Compensation | പെരിയാറിലെ മീന്‍കുരുതിയില്‍ 10 കോടിയിലേറെ രൂപയുടെ നാശമെന്ന് കണ്ടെത്തല്‍; കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഫിഷറീസ് വകുപ്പ് സര്‍കാരിന് റിപോര്‍ട് സമര്‍പിക്കും
*മീനിന്റെ ഗുണ നിലവാരം, അളവ് എന്നിവ അനുസരിച്ചായാണ് നഷ്ടപരിഹാരം തീരുമാനിക്കുന്നത്.
*കുഫോസ് നിയോഗിച്ച വിദഗ്ധ സമിതിയുടെ പരിശോധനയും തുടരുന്നു.
*മലിനീകരണ ബോര്‍ഡിന്റെ ഉന്നതയോഗം ചേര്‍ന്നശേഷം വിഷയത്തില്‍ സമഗ്രമായ കര്‍മ പദ്ധതി.
കൊച്ചി: (KasargodVartha) പെരിയാറില്‍ മീനുകള്‍ ചത്തുപൊങ്ങിയതില്‍ മീന്‍കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുളള ഫിഷറീസ് റിപോര്‍ട് വെള്ളിയാഴ്ച (24.05.2024) സര്‍കാരിന് കൈമാറും. പെരിയാറിനെ ആശ്രയിച്ച് കഴിയുന്ന മീന്‍ത്തൊഴിലാളികളുടെ തൊഴില്‍ നഷ്ടം കൂടി കണക്കിലെടുത്ത് മീന്‍കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും 10 കോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍.
മീനിന്റെ ഗുണ നിലവാരം, അളവ് എന്നിവ അനുസരിച്ചായാണ് നഷ്ടപരിഹാരം തീരുമാനിക്കുന്നത്. കുഫോസ് നിയോഗിച്ച വിദഗ്ധ സമിതിയുടെ പരിശോധനയും തുടരുകയാണ്. മീന്‍കുരുതിയുടെ ശാസ്ത്രീയ പരിശോധനയുടെ പ്രാഥമിക ഫലം കുഫോസ് ശനിയാഴ്ച (25.05.2024) റിപോര്‍ടായി നല്‍കും. പഞ്ചായതുകള്‍ കേന്ദ്രീകരിച്ച് മീന്‍കര്‍ഷകരുടെ നാശനഷ്ടം സംബന്ധിച്ച ഫിഷറീസ് വകുപ്പിന്റെ കണക്കെടുപ്പ് വെള്ളിയാഴ്ചയോടെ അവസാനിക്കും.
മീന്‍കര്‍ഷകര്‍, വ്യവസായ ശാലകള്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് അന്വേഷണത്തിന്റെ ഭാഗമായി ഫോര്‍ട് കൊച്ചി സബ് കളക്ടര്‍ വെള്ളിയാഴ്ച മൊഴിയെടുക്കും. ഇറിഗേഷന്‍, പിസിബി ഉദ്യോഗസ്ഥര്‍, പാതാളം ഷടര്‍ തുറക്കുന്നവര്‍ എന്നിവര്‍ എകോപനത്തോടെ മുന്നോട്ട് പോകണമെന്ന് വ്യവസായ മന്ത്രി പി രാജീവ് വിളിച്ച യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ ശനിയാഴ്ച റിപോര്‍ട് സമര്‍പിക്കാന്‍ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പെരിയാറിലെ മീന്‍കുരുതിക്ക് ഇടയാക്കിയ രാസമാലിന്യം സംബന്ധിച്ചുള്ള ആശങ്ക പരിസ്ഥിതി പ്രവര്‍ത്തകരുമായി വെള്ളിയാഴ്ച സബ് കലക്ടര്‍ കൂടിക്കാഴ്ച നടത്തും. മലിനീകരണ ബോര്‍ഡിന്റെ ഉന്നതയോഗം ചേര്‍ന്നശേഷം വിഷയത്തില്‍ സമഗ്രമായ കര്‍മ പദ്ധതി രൂപീകരിക്കാനും ആലോചനയുണ്ട്.
പാതാളം മുതല്‍ കൊച്ചിയുടെ കായല്‍ പരിസരമെല്ലാം മീനുകള്‍ ചത്തുപൊങ്ങിയ സംഭവത്തിന് ഇടയാക്കിയ രാസമാലിന്യം ഒഴുക്കിയതാരെന്നത് കണ്ടെത്താനായിട്ടില്ല. എടയാര്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് മുമ്പുളള ഏതോ ഫാക്ടറിയിലെ രാസമാലിന്യമാണ് പുഴയില്‍ കലര്‍ന്നെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോര്‍ട് കൊച്ചി സബ് കളക്ടറും മീന്‍കുരുതിയുടെ കാരണങ്ങള്‍ കണ്ടെത്തി ജില്ലാ കളക്ടര്‍ക് റിപോര്‍ട് നല്‍കും.