലാസ് സംഘടിപ്പിക്കുക. മോട്ടോര്‍ വാഹന നിയമങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും വിജ്ഞാനപ്രദമായ വീഡിയോകളുമാണ് ക്ലാസ്സില്‍ ഉണ്ടായിരിക്കുക. നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുന്നതടക്കമുളള നടപടികള്‍ ആര്‍ ടി ഒ സ്വീകരിക്കും.

സര്‍ക്കാര്‍ അറിയിപ്പുകള്‍ (13.02.2017)


റോഡിന്റെ വശങ്ങളില്‍ പാര്‍ക്കിംഗിന് അനുവദിച്ചിട്ടുളള സ്ഥലം ഒഴികെയുളള മറ്റൊരിടത്തും പാര്‍ക്കിംഗ് അനുവദിക്കില്ല. നോ പാര്‍ക്കിംഗ് ഏരിയകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തും. ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ യാത്രക്കാര്‍ പ്രത്യേകിച്ച് കുട്ടികളെ ഇരുത്തി അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. സ്‌കൂള്‍ ബസ്സുകളുടെ ഓവര്‍ സ്പീഡും ഓവര്‍ ലോഡും തടയാന്‍ െ്രെഡവര്‍മാരുടെ യോഗ്യതയും ബസ്സുകളിലുണ്ടാകേണ്ട സുരക്ഷാ ക്രമീകരണങ്ങളും പരിശോധിക്കും.

റോഡിലുളള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും. ഇതിന്റെ ആദ്യപടിയായി നടപ്പാതയിലെ അനധികൃത കയ്യേറ്റങ്ങള്‍ക്ക് നോട്ടീസ് നല്‍കി ഒരാഴ്ചക്കകം നടപടി സ്വീകരിക്കും. റോഡിന്റെ വശങ്ങളില്‍ കാഴ്ച മറയ്ക്കുന്ന രീതിയിലുളള പരസ്യ ബോര്‍ഡുകളും മരച്ചില്ലകളും നീക്കം ചെയ്യും. സൈന്‍ ബോര്‍ഡുകള്‍ ക്ലീന്‍ ചെയ്ത് ദര്‍ശനയോഗ്യമാക്കും. അനാവശ്യ സൈന്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യും. കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളെ ബ്ലാക്ക് സ്‌പോട്ടുകളായി പരിഗണിച്ച് അവിടെ ആവശ്യമായ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും.

റോഡ് സേഫ്റ്റി ആക്ഷന്‍ പ്ലാനിന്റെ ഒന്നാംഘട്ടമായി ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ വാഹനപരിശോധനകള്‍ കര്‍ശനമാക്കും. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, ആര്‍ ടി ഒ കെ ബാലകൃഷ്ണന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വി രാജീവന്‍, വിദ്യാനഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബാബു പെരിങ്ങോത്ത്, ട്രാഫിക് എസ് ഐ ടി ദാമോദരന്‍, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ പി പ്രകാശന്‍, പി കെ ആരതി തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശീയ ബാലികാദിനം സമാപനം ചൊവ്വാഴ്ച
ദേശീയ ബാലികാദിനമായ ജനുവരി 24ന് തിരുവനന്തപുരത്ത് നിന്ന് പര്യടനം ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗത്തിന്റെ പ്രദര്‍ശന വാഹനത്തിന്റെ പര്യടനം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് പുതിയ ബസ്സ് സ്റ്റാന്റില്‍ സമാപിക്കും.

സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ സമാപന സമ്മേളനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. പി ബി അബ്ദുള്‍ റസാഖ് എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ മുഖ്യാതിഥി ആയിരിക്കും. ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു ബാലികാദിന സന്ദേശം നല്‍കും. കാസര്‍കോട് നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ കെ എം അബ്ദുള്‍ റഹ്മാന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പി ദിനേശ്കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍, ശിശുസംരക്ഷണ ഓഫീസര്‍ പി ബിജു, സാമൂഹികനീതി ഓഫീസര്‍ ഡീനഭരതന്‍ എന്നിവര്‍ സംബന്ധിക്കും.

തിങ്കളാഴ്ച ജില്ലയില്‍ പര്യടനം ആരംഭിച്ച കാരവന്‍ എക്‌സിബിഷന്റെ ആദ്യപ്രദര്‍ശനം ചെറുവത്തൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, ജില്ലാ പഞ്ചായത്ത് അംഗം പി സി സുബൈദ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം യു സുമിത്, ചെറുവത്തൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധവി കൃഷ്ണന്‍, വാര്‍ഡ് അംഗം കെ നാരായണന്‍, ശിശുവികസന പദ്ധതി ഓഫീസര്‍ പ്രവ്ദ പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.

സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് അംഗണവാടി പ്രവര്‍ത്തകര്‍ തെരുവ് നാടകം അവതരിപ്പിച്ചു. രാജപുരത്തെ സ്വീകരണത്തിനു ശേഷം വൈകീട്ട് കാഞ്ഞങ്ങാട് സമാപിച്ചു. ചൊവ്വാഴ്ച മുളിയാര്‍, മഞ്ചേശ്വരം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് കാസര്‍കോട് സമാപിക്കുക.

പെണ്‍കുട്ടികളുടെ സുരക്ഷ, ആരോഗ്യം, സ്വീകാര്യത, പോഷകാഹാരം, ശുചിത്വം, ശാക്തീകരണം, നിയമവശങ്ങള്‍ എന്നിവയെ ആസ്പദമാക്കിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് സമാപന സമ്മേളനത്തിന്റെ ഭാഗമായി വിവേചനത്തിന്റെ വിഭിന്ന മുഖങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാറും തുടര്‍ന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.

പ്രവാസി മലയാളിക്ഷേമം നിയമസഭാ സമിതി സിറ്റിംഗ് ബുധനാഴ്ച
കേരളനിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച് സമിതി ബുധനാഴ്ച രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

ജില്ലയിലെ പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സംഘടനാ പ്രതിനിധികളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും.

ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണം യോഗം
കാസര്‍കോട് ജില്ലാ പഞ്ചായത്ത് പതിമൂന്നാം പഞ്ചവല്‍സര പദ്ധതി 201722, വാര്‍ഷിക പദ്ധതി 2017-18 രൂപീകരണത്തോടനുബന്ധിച്ച് ജില്ലാ ആസൂത്രണസമിതിയുടെയും വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍, ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, കണ്‍വീനര്‍, അതത് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളായ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഫെബ്രുവരി 15 ന് രാവിലെ 10 മുതല്‍ വിവിധസെഷനുകളായി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256722.

കാര്‍ഷിക അവാര്‍ഡിന് കൃഷിഭവനില്‍ 15 വരെ അപേക്ഷ സ്വീകരിക്കും
സംസ്ഥാന സര്‍ക്കാര്‍ 2016 വര്‍ഷത്തെ കാര്‍ഷിക അവാര്‍ഡിനുളള നാമനിര്‍ദ്ദേശ പത്രിക ക്ഷണിച്ചു. കൃഷിഭവനുകളില്‍ ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. സംസ്ഥാനത്തെ മികച്ച കര്‍ഷകന്‍, മികച്ച പാടശേഖരസമിതി കര്‍ഷക തൊഴിലാളികള്‍, ശാസ്ത്രജ്ഞന്‍മാര്‍, പത്ര പ്രവര്‍ത്തകര്‍, കാര്‍ഷിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്ന വിവിധ തുറകളിലെ വ്യക്തികള്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.

