Sericulture | പട്ടുനൂല്‍ കൃഷി: കര്‍ഷകര്‍ക്ക് ലാഭകരമായ ബിസിനസ്; സര്‍കാര്‍ സബ്‌സിഡിയോടെ തുടങ്ങാം
*ഒരു ഏകറില്‍ 200 പുഴുക്കള്‍ വരെയും വര്‍ഷത്തില്‍ അഞ്ചുതവണയും കൃഷിചെയ്യാം
*മഴക്കാലത്ത് വെള്ളം നനയാതെ ഇല കൊടുക്കുകയെന്നത് വളരെ പ്രധാനം
*കരുതലോടെ പരിചരിച്ചില്ലെങ്കില്‍ പുഴുക്കള്‍ക്ക് രോഗംവന്ന് നഷ്ടസാധ്യത ഏറെ
പാലക്കാട്: (KasargodVartha) കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം മൂലം കാര്‍ഷിക കേരളം വലിയ ആശങ്കയിലാണ്. കടുത്ത ചൂടും, ജല ദൗര്‍ലഭ്യവും എല്ലാം നമ്മുടെ വിളകളുടെ ആരോഗ്യത്തെയും അതുപോലെതന്നെ ഉല്പാദനത്തെയും കാര്യമായി ബാധിക്കുന്നു. അത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കാര്‍ഷിക രംഗത്ത് ഒരു പുത്തന്‍ പ്രതീക്ഷയാണ് പട്ടുനൂല്‍ കൃഷി.
കാരണം സര്‍കാര്‍ ആനുകൂല്യങ്ങളോടെ ചെയ്യാവുന്ന രാജ്യത്ത് എന്നും അംഗീകാരമുള്ള കൃഷിയും വ്യവസായവുമാണ് പട്ടുനൂല്‍. കേന്ദ്ര സില്‍ക് ബോര്‍ഡിന്റെയും വിവിധ സംസ്ഥാന സര്‍കാറുകളുടെയും ധന സഹായത്തോടെ പട്ടുനൂല്‍ കൃഷി ലാഭകരമായി ചെയ്യാം. മള്‍ബറി കൃഷി, പുഴുവിനെ വളര്‍ത്താനുള്ള ഉപകരണങ്ങള്‍ വാങ്ങല്‍, ഷെഡ് നിര്‍മാണം, ജലസേചനം എന്നിവക്കായി കേന്ദ്ര സര്‍കാര്‍ പദ്ധതിയുടെ 50 ശതമാനവും സംസ്ഥാന സര്‍കാര്‍ 25 ശതമാനവും സബ്‌സിഡി നല്‍കും. 25 ശതമാനം സ്വന്തമായി മുടക്കണം.
കൃഷിക്ക് ആവശ്യമായ മുട്ടകള്‍ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ കൊണ്ടുവരുന്നത്. മുട്ട വിരിയിക്കല്‍ 50 മുട്ടകള്‍വീതം ട്രേയില്‍ പരത്തി മുകളില്‍ ബടര്‍ പേപര്‍ കൊണ്ട് മൂടണം. ശേഷം കറുത്ത തുണിയിലോ പേപറിലോ പൊതിഞ്ഞുവെക്കണം. മുട്ട ലഭിക്കുന്ന പാകറ്റില്‍ വിരിയുന്ന ദിവസത്തിന്റെ സമയം ഉണ്ടാവും. വിരിയുന്ന ദിവസത്തിന് രണ്ടു ദിവസം മുമ്പേയാണ് മുട്ട വിരിയിപ്പിക്കാന്‍ വെക്കുക. മുട്ട വിരിഞ്ഞ ശേഷം അടിയില്‍ നെറ്റ് വിരിച്ച് മറ്റൊരു വലിയ ട്രേയിലേക്ക് പുഴുക്കളെ മാറ്റി മള്‍ബറി ഇലകള്‍ ചെറുതായി അരിഞ്ഞ് രണ്ടര ദിവസം രാവിലെയും വൈകുന്നേരവും ഭക്ഷണമായി നല്‍കാം.
