പുലരിയുടെ നാട്ടി കാർഷിക പാഠശാല ജൂലൈ അഞ്ചിന്; 500 വിദ്യാർഥികൾ വയലിൽ എത്തും
● എംപി രാജ്‌മോഹൻ ഉണ്ണിത്താൻ പരിപാടി ഉദ്ഘാടനം ചെയ്യും
● എംഎൽഎ കെ നീലകണ്ഠൻ പുലരി ഹരിതശ്രീ പുരസ്കാരങ്ങൾ വിതരണം ചെയ്യും
● 'നുരിയിട്ട് നന്മയ്ക്ക് കാവലായ്' പദ്ധതി സത്യനാരായണ ബലേരി ഉദ്ഘാടനം ചെയ്യും
● ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം ഫ്ലാഗ് ഓഫ് ചെയ്യും
● പുലരി വിത്താൾ, ഹരിതശ്രീ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു
കാസർകോട്: (KasargodVartha) തനത് കാർഷിക സംസ്കാരത്തിൻ്റെ അവശേഷിക്കുന്ന അടയാളങ്ങളായ നെൽവയലുകളെ സംരക്ഷിക്കാനും പുതുതലമുറയ്ക്ക് കൃഷിയുടെ അടിസ്ഥാനപാഠങ്ങൾ പകർന്നുനൽകാനും ലക്ഷ്യമിട്ട് പുലരി സംഘടിപ്പിക്കുന്ന 'നാട്ടി' കാർഷിക പാഠശാല 2026 ജൂലൈ 5 ഞായറാഴ്ച ഉദുമ–പള്ളിക്കര ഗ്രാമപഞ്ചായത്ത് പരിധിയിലെ അരവത്ത് മുക്കുണ്ട് വയലിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ 10 വർഷമായി സംഘടിപ്പിച്ചു വരുന്ന ഈ കാർഷികോത്സവം ജില്ലയിലെ ശ്രദ്ധേയമായ പരിസ്ഥിതി–കാർഷിക ബോധവത്കരണ പരിപാടികളിലൊന്നായി മാറിയിട്ടുണ്ട്.
വിദ്യാർഥികൾ വയലിൽ
മണ്ണും മനുഷ്യനുമായുള്ള അഭേദ്യമായ ബന്ധം പുതുതലമുറയ്ക്ക് അനുഭവത്തിലൂടെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 'നാട്ടി' കാർഷിക പാഠശാല സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി അഞ്ഞൂറോളം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കും. വയലിൽ നേരിട്ട് ഇറങ്ങി നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടാനും പരമ്പരാഗത കാർഷിക രീതികൾ മനസ്സിലാക്കാനും വിദ്യാർഥികൾക്ക് അവസരമൊരുക്കും.
ഉദ്ഘാടനവും പുരസ്കാര വിതരണവും
ഉദുമ–പള്ളിക്കര ഗ്രാമപഞ്ചായത്തുകളുടെയും ജൈവ വൈവിധ്യ പരിപാലന സമിതികളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ നടക്കുന്ന ചടങ്ങിൽ കാർഷിക പാഠശാലയുടെ ഉദ്ഘാടനവും പുലരി വിത്താൾ പുരസ്കാര വിതരണവും കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ നിർവഹിക്കും.
പരിസ്ഥിതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്ക് നൽകുന്ന പുലരി ഹരിതശ്രീ പുരസ്കാരങ്ങൾ ഉദുമ എംഎൽഎ കെ നീലകണ്ഠൻ വിതരണം ചെയ്യും.
രാവിലെ 10 മണിക്ക് നടക്കുന്ന ഘോഷയാത്രയും കാർഷിക കമ്പളവും കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം ഫ്ലാഗ് ഓഫ് ചെയ്യും.
നുരിയിട്ട് നന്മയ്ക്ക് കാവലായ്
പുലരിയുടെ തനത് നെൽവിത്ത് സംരക്ഷണ പദ്ധതിയായ "നുരിയിട്ട് നന്മയ്ക്ക് കാവലായ്" പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. നെൽവിത്ത് സംരക്ഷകനും പത്മശ്രീ ജേതാവുമായ സത്യനാരായണ ബലേരി കുട്ടികൾക്ക് വിത്തുകിഴികൾ വിതരണം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്യും.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ, കർഷകർ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കാർഷിക പൈതൃക സംരക്ഷണത്തിനും ജൈവ വൈവിധ്യ ബോധവത്കരണത്തിനും പുതുതലമുറയെ പങ്കാളികളാക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
പുലരി വിത്താൾ പുരസ്കാര ജേതാക്കൾ
ശിവാനന്ദ്, പുത്തിഗെ (നെൽകർഷകൻ)
കെ യമുന, കവ്വായി, കാഞ്ഞങ്ങാട്
ജീവനം ജൈവ വൈവിധ്യ സമിതി, കുറ്റിക്കോൽ
പുലരി ഹരിതശ്രീ പുരസ്കാര ജേതാക്കൾ
കെ ടി സന്തോഷ് കുമാർ (സർപ്പ ജില്ലാ കോർഡിനേറ്റർ)
ശ്യാകുമാർ പുറവങ്കര (പക്ഷിനിരീക്ഷകൻ, നാച്വറലിസ്റ്റ്)
രാജു കിടൂർ (നാച്വറലിസ്റ്റ്, അധ്യാപകൻ)
സി ആർ അശ്വഘോഷ് (ശലഭ ഗവേഷകൻ)
പി കെ മുകുന്ദൻ (പരിസ്ഥിതി പ്രവർത്തകൻ, ജില്ലാ ബിഎംസി കൺവീനർ)
വി എം അഖില (ജില്ലാ ജൈവ വൈവിധ്യ ബോർഡ് കോർഡിനേറ്റർ)
വാർത്താ സമ്മേളനത്തിൽ നാട്ടി കൺവീനർ എ.കെ ജയപ്രകാശ്, പുലരി ട്രഷറർ മോഹനൻ നന്ദനം, ആകാശ്, അക്ഷയ്, വേണുഗോപാലൻ അരവത്ത്, ജി വി വിവേക് എന്നിവർ പങ്കെടുത്തു.
കാർഷിക പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Pulari's 'Naatti' Krishi Padashala, an agricultural awareness program, will be held on July 5, 2026, at Aravathu Mukkund paddy field, featuring 500 students and the distribution of Vitthaal and Harithashree awards.
#KasaragodNews #AgricultureAwareness #KrishiPadashala #Pulari #NatureConservation #KeralaNews #RenuNews