ഏറ്റവും നല്ല ഗ്രൂപ്പ് ഫാമിംഗ് സമിതിക്കുളള നെല്‍ക്കതിര്‍ അവാര്‍ഡ്, ഏറ്റവും നല്ല കര്‍ഷകനുളള കര്‍ഷകോത്തമ, ഏറ്റവും മികച്ച യുവകര്‍ഷകനുളള യുവകര്‍ഷകന്‍, ഏറ്റവും നല്ല കേരകര്‍ഷകനുളള കേരകേസരി, മികച്ച പച്ചക്കറി കൃഷിക്കാരനുളള ഹരിതമിത്ര, ഏറ്റവും നല്ല പുഷ്പ കൃഷി കര്‍ഷകനുളള ഉദ്യാനശ്രേഷ്ഠ, പട്ടികജാതി, പട്ടികവര്‍ഗത്തില്‍പെട്ട കര്‍ഷകനുളള കര്‍ഷക ജ്യോതി, ഏറ്റവും നല്ല കര്‍ഷക തൊഴിലാളിക്കുളള ശ്രമശക്തി, ഏറ്റവും നല്ല കൃഷി ശാസ്ത്രജ്ഞനുളള കൃഷി വിജ്ഞാന്‍, മണ്ണ് സംരക്ഷണം നടത്തുന്ന കര്‍ഷകര്‍ക്കുളള ക്ഷോണി സംരക്ഷണ ക്ഷോണി പരിപാലക ക്ഷോണി മിത്ര, ഏറ്റവും നല്ല നീര്‍ത്തട പദ്ധതി നടപ്പിലാക്കിയ പഞ്ചായത്തിനുളള ക്ഷോണി രത്‌ന, ഏറ്റവും നല്ല ഫാം ജേര്‍ണലിസ്റ്റിനുളള കര്‍ഷക ഭാരതി, കൃഷി വകുപ്പിന്റെ കീഴിലുളള മികച്ച ഫാമുകള്‍ക്കുളള ഹരിത കീര്‍ത്തി, ഏറ്റവും മികച്ച മലയാളത്തിലുളള കാര്‍ഷിക പരിപാടിക്കുളള ഹരിത മുദ്ര, മികച്ച ജൈവ കൃഷി ചെയ്യുന്ന ആദിവാസി ഊര്, മികച്ച റെസിഡന്‍സ് അസോസിയേഷന്‍, മികച്ച ഹൈടെക് ഫാര്‍മര്‍, മികച്ച കൊമേഴ്‌സ്യല്‍ നേഴ്‌സറി, മികച്ച രീതിയില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാര്‍ത്ഥിനിക്കുളള കര്‍ഷക തിലകം, വിദ്യാര്‍ത്ഥികള്‍ക്കുളള കര്‍ഷക പ്രതിഭകള്‍ (ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ്) മികച്ച ഫാം ഓഫീസര്‍, മികച്ച ജൈവ കര്‍ഷകന്‍, മികച്ച തെങ്ങുകയറ്റക്കാര്‍, കാര്‍ഷിക വിജ്ഞാനവ്യാപനം നടത്തുന്ന ഉദ്യോഗസ്ഥരല്ലാത്ത വ്യക്തിക്കുളള കര്‍ഷക മിത്ര എന്നീ അവാര്‍ഡുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് നേടിയവര്‍ക്കും അപേക്ഷിക്കാം.

ഓരോ വിഭാഗത്തിലും മത്സരിക്കുന്നവര്‍ നിശ്ചിത ഫോറത്തില്‍ ഈ മാസം 15 നകം കൃഷി ഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൃഷി ഭവനുകള്‍ക്കും പഞ്ചായത്തുകള്‍ക്കും കര്‍ഷകനെ നാമനിര്‍ദ്ദേശം ചെയ്യാം. യുവകര്‍ഷക, യുവകര്‍ഷകന്‍ അവാര്‍ഡിന് അപേക്ഷിക്കുന്നവര്‍ 15 നും 35 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം. വയസ്സ് തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കററ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പേര്, ശരിയായ മേല്‍വിലാസം, എസ് ബി ടി യുടെ ഏറ്റവും അടുത്തുളള ശാഖ എന്നിവ അപേക്ഷയില്‍ ഉള്‍ക്കൊളളിക്കണം. വിശദ വിവരങ്ങള്‍ കൃഷി ഡയറക്ടറുടെ വെബ് സൈറ്റില്‍ നിന്ന് ലഭിക്കും.

ലേലം ചെയ്യും
കാസര്‍കോട് വനം ഡിവിഷനിലെ വനം കേസ്സുകളുമായി ബന്ധപ്പെട്ട ആറു വാഹനങ്ങള്‍ ഫെബ്രുവരി 16 ന് ലേലം നടത്തും. എം എസ് ടി സി കമ്പനിയില്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. വിശദ വിവരത്തിനായി www.tsmcecommerce.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. 16 ന് വില്‍പ്പനയാകാത്ത വാഹനങ്ങളുടെ ഇലേലം മാര്‍ച്ച് ഒമ്പതിന് നടക്കും. ഫോണ്‍ 09446473645, 04712529137.

പ്രവേശന പരീക്ഷ
പട്ടികജാതി പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2017-18 അദ്ധ്യായന വര്‍ഷത്തെ അഞ്ചാം ക്ലാസ്സ് പ്രവേശന പരീക്ഷ ഫെബ്രുവരി 18 ന് രാവിലെ 10 മണിക്കും, അയ്യങ്കാളി സ്മാരക സ്‌കോളര്‍ഷിപ്പ് പരീക്ഷ ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് രണ്ട് മണിക്കും പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചവര്‍ ഹാള്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച പ്രമാണങ്ങള്‍ സഹിതം കൃത്യസമയത്ത് ഹാജരാകണം.

പരിശോധനാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പിന്നോക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന മത്സരപരീക്ഷ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന്റെ (2016-17) പരിശോധനാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പട്ടിക പരിശോധിച്ച് ന്യൂനതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഫെബ്രുവരി 20 നകം കോഴിക്കോട് മേഖലാ ഓഫീസില്‍ ലഭ്യമാക്കണം. ന്യൂനത പരിഹരിക്കാത്തവ അന്തിമപട്ടികയില്‍ നിന്നും യാതൊരു അറിയിപ്പും കൂടാതെ ഒഴിവാക്കുന്നതാണ്. ലിസ്റ്റും വിശദ വിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുളള ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് എം എല്‍ ജോസഫ് ഫ്രാന്‍സിസ് ഫെബ്രുവരി 20 ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. സിറ്റിംഗില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കേസുകള്‍ പരിഗണിക്കും.

ക്ഷീരകര്‍ഷകപരിശീലനം

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, നടുവട്ടത്തുളള സംസ്ഥാന സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഡയറി ഫാം ആസൂത്രണം, ലാഭകരമായ നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം എന്നീ വിഷയങ്ങളില്‍ ഫെബ്രുവരി 17 മുതല്‍ 23 വരെയാണ് പരിശീലനം.താല്‍പര്യമുളളവര്‍ ഫെബ്രുവരി 17ന് രാവിലെ 10 മണിക്കകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം പരിശീലന കേന്ദ്രത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2414579

മേല്‍ക്കൂരയില്‍ സൗരനിലയം; അനെര്‍ട്ടിന്റെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചൊവ്വാഴ്ച ആരംഭിക്കും
കേന്ദ്ര നവീന നവീകരണീയ ഊര്‍ജ്ജ മന്ത്രാലയത്തിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും ധനസഹായത്തോടെ അനെര്‍ട്ട് ഈ സാമ്പത്തിക വര്‍ഷം രണ്ട് വ്യത്യസ്ത മേല്‍ക്കൂര സൗരവൈദ്യുതി നിലയ പദ്ധതികള്‍ നടപ്പിലാക്കുന്നു. വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സൗരനിലയപദ്ധതി ആയ സോളാര്‍ കണക്റ്റ് മുഖേന അഞ്ച് മെഗാവാട്ടും വൈദ്യുതശൃംഖലയുമായി ബന്ധിപ്പിക്കാത്ത സൗരനിലയ പദ്ധതി ആയ സോളാര്‍ സ്മാര്‍ട്ട് മുഖേന 6.4 മെഗാവാട്ടും ശേഷി കൈവരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

സോളാര്‍ കണക്റ്റ് പദ്ധതിയില്‍ ഒരു കിലോവാട്ടിന് ഏകദേശം 70,000 രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതില്‍ രണ്ട് കിലോ വാട്ട് മുതല്‍ 100 കിലോവാട്ട് വരെ ശേഷിയുള്ള സൗരനിലയങ്ങള്‍ സ്ഥാപിക്കുന്നതിന് അനുവദിക്കും. ഇതിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായമായി ഒരു കിലോവാട്ടിന് 29,700 രൂപ (കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് വിധേയം) ലഭിക്കും. ഇപ്പോള്‍ ഇന്‍വെര്‍ട്ടര്‍ ഉള്ള വീടുകളില്‍ ഈ സംവിധാനം സ്ഥാപിച്ചാല്‍ വൈദ്യുതി ബില്ലില്‍ ഗണ്യമായ കുറവ് വരുന്നതാണ്.

സോളാര്‍ സ്മാര്‍ട്ട് പദ്ധതിയില്‍ ഒരു കിലോവാട്ട് മുതല്‍ അഞ്ച് കിലോവാട്ട് വരെ ശേഷിയുള്ള സൗരനിലയങ്ങള്‍ സ്ഥാപിക്കുന്നതിന് അനുവദിക്കുന്നതാണ്. ഇതിന് ഒരുകിലോവാട്ടിന് ഏകദേശ ചെലവ് 1,50,000 രൂപയായി കണക്കാക്കിയിരിക്കുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ധനസഹായം ഒരു കിലോവാട്ടിന് 67,500 രൂപ ലഭിക്കുന്നതാണ്. വീടുകള്‍ക്ക് മൂന്ന് കിലോവാട്ട് വരെയും സ്ഥാപനങ്ങള്‍ക്ക് അഞ്ച് കിലോവാട്ട് വരെയുമാണ്പരിധി. വീടുകളിലും സ്ഥാപനങ്ങളിലും ഇന്‍വെര്‍ട്ടര്‍, യു പി എസ് തുടങ്ങിയവ വാങ്ങുന്നതിനെക്കാള്‍ എന്തുകൊണ്ടും ലാഭകരമാണ് ഇത്തരം പദ്ധതി.

