Papaya | അഴകും ആരോഗ്യവും നല്‍കുന്ന രുചിയുള്ള ഫലമാണ് പപ്പായ; അധികമായാല്‍ അമൃതും വിഷമാണ്, അതുകൊണ്ട് ഇവയ്ക്ക് നിയന്ത്രണം വേണം
തിരുവനന്തപുരം: (www.kvartha.com) പപ്പായ അല്ലെങ്കില്‍ ഓമയ്ക്കാ നാട്ടുരാജാവാണ്. ലോകത്തിലെല്ലായിടത്തും വിവിധ തരം പപ്പായകള്‍ സുലഭമാണ്. ആരോഗ്യവും ആഴകും വര്‍ദ്ധിപ്പിക്കാന്‍ അത്യുത്തമമാണ്. പ്രാചീന കാലം മുതല്‍ സൗന്ദര്യ വര്‍ധക വസ്തുവായും ഔഷധമായും പപ്പായ ഫലം ഉപയോഗിക്കുന്നു. പപ്പായ ചെടിയുടെ തളിരിലയും ഔഷധമാണ്. ദഹന മലബന്ധ സംബന്ധമായ പ്രശ്നങ്ങള്‍ക്കും ,തീപ്പൊള്ളലേറ്റ വ്രണങ്ങള്‍ ശമിക്കുന്നതിനും പപ്പായ അത്യുതമമാണ്.
വലിയ രീതിയില്‍ പരിചരിച്ചില്ലെങ്കിലും കൂടുതല്‍ ഫലം നല്‍കുന്ന വിളയാണ് പപ്പായ. വര്‍ഷം മുഴുവന്‍ പപ്പായ കായ്ക്കും. വിറ്റാമിന്‍ സിയാണ് പപ്പായയില്‍ മുഖ്യമായി അടങ്ങിയിരിക്കുന്നത്. ഒപ്പം വിറ്റാമിന്‍ എ, ഇ, കെ, ബിയും ഉണ്ട്. കൂടാതെ ഫൈബര്‍, കാത്സ്യം, മഗ്നീഷ്യം, പൊടാസ്യം, കോപര്‍ എന്നീ ധാതുക്കളും ധാരാളം മിനറല്‍സും ഈ ഫലത്തില്‍ അടങ്ങിയിട്ടുണ്ട്. നല്ല മണവും സ്വാദുമുള്ള പഴുത്ത് പാകമായ പപ്പായ ചര്‍മ സൗന്ദര്യത്തിനും ഉപയോഗിക്കുന്നു. പോഷക സമൃദ്ധമായ പപ്പായ രക്തചംക്രമണത്തെ മികച്ചതാക്കുന്നു.
വന്‍കുടലിലെ കാന്‍സറിനെ തടയുകയും ചെയ്യുന്നു. പപ്പായയിലടങ്ങിയിരിക്കുന്ന അസെറ്റോജെനിന്‍ എന്ന ഘടകമാണ് ഡെങ്കിപ്പനി, ക്യാന്‍സര്‍, മലേറിയ എന്നിവയെ പ്രതിരോധിക്കുന്നത്. ആര്‍ടീരിയോസ്‌ക്‌ളീറോസിസ്, പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോള്‍ എന്നിവയെ നിയന്ത്രിക്കാന്‍ പപ്പായ എന്ന ഫലത്തിന് കഴിയും.
കപ്പളങ്ങ, കര്‍മൂസ, ഓമക്കാ എന്നീ പലപേരുകളിലും അറിയപ്പെടുന്ന പപ്പായ പോഷക മൂല്യങ്ങളുടെയും സ്വാദിന്റെയും കാര്യത്തില്‍ ഒട്ടും പിറകിലല്ല. ഇതിലടങ്ങിയിട്ടുള്ള ജീവകം റിബോഫ്‌ളാവിന്‍, അസ്‌കോര്‍ബിക്ക് ആസിഡ് എന്നിവയുടെ കാര്യത്തില്‍ മാമ്പഴത്തിനെയും വാഴപ്പഴത്തിനെയും പിന്തള്ളും. ജീവകങ്ങള്‍, ധാധുലവണങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് പപ്പായ. പഴുത്ത പപ്പായയുടെ ഉപയോഗം കരളിന്റെയും പ്ലീഹയുടെയും വീക്കത്തെ ശമിപ്പിക്കുന്നു. ആവിയില്‍ വെച്ച് നന്നായി വേവിച്ചെടുക്കുന്ന ഇല ഇലക്കറിയായിട്ട് ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തരോഗികള്‍ക്കും മൂത്രാശയരോഗികള്‍ക്കും വളരെ നല്ലതാണ്.
കൃമിശല്യം, വയറു വേദന, പനി എന്നീ അവസ്ഥകളിലും ഉപയോഗിക്കാവുന്നതാണ്. ഫെബ്രുവരി, മാര്‍ച് മാസങ്ങളിലാണ് പപ്പായ തൈകള്‍ മുളപ്പിക്കാന്‍ പറ്റിയ സമയം. ചെറിയ പോളിതീന്‍ ബാഗുകളില്‍ വിത്ത് പാകാവുന്നതാണ്. മണലും, കാലിവളവും വൃത്തിയാക്കിയ മണ്ണും ചേര്‍ത്തിളക്കി നിറച്ച് തയ്യാറാക്കിയ ബാഗുകളില്‍ പപ്പായ വിത്ത് അഞ്ചു സെന്റിമീറ്റര്‍ താഴ്ചയില്‍ കുഴിച്ചു വയ്ക്കുക. തൈകള്‍ ആവശ്യാനുസരണം നനച്ചു കൊടുക്കണം. ഒരേക്കറില്‍ ഏകദേശം 1000 മുതല്‍ 1200 വരെ ചെടികള്‍ നടാവുന്നതാണ്.
രണ്ടു മാസം പ്രായമായ തൈകള്‍ മാറ്റി നടാവുന്നതാണ്. മെയ്, ജൂണ്‍ മാസങ്ങളില്‍ മാറ്റി നടുന്നതാണ് ഉത്തമം. രണ്ടു മീറ്റര്‍ അകലത്തില്‍ അര മീറ്റര്‍ സമചതുരത്തില്‍ തയ്യാറാക്കിയ കുഴികളില്‍ മേല്‍മണ്ണും ജൈവവളവും കൂട്ടിയിളക്കിയ നടീല്‍ മിശ്രിതത്തില്‍ വേരുകള്‍ പൊട്ടാതെ മാറ്റിനടണം. ജൈവവളം ചേര്‍ക്കുക. ചാണകമോ കമ്പോസ്റ്റോ പത്തുകിലോഗ്രം ഒന്നരമാസത്തെ ഇടവേളയില്‍ നല്‍കണം. കുറച്ചു കുമ്മായം ഇതിന്റെ കൂടെ ചേര്‍ക്കുന്നത് അമ്ലഗുണം കുറക്കാന്‍ സഹായിക്കും. രാസവളമായി 100 ഗ്രാം വീതം യൂറിയയും പൊട്ടാഷും 200 ഗ്രാം എല്ലുപൊടിയും ചേര്‍ത്തുകൊടുക്കുന്നത് ഉത്പാദനം കൂട്ടും.
ചെടികളുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കാതെ നോക്കേണ്ടതും കളകള്‍ മറ്റെണ്ടതും അത്യാവശ്യമാണ്. പൂവിട്ടു തുടങ്ങുമ്പോള്‍ ആണ്‍ചെടികള്‍ ഉണ്ടെങ്കില്‍ പറിച്ചുമാറ്റേണ്ടതാണ്. ചില അവസ്ഥകളില്‍ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണ്. രക്ത സമര്‍ദത്തിന് മരുന്ന് കഴിക്കുന്നവര്‍ ഒരു കാരണ വശാലും പപ്പായ അതിനൊപ്പം കഴിക്കരുത്. കാരണം രക്ത സമര്‍ദം ക്രമാതീതമായി കുറച്ചു ആരോഗ്യത്തിനെ സാരമായി ബാധിക്കും
മരണം വരെ സംഭവിക്കാവുന്ന ഒരു അവസ്ഥയാണിത്. അത് പോലെ പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷി കുറയ്ക്കുന്ന ഒരു പഴം ആണ് പപ്പായ. ബീജത്തിന്റെ അളവിനെയും ചലനത്തെയും ഇത് സാരമായി ബാധിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ പപ്പായ കഴിക്കുന്നത് മൂലം അബോര്‍ഷന്‍ സംഭവിക്കാന്‍ സാധ്യത ഉണ്ട്. അധികമായി പപ്പായ കഴിക്കുന്നത് അന്ന നാളത്തിനു തടസം ഉണ്ടാകുന്നതിനാല്‍ പപ്പായ കഴിക്കുന്നതില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. അധികമായാല്‍ അമൃതും വിഷമാണ്, അതുകൊണ്ട് പപ്പായ കഴിക്കാന്‍ നിയന്ത്രണം വേണം.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Papaya, Beauty, Health, Agriculture, Papaya is a tasty fruit that gives beauty and health.