city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചീമേനി തുറന്ന ജയിലിനെ പൂങ്കാവനമാക്കി തടവുകാര്‍

കാസര്‍കോട്: (www.kasargodvartha.com 24.05.2014) കാറ്റുരസിയാല്‍ തീപാറുന്ന ചെങ്കല്‍ പാറയെ പൂങ്കാവനം പോലെ മനോഹരമാക്കിയതിന്റെ അനുഭവസാക്ഷ്യമാണ് ചീമേനി തുറന്ന ജയിലിലെ അന്തേവാസികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പറയാനുളളത്. പ്രശസ്തമായ ബേക്കല്‍ ബിരിയാണിയും തേജസ്വിനി ചപ്പാത്തിയും വിപണിയിലെത്തിക്കുന്ന ചീമേനി തുറന്ന ജയില്‍ കാര്‍ഷിക മേഖലയിലും സ്വയം പര്യാപ്തത കൈവരിക്കുകയാണ്.

പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്ന്  ഏറ്റെടുത്ത 303 ഏക്കര്‍ സ്ഥലത്താണ് കശുമാവ്, കപ്പ, ചേമ്പ്,വാഴ പച്ചക്കറികള്‍ എന്നിവകൃഷി ചെയ്യുന്നത്. ജയിലില്‍ 213 അന്തേവാസികളുണ്ട്. ഇതില്‍ അറുപതുപേരെങ്കിലും പരോളിലാണ്. കശുമാവില്‍ നിന്ന് 2006 മുതല്‍ 2013 വരെ 3556662 രൂപയാണ് വരുമാനം. 1000 പുതിയ കശുമാവിന്‍ ബഡ്‌തൈകളും കഴിഞ്ഞ വര്‍ഷം 5000 കശുമാവും പുതുതായി നട്ടുപിടിപ്പിച്ചിട്ടുണ്ട്. കൃഷിവകുപ്പുമായി സഹകരിച്ചാണ്  ഈ പദ്ധതി നടപ്പാക്കുന്നത്.
ചീമേനി തുറന്ന ജയിലിനെ പൂങ്കാവനമാക്കി തടവുകാര്‍
File Photo

ബിരിയാണി, ചപ്പാത്തി യൂണിറ്റുകള്‍ക്കാവശ്യമായ ഇറച്ചിക്കോഴികള്‍ ലഭ്യമാക്കുന്നത് ജയിലിലെ ധനശ്രീ കോഴിഫാമില്‍ നിന്നാണ്. ആയിരം ചതുരശ്ര അടി വിസ്തൃതിയില്‍ 800 കോഴികളെ ഇവിടെ വളര്‍ത്തുന്നുണ്ട്. കോഴിഫാം വിപുലീകരിക്കാനുളള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജയില്‍ സൂപ്രണ്ട് എസ്.സന്തോഷ് പറഞ്ഞു.കാമധേനു പശുഫാം തടവുകാരുടെ ക്ഷേമത്തിനാവിഷ്‌ക്കരിച്ച പദ്ധതിയാണ.്  അന്തേവാസികള്‍ക്കാവശ്യമായ പാലും തൈരും ഈ പശുഫാമില്‍ നിന്ന് ലഭിക്കുന്നു.

സര്‍ക്കാറിന് പ്രതിമാസം 20000 രൂപയുടെ ലാഭം ഇത് വഴി ലഭിക്കുന്നു. മിച്ചം വരുന്ന പാല്‍ ജയിലിന് സമീപത്തെ പാല്‍ സൊസൈറ്റിയില്‍ വില്‍ക്കുന്നുണ്ട്. ജയിലിലെ കൃഷിക്കാവശ്യമായ ചാണകവും പാചകത്തിനാവശ്യമായ ഗോബര്‍ ഗ്യാസും ഉല്പാദിപ്പിക്കാനും സാധിക്കുന്നു. നിലവില്‍ 9 വലിയ പശുക്കളും ഒരു വലിയ കാളയും മൂന്നു പശുക്കുട്ടികളും ഈ തൊഴുത്തിലുണ്ട്. 12 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്.

ജയിലിലെ സമൃദ്ധി ആടുഫാമില്‍ നിന്ന് 108175 രൂപയുടെ  വരുമാനമുണ്ട്. നെട്ടുക്കാല്‍ തേരി തുറന്ന ജയിലില്‍ നിന്നും 25 ആടുകളെ കൊണ്ടുവന്ന് ആരംഭിച്ച ഫാമില്‍ നിലവില്‍ 70 ആടുകളുണ്ട്. മുട്ടനാടുകളെ അന്തേവാസികളുടെ ഭക്ഷണ ആവശ്യത്തിനായി ഉപയോഗിച്ചുവരുന്നു. പന്നിഫാമില്‍ വലുതും ചെറുതുമായി 18 പന്നികളുണ്ട്. 249500 രൂപയുടെ  വരുമാനമുണ്ട്. കോഴിഫാമിലെ അവശിഷ്ടങ്ങളും, ഭക്ഷണാവശിഷ്ടങ്ങളും മാത്രം  നല്‍കി മുടക്ക് മുതലില്ലാതെ വളര്‍ത്തുന്ന പന്നികള്‍ ജയിലിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുകൂടി ഉപകരിക്കുന്നു. മുയല്‍ വളര്‍ത്തല്‍ യൂണിറ്റും പ്രണയപക്ഷികളുടെ കൂടും ജയിലിലുണ്ട്.

നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൈനാപ്പിള്‍ കഷി ആരംഭിച്ചു. 2 ഏക്കര്‍ സ്ഥലത്ത് ബംഗാളി ഇനം പൈനാപ്പിളാണ് കൃഷി ചെയ്യുന്നത്. അഞ്ചേക്കൃ കൃഷി സ്ഥലത്താണ്  മഞ്ഞള്‍കൃഷി നടത്തുന്നത്. പച്ചക്കറി കൃഷി വഴി 242200 രൂപ വരുമാനമുണ്ടായി. അന്തേവാസികളുടെയും ഉദ്യോഗസ്ഥന്‍മാരുടെയും ആവശ്യം  കഴിഞ്ഞുളള പച്ചക്കറി വെജ്‌കോര്‍പ്പിന് വില്‍ക്കുന്നുണ്ട്.

വെണ്ട,വഴുതന, ഇളവന്‍ ചീര, പയര്‍, പാവക്ക എന്നിവയാണ്  കൃഷി ചെയ്യുന്നത്. ജയില്‍ ഗേറ്റിന് സമീപത്തെ കൗണ്ടര്‍ വഴി പൊതുജനങ്ങള്‍ക്ക് കമ്പോളവിലയില്‍ കുറച്ച് പച്ചക്കറികള്‍ വില്പന നടത്തുന്നു.  പച്ചക്കറികൃഷി വികസനത്തിന് നാല് ലക്ഷം രൂപയും, നബാര്‍ഡ് 50000 രൂപയും അനുവദിച്ചിട്ടുണ്ട്. കൃഷിവകുപ്പിന്റെ 2012-13 വര്‍ഷത്തെ മികച്ച പച്ചക്കറി കൃഷി നടത്തുന്ന സ്ഥാപനത്തിനുളള അവാര്‍ഡില്‍ രണ്ടാം സ്ഥാനം ചീമേനി തുറന്ന ജയിലിന് ലഭിച്ചു. 1500 റബ്ബര്‍ തൈകള്‍  നട്ടിട്ടുണ്ട്. ഇടവിളയായി മരച്ചീനി, ഏത്തവാഴ, മഞ്ഞള്‍, പൈനാപ്പിള്‍, കപ്പ, ചേമ്പ് എന്നിവ കൃഷി ചെയ്തുവരുന്നു.

നബാര്‍ഡിന്റെ സഹകരണത്തോടെ കഴിഞ്ഞവര്‍ഷം ജയിലില്‍ 1000 തേക്കിന്‍ തൈകളും 1000 ഒട്ടുമാവിന്‍ തൈകളും നട്ടുപിടിപ്പിച്ചു. അഞ്ഞൂറോളം മഴവെളളകുഴികളും നിര്‍മ്മിച്ചു. മഴവെളള സംഭരണത്തിനും മണ്ണൊലിപ്പ്  തടയുന്നതിനും മണ്‍കയ്യാലകള്‍ 5000 മീറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയായി. മൂന്ന് ലക്ഷം രൂപ ചെലവില്‍ മഴവെളള സംഭരണിയുടെ പണി പൂര്‍ത്തീകരിച്ചു.  തുറന്ന ജയിലിലെ കുടിവെളള, ജലസേചനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പതിമൂന്നാം ധനകാര്യകമ്മീഷന്‍ അവാര്‍ഡില്‍ ഉള്‍പ്പെടുത്തി 1662155 രൂപ വകയിരുത്തി നിര്‍മ്മിച്ച അഞ്ചു കിണറുകള്‍ പൂര്‍ത്തീകരിച്ചു. 10 ലക്ഷം രൂപ ചെലവില്‍ അഞ്ച് കുളങ്ങള്‍ നിര്‍മ്മിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. തടവുകാരുടെ  സേവനം ഉപയോഗിച്ച് നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.

ഒരു കിലോവാട്ട് ശേഷിയുളള റൂഫ് ടോപ്പ് സൗരോര്‍ജ്ജ പ്ലാന്റിന്റെ നിര്‍മ്മാണം അനര്‍ട്ട് മുഖേന നടപ്പിലാക്കിയിട്ടുണ്ട്. ജയിലിലെ കുടിവെളളക്ഷാമം പരിഹരിക്കുന്നതിനും കൃഷി ആവശ്യമല്ലാത്ത വെളളം ലഭ്യമല്ലാത്ത ഇടങ്ങളില്‍ വെളളം എത്തിച്ച് കൃഷി നടത്താനും ലക്ഷ്യമിട്ട് 20 ലക്ഷം രൂപ ചെലവില്‍  ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുളള  ഓവര്‍ഹെഡ് ടാങ്കര്‍ നിര്‍മ്മിക്കുന്നതിനും പദ്ധതിയുണ്ട്.

കാര്‍ഷിക മേഖലയില്‍ സമ്പൂര്‍ണ്ണമായി സ്വയം പര്യാപ്തത കൈവരിക്കുന്നതിനുളള പദ്ധികള്‍ക്കാണ് ജയില്‍വകുപ്പ്  നേതൃത്വം നല്‍കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Cheemeni, Jail, Police, Agriculture, Kerala, Farming, Open Jail. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia