Initiative | തെങ്ങിന് തടം, മണ്ണിന് ജലം: കാസർകോട് ജലസംരക്ഷണ പദ്ധതിക്ക് തുടക്കം
● കാസർകോട് ജില്ലയിൽ പുതിയ ജലസംരക്ഷണ പദ്ധതി.
● തെങ്ങിന് ചുറ്റും തടം കുഴിച്ച് മണ്ണിലെ ഈർപ്പം നിലനിർത്തും.
● വരൾച്ച ബാധിക്കുന്ന പ്രദേശങ്ങൾക്ക് പരിഹാരം.
ബേഡഡുക്ക: (KasargodVartha) കാസർകോട് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിൽ 'തെങ്ങിന് തടം, മണ്ണിന് ജലം' എന്ന ജനകീയ ജലസംരക്ഷണ പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
ബേഡകം തെങ്ങുകളുടെ വിത്തു ശേഖരണ തോട്ടത്തിലാണ് ഉദ്ഘാടനം നടന്നത്. വരൾച്ച ബാധിക്കുന്ന പ്രദേശമായ കാസർകോട് ജില്ലയിൽ ഭൂഗർഭജലം കുറയുന്നത് ഗുരുതര പ്രശ്‌നമാണ്. ഈ സാഹചര്യത്തിൽ, തെങ്ങിന് ചുറ്റും തടം കുഴിച്ചു മണ്ണിലെ ഈർപ്പം നിലനിർത്തുന്ന ഈ പദ്ധതി വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ധന്യ അധ്യക്ഷത വഹിച്ചു. നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ കെ. ബാലകൃഷ്ണൻ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. രമണി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. വരദ രാജ്, ബി.എം.സി കൺവീനർ കെ. ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ലത്വ ഗോപി സ്വാഗതവും ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ പി.കെ. ലോഹിതാക്ഷൻ നന്ദിയും പറഞ്ഞു.