ബേര പാടശേഖരത്തിൽ കണ്ണീർ കൊയ്ത്ത്; മഴയിൽ നഷ്ടമായത് ലക്ഷങ്ങളുടെ നെൽകൃഷി
Jan 8, 2021, 19:42 IST
മധൂർ: (www.kasargodvartha.com 08.01.2021) ശ്രീബാഗിൽ ബേര പാടശേഖരത്ത് വ്യാഴാഴ്ച രാത്രിയിൽ ഉണ്ടായ കനത്ത മഴയിൽ 15 ഏക്കർ നെൽകൃഷി പൂർണമായും നശിച്ചു. പാടശേഖര കമ്മറ്റിക്കു കീഴിൽ ശ്രീബാഗിൽ മുളികണ്ടം സ്വദേശികളായ ബി എം അബ്ദുർ റഹ്‌മാൻ, സുലൈമാൻ, ഹമീദ്, അബ്ദുല്ല, ബേര സ്വദേശികളായ കൊറഗപ്പ, ഭട്ടിയപ്പ റൈ, ഷീന, മാറപ്പ ഷെട്ടി, ഭട്ടിയപ്പ ഷെട്ടി, യോഗീഷ്, കമല, കിട്ടണ്ണ ഷെട്ടി എന്നീ പത്തു പേർ ചേർന്ന് നടത്തിയ കൂട്ടനെൽ കൃഷിയാണ് നശിച്ചത്.
ഏതാണ്ട് അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മാസങ്ങൾക്ക് മുമ്പ് പെയ്ത മഴയിലും ഇവരുടെ കൃഷി ഇതേ പോലെ നശിച്ചിരുന്നു. ഇതിന്റെ നഷ്ട പരിഹാരം പോലും ലഭിച്ചിട്ടില്ലെന്ന് കർഷകനായ ബി എം അബ്ദുർ റഹ് മാൻ കാസർകോട് വാർത്തയോട് പറഞ്ഞു.
ഇപ്പോൾ രണ്ടാമത്തെ കൃഷിയും നഷിച്ചതോടെ കർഷകർ കടത്തിലായിരിക്കുകയാണ്. നെൽകൃഷി കഴിഞ്ഞാൽ വയലിൽ ഇവർ പച്ചക്കറി കൃഷിയും നടത്താറുണ്ടായിരുന്നു. വയലിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ പച്ചക്കറി കൃഷി നടത്താനും കഴിയാത്ത അവസ്ഥയിലാണ് കർഷകർ.
കൊറോണ ദുരിതത്തിനിടയിൽ മറ്റൊരു ആഘാതമായി കൃഷി നശിച്ചവർക്ക് ന്യായമായ നഷ്ട പരിഹാരം നൽകണമെന്നാണ് കർഷകർ പറയുന്നത്.
Keywords: Kerala, News, Kasaragod, Madhur, Agriculture, Farmer, Farming, Rain, Wheat, Rice, Rain destroys agricultural fields in Bera.