പദ്ധതി ലക്ഷ്യം നിശ്ചിത സമയത്തിനുള്ളില്‍ കൈവരിക്കുന്നതിനായി അനെര്‍ട്ട് ജില്ലാതലത്തില്‍ പദ്ധതി നടപടിക്രമങ്ങളുടെ അവബോധനവും സ്‌പോട്ട് രജിസ്‌ട്രേഷനും സംഘടിപ്പിക്കുന്നു. രജിസ്‌ട്രേഷന്‍ ചെയ്യുന്ന മുന്‍ഗണനാ ക്രമത്തിലായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.

കാസര്‍കോട് ജില്ലയില്‍ രജിസ്‌ട്രേഷന്‍ അനെര്‍ട്ടിന്റെ ജില്ലാ ഓഫീസായ കാസര്‍കോട് റെയില്‍വേസ്‌റ്റേഷന്‍ റോഡിലെ ക്ലോക്ക് ടവര്‍ ജംഗ്ഷനില്‍ ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.anert.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ജില്ലാ ഓഫീസില്‍ (ഫോണ്‍ 04994 230944) നിന്നും ലഭിക്കും. രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി സഹിതം ജില്ലാ ഓഫീസില്‍ നിശ്ചിത ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. സോളാര്‍ കണക്റ്റിന് 2,000 രൂപയും സോളാര്‍ സ്മാര്‍ട്ടിന് 1,000 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്.

എസ് സി കോളനിയില്‍ കുടിവെളളത്തിന് 8.30 ലക്ഷം
പി കരുണാകരന്‍ എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും എന്‍മകജെ ഗ്രാമപഞ്ചായത്തിലെ സരുഷെട്ടി ബല്ല എസ് സി കോളനി കുടിവെളള പദ്ധതിക്ക് 8.30 ലക്ഷം രൂപ അനുവദിച്ചു. ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു പദ്ധതിക്ക് ഭരണാനുമതി നല്‍കി.

ആര്‍ എം എസ് എ ക്യാമ്പ്
പെണ്‍കുട്ടികള്‍ക്കുളള ശാക്തീകരണ പരിപാടിയുമായി ബന്ധപ്പെട്ട് ആര്‍ എം എസ് എ യുടെ ആഭിമുഖ്യത്തില്‍ ഒമ്പതാം ക്ലാസ്സിലെ പെണ്‍കുട്ടികള്‍ക്കുളള രണ്ട് ദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ് ചെര്‍ക്കള മാര്‍ത്തോമ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നു.

ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഡി ഇ ഒ ഇന്‍ ചാര്‍ജ്ജ് കെ നാഗവേണി അധ്യക്ഷത വഹിച്ചു. കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ കെ സുരേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ആര്‍ എം എസ് എ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ പി സുബ്രഹ്മണ്യന്‍, മാര്‍ത്തോമ സ്‌കൂള്‍ മാനേജര്‍ റെ.ഫാ. എ ജി മാത്യു, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. കൃഷ്ണകുമാര്‍, റിസോര്‍സ് അധ്യാപിക പി സുജാത എന്നിവര്‍ സംസാരിച്ചു.

അസാപ്പ് ക്ലബ്ബ് ഉദ്ഘാടനം
ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചെര്‍ക്കള അസാപ്പ് ക്ലബ്ബ് ഉദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം ടി പി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് അംഗം മുംതാസ് സെമീറ നിര്‍വ്വഹിച്ചു.

മദര്‍ പി ടി എ പ്രസിഡണ്ട് മുംതാസ് ഷുക്കൂര്‍, എസ ്എം സി മുഹമ്മദ് ഷാഫി, അസാപ്പ് പ്രോഗ്രാം മാനേജര്‍ മുഹമ്മദ് റാഷിദ്, അധ്യാപകരായ പി സി സപ്ന, ടി പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ അസാപ്പ് കോര്‍ഡിനേറ്റര്‍ എം എ വിനോജ് സ്വാഗതവും കൃഷ്ണപ്രഭ നന്ദിയും പറഞ്ഞു. അസാപ്പ് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Vehicles, Agriculture, Award, farmer, solar products, Drinking water, Club, inauguration, traffic rules, Pravasi, police class, traffic class, Agricultural Awards, Vehicle Auction, Solar Plan, S C colony, RMS Camp, ASAAP club inauguration, Kasargod District Government Announcements

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia