Pig Farming | കൂടുതല്‍ പന്നി കുഞ്ഞുങ്ങളെ ലഭിക്കാന്‍ പഠിക്കാം ശാസ്ത്രീയ വശങ്ങള്‍

കുറഞ്ഞ സമയംകൊണ്ട് ഒരു പന്നിയില്‍നിന്ന് പരമാവധി കുട്ടികളെ ഉല്‍പാദിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.
ഒരു പന്നിയില്‍നിന്ന് ഒരു വര്‍ഷത്തില്‍ 30 എണ്ണത്തിനെ ഇറച്ചിക്കായി ഉല്‍പാദിപ്പിക്കാന്‍ കഴിയണം.
ചുരുക്കത്തില്‍ ഒരു പ്രസവത്തില്‍ ശരാശരി 15 കുഞ്ഞുങ്ങളെ ലഭിക്കണം.
കൊച്ചി: (KasargodVartha) ഏറ്റവുമധികം ഉപഭോഗമുള്ള മാംസങ്ങളിലൊന്നാണ് പന്നിയിറച്ചി. ആഹാരത്തിനായുള്ള പന്നിവളര്‍ത്തല്‍ ലാഭകരമാകണമെങ്കില്‍ പന്നികള്‍ സാമ്പത്തികപ്രാധാന്യമുള്ള ഗുണങ്ങള്‍ ഉള്ളവയും അത്തരം ഗുണങ്ങള്‍ പാരമ്പര്യമായി കൈമാറുന്നവയുമായിരിക്കണം. എന്നാല്‍, ആഫ്രികന്‍ പന്നിപ്പനി പോലുള്ള രോഗങ്ങള്‍ പന്നിവളര്‍ത്തല്‍ മേഖലയെ ഇടയ്ക്ക് പ്രതിസന്ധിയിലാക്കുന്നതിനാല്‍ കേരളത്തില്‍ത്തന്നെ ഉപഭോഗത്തിന് അനുസരിച്ചുള്ള പന്നിവളര്‍ത്തല്‍ ഇവിടെ നടക്കുന്നില്ലെന്നുള്ളതാണ് വസ്തുത.
ഇന്‍ഡ്യയില്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളം ഉള്‍പെടെയുള്ള ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലുമാണ് പോര്‍ക് അഥവാ പന്നിയിറച്ചി ഉപഭോഗം കൂടുതലുള്ളത്. കേരളത്തില്‍ പന്നിപ്പനി മൂലം ഫാമുകള്‍ നിന്നുപോയതും ഇതര സംസ്ഥാനങ്ങളിലെ പന്നികള്‍ക്ക് വില ഉയര്‍ന്നതും പന്നി വളര്‍ത്തല്‍ മേഖലയെ തളര്‍ത്തിയെങ്കിലും സാമ്പത്തികനേട്ടം വലുതായതിനാല്‍ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്.
കാരണം, പന്നിയിറച്ചിക്ക് 400 രൂപ വില വന്നതും ജീവനോടെയുള്ള പന്നിക്ക് കിലോയ്ക്ക് 200 രൂപ വരെ വില വന്നതും കര്‍ഷകര്‍ക്ക് ഈ മേഖലയില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. അതുകൊണ്ടുതന്നെ ഇറച്ചിക്കെന്നപോലെ കുഞ്ഞുങ്ങള്‍ക്കും വില ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ശാസ്ത്രീയ പന്നിവളര്‍ത്തല്‍ രീതി പഠിച്ചിരിക്കുന്നത് പന്നിവളര്‍ത്തല്‍ കഷര്‍കര്‍ക്ക് ഉപകരിക്കുന്നതാണ്.
പന്നിക്കര്‍ഷകനെ സംബന്ധിച്ചിടത്തോളം കുറഞ്ഞ സമയംകൊണ്ട് ഒരു പന്നിയില്‍നിന്ന് പരമാവധി കുട്ടികളെ ഉല്‍പാദിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. അതുകൊണ്ടുതന്നെ ഒരു വര്‍ഷത്തില്‍ 30 പന്നികളെ ഇറച്ചിക്കായി ഒരു പന്നിയില്‍നിന്ന് ഉല്‍പാദിപ്പിക്കാന്‍ കഴിയണം. ചുരുക്കത്തില്‍ ഒരു പ്രസവത്തില്‍ ശരാശരി 15 കുഞ്ഞുങ്ങളെ ലഭിക്കണം.
എല്ലാ ഗുണമേന്മയും ഒരുപോലെ ഒരു ഇനത്തില്‍ ലഭിക്കില്ല എന്നതിനാല്‍ ആവശ്യമായ എല്ലാ ഗുണങ്ങളും സംയോജിപ്പിക്കാന്‍ വര്‍ഗസങ്കരണത്തിലൂടെ കഴിയും. മൂന്നോ അതിലധികമോ ഇനങ്ങളുടെ സങ്കര ഇനങ്ങളാണ് ഇന്ന് വ്യാപകമായി ഈ മേഖലയില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇന്‍ഡ്യയില്‍ ലാര്‍ജ് വൈറ്റ് യോര്‍ക്ഷെയര്‍, ലാന്‍ഡ്റേസ്, ഡ്യുറോക് എന്നീ ഇനങ്ങളെ സംയോജിപ്പിച്ച് ത്രീ വേ ക്രോസിങ്ങ് എന്ന രീതിയിലാണ് കുട്ടികളെ ഉല്‍പാദിപ്പിക്കുക. ലാര്‍ജ് വൈറ്റ് യോര്‍ക്ഷെയര്‍, ലാന്‍ഡ്റേസ് എന്നീ ഇനങ്ങളെ തമ്മില്‍ ക്രോസ് ചെയ്ത് ജനിക്കുന്ന പെണ്‍കുട്ടികളെ ഡ്യുറോകുമായി ക്രോസ് ചെയ്ത് ജനിക്കുന്ന കുട്ടികളെ ഇറച്ചിപ്പന്നിയായി വളര്‍ത്തുന്ന രീതിയാണ് ത്രീ വേ ക്രോസിങ്ങിലൂടെ ഉരുത്തിരിച്ചെടുത്തിരിക്കുന്നത്. മാതൃഗുണം കൂടുതലുള്ള ഇനങ്ങളാണ് ലാര്‍ജ് വൈറ്റ് യോര്‍ക്ഷെയര്‍, ലാന്‍ഡ്റേസ് എന്നിവ. മികച്ച ഇറച്ചിപ്പന്നിയാണ് ഡ്യുറോക്. അതുകൊണ്ടുതന്നെ മികച്ച വളര്‍ച്ചയും ഇറച്ചിയുമുള്ള കുട്ടികളായിരിക്കും ഇതിലൂടെ ലഭിക്കുക.
കുറഞ്ഞ തീറ്റയില്‍ പെട്ടെന്ന് വളരുക എന്നതായിരിക്കണം ഇറച്ചിക്കായി വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. അതായത് തീറ്റ പരിവര്‍ത്തനശേഷി മികച്ചതാവുക. ഒപ്പം കുറഞ്ഞ കാലംകൊണ്ട് ഇറച്ചിപ്പന്നിയായി മാറുക. വിപണിയില്‍ വില്‍ക്കുമ്പോള്‍ മികച്ച വില ലഭിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് താല്‍പര്യമുള്ള രീതിയിലുള്ള ഇറച്ചിയായിരിക്കണം നല്‍കേണ്ടത്.
ആരോഗ്യത്തില്‍ ഏറെ ശ്രദ്ധിക്കുന്നവരാണ് ഉപഭോക്താക്കള്‍ എന്നതുകൊണ്ടുതന്നെ കൊഴുപ്പ് കുറഞ്ഞ മാംസം വിപണിയില്‍ എത്തിക്കുക എന്നതായിരിക്കണം ഓരോ കര്‍ഷകന്റെയും ദൗത്യം. കൊഴുപ്പ് കൂടുതലുള്ള പന്നികള്‍ക്ക് കൊഴുപ്പ് കൂടുതലുള്ള കുട്ടികളായിരിക്കും ഉണ്ടാവുക. അതുകൊണ്ടുതന്നെ നീളം കൂടിയും കൊഴുപ്പു കുറഞ്ഞതുമായ പന്നികളെയായിരിക്കണം വളര്‍ത്താനായി തിരഞ്ഞെടുക്കേണ്ടത്.
പന്നിയിറച്ചിയെ സംബന്ധിച്ചിടത്തോളം ഒരു നേട്ടമെന്ന് പറയുന്നത് ഇറച്ചിക്ക് പുറത്താണ് അതിന്റെ കൊഴുപ്പ്. അതുകൊണ്ടുതന്നെ കൊഴുപ്പ് നീക്കം ചെയ്താല്‍ കോഴിയിറച്ചിക്ക് സമമെന്ന് പറയാം. കൊഴുപ്പ് കുറഞ്ഞ പന്നിയാണെങ്കില്‍ ഉള്ളിറച്ചി കൂടുതലായിരിക്കും. അതിനാല്‍ അത്തരം മേന്മകളുള്ള മാതൃപിതൃ പന്നികളെ തിരഞ്ഞെടുക്കണം.
കുട്ടികളെ ഉല്‍പാദിപ്പിക്കുന്ന കഴിവ് ജനിതകമായി കൈമാറ്റം ചെയ്യപ്പെടാറില്ല. അതേസമയം, ശരീരഘടനയുമായി ബന്ധപ്പെട്ടിട്ടുള്ള ശരീര നീളം, കുറഞ്ഞ കൊഴുപ്പ്, കൂടുതല്‍ ഉള്ളിറച്ചി എന്നിവയെല്ലാം ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്നവയാണ്. അതുകൊണ്ടുതന്നെ നല്ല അച്ഛനെയും അമ്മയെയും തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഇറച്ചിയുടെ ഗുണമേന്മ മെച്ചപ്പെടുത്താന്‍ കഴിയും. അതുപോലെ ഒരു പരിധിവരെ വളര്‍ച്ചനിരക്കും തീറ്റ പരിവര്‍ത്തനശേഷിയും ഈ സെലക്ഷനിലൂടെ കൈമാറ്റം ചെയ്ത് ലഭിക്കും.
കൂടുതല്‍ കുട്ടികള്‍ ജനിക്കണം, വേഗത്തില്‍ ഗര്‍ഭം ധരിക്കണം, അമ്മപന്നിക്ക് പാലുണ്ടാകണം, കുട്ടികളെ പെട്ടെന്ന് അമ്മയില്‍നിന്ന് മാറ്റാന്‍ കഴിയണം, കുട്ടികളുടെ തൂക്കം കൂടുതലായിരിക്കണം ഇത്തരത്തില്‍ പലതും ചേര്‍ന്നിട്ടുള്ള ഒരു ഫലം ആയിരിക്കണം ഒരു ബ്രീഡര്‍ ഫാമില്‍ ഉണ്ടാകേണ്ടത്.
പ്രജനനത്തിനുവേണ്ടി പന്നികളെ തിരഞ്ഞെടുക്കുമ്പോള്‍ ഇവയുടെ ശാരീരികഗുണങ്ങള്‍ മനസ്സിലാക്കിയിരിക്കണം. ഒരു പന്നിയെ നോക്കിയെടുക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
$ ഒരു വശം നോക്കുമ്പോള്‍: ബാലന്‍സ്, ശരീരത്തിന്റെ നീളം, ഉയരം, ഹാം വളര്‍ച്ച, കാലിന്റെ ബലം, നടത്തം, അതാതു ജനുസ്സിന്റെ ഗുണങ്ങള്‍ എന്നിവ ശ്രദ്ധിക്കണം.
$ പിറകുവശം: പിന്‍കാലിന്റെ നില്‍പ്പ്, ഹാം വളര്‍ച്ച, ലോയിന്‍, വീതി എന്നിവ.
$ മുന്‍വശം: തലയെടുപ്പ്, തോളിന്‍രെ ഭാഗം, മുന്‍കൈയുടെ നില്‍പ്പ്, മുഖം എന്നിവ.
തുടക്കത്തില്‍ പ്രജനനത്തിനുപയോഗിക്കുന്നതും പിന്നീട് ഒഴിവാക്കുന്നതിനുപകരം എടുക്കുന്നതും നല്ല ഗുണമേന്മയുള്ളതുമായിരിക്കണം. ഉയര്‍ന്ന വളര്‍ച്ചാനിരക്ക് തീറ്റ പരിവര്‍ത്തനശേഷി, മാതൃഗുണം, പ്രത്യുല്‍പാദനക്ഷമത, രോഗപ്രതിരോധശേഷി എന്നീ ഗുണങ്ങളാണ് സാധാരണയായി നോക്കുന്നത്.