Policy | സൗദി അറേബ്യയില്‍ റോസ് കൃഷി മേഖലയില്‍ തൊഴില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നു
● ഇറക്കുമതിയും ഉയര്‍ന്ന വിലയും ഗുണനിലവാരമില്ലായ്മയും മറികടക്കാം.
● ടിഷ്യു കള്‍ചര്‍ വഴി തൈകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാം.
● റോസ് പ്രോജക്ടുകള്‍ സ്ഥാപിക്കുന്നതിന് കൃഷിഭൂമി.
റിയാദ്: (KasargodVartha) സൗദി അറേബ്യയില്‍ (Saudi Arabia) റോസ് കൃഷി (Rose Cultivation) മേഖലയില്‍ തൊഴില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതായി റിപ്പോര്‍ട്ട്. പ്രാദേശിക വിപണിയിലെ ആവശ്യം നിറവേറ്റുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഇനി റോസ് കൃഷിയില്‍ തൊഴില്‍ ചെയ്യാന്‍ മുന്‍ഗണന സ്വദേശികള്‍ക്കായിരിക്കും.
സൗദി റോസുകള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും മിഡില്‍ ഈസ്റ്റിലേക്കും കയറ്റുമതി ചെയ്യാനുള്ള സാധ്യതകള്‍ പരിശോധിക്കും. ഇതിലൂടെ ഇറക്കുമതി ചെയ്യുന്ന റോസുകളുടെ ഉയര്‍ന്ന വിലയും ഗുണനിലവാരക്കുറവും മറികടക്കുകയും ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.
കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള 'വിഷന്‍ 2030' ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ നടപടി. റോസാപ്പൂ കൃഷിക്ക് പരമാവധി പ്രോത്സാഹനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പരിസ്ഥിതി ജലം കൃഷി മന്ത്രാലയം വെളിപ്പെടുത്തി. റോസ് കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായവും മറ്റ് പ്രോത്സാഹനങ്ങളും നല്‍കുന്നു. റോസ് കൃഷിക്ക് അനുയോജ്യമായ കൃഷിഭൂമി കര്‍ഷകര്‍ക്ക് നല്‍കുന്നു. കാര്‍ഷിക വികസന ഫണ്ടില്‍ നിന്ന് റോസ് കൃഷി പ്രോജക്ടുകള്‍ക്ക് വായ്പ ലഭ്യമാണ്.
ടിഷ്യു കള്‍ച്ചര്‍ വഴി തൈകളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും ചെലവ് കുറയ്ക്കുകയും സമൃദ്ധമായ വിളവും ഉണ്ടാക്കുകയും ചെയ്യുന്നു. സൗദി അറേബ്യ റോസ് കൃഷി മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുകയും ഒരു പ്രധാന കയറ്റുമതി ഇനമാക്കി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
കൂടാതെ പ്രോത്സാഹജനകമായ വിലയില്‍ റോസ് പ്രോജക്ടുകള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ കൃഷിഭൂമി നല്‍കുകയും ചെയ്യുന്നുവെന്നും മന്ത്രാലയം പറഞ്ഞു. റോസാപ്പൂവിന്റെ താരതമ്യ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി ഈ മേഖലയില്‍ നിക്ഷേപ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ച് മന്ത്രാലയം വിശദീകരിച്ചു. റോസാപ്പൂക്കള്‍ക്കായി പ്രോജക്ടുകള്‍ സ്ഥാപിക്കുന്നതിന് കാര്‍ഷിക വികസന ഫണ്ടില്‍നിന്ന് വായ്പ നല്‍കുന്നു. പദ്ധതി ചെലവിന്റെ 70 ശതമാനമാണ് ഇങ്ങനെ വായ്പയായി നല്‍കുന്നത്.
#SaudiArabia #rosefarming #agriculture #middleeast #economy #jobcreation #export