കാട്ടിനുള്ളിലെ കൃഷിയിടത്തിൽ നൂറ് വയസ്സ് വരെ കൃഷിയെ സ്നേഹിച്ച മുത്തശ്ശിക്ക് കൃഷി വകുപ്പിന്റെ ആദരം
Jan 21, 2021, 13:11 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 21.01.2021) കാട്ടിനുള്ളിലെ കൃഷിയിടത്തിൽ നൂറ് വയസ്സ് വരെ കൃഷിയെ സ്നേഹിച്ച കുറുമാണം കോളനിയിലെ മുത്തശ്ശിക്ക് കൃഷി വകുപ്പിന്റെ ആദരം.
ബളാൽ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡായ കുറുമാണം പട്ടിക ജാതി കോളനിയിലെ കുട്ട്യൻ വീട്ടിൽ കാരിച്ചി മുത്തശ്ശിയെ (110) ആണ് ബളാൽ കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ, അസി. കൃഷി ഓഫീസർ എസ് രമേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കുറുമാണം കോളനിയിൽ എത്തി പൊന്നാട അണിയിച്ചു ആദരിച്ചത്.
ബളാൽ കൃഷി ഓഫീസിൽ നിന്നും പരപ്പ വഴി ദുർഘട വനത്തിലൂടെ നടന്ന് എത്തിയ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട കാരിച്ചി മുത്തശ്ശി നൂറ്റി പത്തിന്റെ അവശതയിലും അവരെ മാറോടണച്ചു. വികാര നിർഭരമായ ചടങ്ങുകൾക്ക് ശേഷം കൃഷിവകുപ്പ് ഉദ്യോഗസ്ഥർ കാരിച്ചി മുത്തശ്ശിയുടെ കൈകൾ തൊട്ട് നമസ്കരിച്ചു.
ബളാൽ ഗ്രാമ പഞ്ചായത്തിലെ കൃഷി ഭവൻ പരിധിയിലെ പട്ടിക ജാതി പട്ടിക വർഗ കോളനികളിൽ ജൈവപച്ചക്കറി കൃഷി ഒരുക്കുക, ഇതിന് അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ യാണ് ബളാൽ കൃഷി ഭവൻ കോളനികൾ സന്ദർശിക്കുന്ന പരിപാടിക്ക് തുടക്കമിട്ടത്.
പട്ടിക വർഗ മേഖലകളിൽ പരമ്പരാഗതമായി നിലനിൽക്കുന്ന കാർഷിക രീതികളെ കുറിച്ച് പഠിക്കുവാൻ കൂടിയാണ് പട്ടിക വർഗ ഊരിലേക്ക് യാത്ര നടത്തിയത്.
ഇതിന്റെ ആദ്യ പടിയായാണ് ബളാൽ പഞ്ചായത്തിലെ വനാതിർത്തിയിൽപ്പെട്ട കുറുമാണം കോളനിയിൽ ചൊവ്വാഴ്ച ആദ്യ സന്ദർശനം.
കുറുമാണം കോളനിയിലെ കർഷകരുടെ കൃഷിയിടം സന്ദർശിച്ച ശേഷം 36 പട്ടിക വർഗ കർഷകർക്ക് പച്ചക്കറി വിത്തുകളും കൃഷി രീതികൾ പ്രതിപാതിക്കുന്ന പുസ്തകങ്ങളും വിതരണം ചെയ്തു.
നൂതന കൃഷി രീതികളെ കുറിച്ച് ഡോ. അനിൽ സെബാസ്റ്റ്യൻ ക്ലാസെടുത്തു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ബൈജു എം വി, രഘു പി എം, എസ് സി പ്രമോട്ടർമാരായ രാജേഷ്, മനോജ്, ലതിക, രാഘവൻ അരിങ്കല്ല്, കൃഷ്ണൻ എടത്തോട് എന്നിവർ പങ്കെടുത്തു.
Keywords: Kerala, News, Kasaragod, Vellarikundu, Balal, Woman, Felicitation, Agriculture, Farming, Forest-range-officer, Forest, The Department of Agriculture pays tribute to a grandmother who loved farming for hundreds of years.
< !- START disable copy paste -->