രണ്ടുഘട്ടം ട്രേയില്‍ വളര്‍ത്തി കഴിഞ്ഞാല്‍ ഷെഡില്‍ സജ്ജീകരിച്ച വലിയ സ്റ്റാന്‍ഡിലേക്ക് പുഴുക്കളെ മാറ്റാം. ആവശ്യമായ മള്‍ബറി ഇലകളും തണ്ടും ഭക്ഷണമായി നല്‍കണം. കൃഷിയുടെ അഞ്ചാം ഘട്ടത്തില്‍ അഞ്ചര മുതല്‍ ഏഴുദിവസം വരെ തുടര്‍ച്ചയായി തീറ്റ കൊടുക്കണം. ഇതിനുശേഷം പുഴുക്കള്‍ തീറ്റ നിര്‍ത്തി കൊകൂണ്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങും. ഈ ഘട്ടത്തില്‍ ഇവ തലയുയര്‍ത്തി അനുയോജ്യ സ്ഥലം പരതും. ഈ സമയത്ത് നെട്രികയെന്ന നെറ്റ് സ്റ്റാന്‍ഡില്‍ വെച്ചുകൊടുത്താല്‍ പുഴുക്കള്‍ ഇതിലേക്ക് കയറി നൂല്‍ നൂല്‍ക്കല്‍ ആരംഭിക്കും. പുഴുക്കള്‍ക്ക് ഉപദ്രവമാവുന്ന ഒന്നും ഈ വേളയില്‍ പാടില്ല. നാല് ദിവസങ്ങള്‍ക്ക് ശേഷം വില്‍പനക്കാവശ്യമായ കൊകൂണ്‍ ലഭിക്കും.
എന്നാല്‍ മഴക്കാലത്ത് വെള്ളം നനയാതെ ഇല കൊടുക്കുകയെന്നത് വളരെ പ്രധാനമാണ്. നനഞ്ഞ ഇല തീറ്റയായി കൊടുത്താല്‍ പുഴുക്കള്‍ കൊകൂണ്‍ ഉല്പാദിപ്പിക്കാതിരിക്കും. അത് കര്‍ഷകര്‍ക്ക് വലിയ നഷ്ടത്തിന് ഇടയാക്കും. പുഴുക്കളുടെ വളര്‍ച്ചയുടെ ഓരോഘട്ടത്തിലും വളര്‍ത്തു പുരയുടെ അകത്ത് ഊഷ്മാവും ഈര്‍പവും നിയന്ത്രിക്കുകയെന്നതും വെല്ലുവിളിയാണ്. കാരണം മള്‍ബറി ഇല വളരാന്‍ അന്തരീക്ഷ ഊഷ്മാവ് 25 മുതല്‍ 30 ഡിഗ്രി വരെ വേണം. മഴക്കാലത്ത് ഇലയുടെ ഗുണനിലവാരം കുറഞ്ഞ് വെള്ളത്തിന്റെ അംശം കൂടിയാല്‍ പുഴുക്കള്‍ മൂത്രം വിസര്‍ജിക്കുകയും ബെഡില്‍ പൂപല്‍ ഉണ്ടാകുകയും ചെയ്യും. ഇത് നിയന്ത്രിക്കാന്‍ രാസവളം നല്‍കാതെ ഫിഷ് അമിനോയും അമൃത ജലവും ഉപയോഗിച്ച് കൃഷി ചെയ്യാം. വളര്‍ത്തുപുരയിലെ തണുപ്പ് നിയന്ത്രിക്കാന്‍ റാകുകള്‍ക്ക് താഴെ അരയിഞ്ച് കനത്തില്‍ ചുണ്ണാമ്പ് വിതറിയും മണ്‍കലങ്ങളില്‍ ചെറിയ ദ്വാരമിട്ട് രാത്രി ചിരട്ടയും കല്‍ക്കരിയും ചൂടാക്കി വയ്ക്കുകയും ചെയ്യാം.
ഒരു ഏകറില്‍ 200 പുഴുക്കള്‍ വരെയും വര്‍ഷത്തില്‍ അഞ്ചുതവണയും കൃഷിചെയ്യാം. എന്നാല്‍ കരുതലോടെ പരിചരിച്ചില്ലെങ്കില്‍ പുഴുക്കള്‍ക്ക് രോഗംവന്ന് നഷ്ടസാധ്യത ഏറെയാണ്. കേരളത്തില്‍ ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളാണ് പട്ടുനൂല്‍ കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥാ പ്രദേശങ്ങള്‍. സ്വയം തൊഴിലായി ചെയ്യാവുന്ന ആദായകൃഷിയാണ്. സര്‍കാര്‍ സഹായം വിവരങ്ങള്‍ കലക്ട്രേറ്റുകളോടനുബന്ധിച്ചുള്ള ദാരിദ്യ ലഘൂകരണ വിഭാഗത്തില്‍നിന്ന് ലഭിച്ചേക്കും.