വിയർപ്പിൻ്റെ വില നൽകി ഉദ്യോഗസ്ഥർ; വിൽക്കാനെത്തിയ കർഷകൻ്റെ ചേമ്പ് മുഴുവൻ കൃഷി ഭവൻ ജീവനക്കാർ വാങ്ങി
● നിരാശനായ കർഷകൻ നേരെ ബളാൽ കൃഷി ഭവൻ ഓഫീസിലേക്ക് എത്തുകയായിരുന്നു.
● അസി. കൃഷി ഓഫീസർ ശ്രീജയുടെയും ജീവനക്കാരി നളിനിയുടെയും ഇടപെടലിൽ വിൽപ്പന ആരംഭിച്ചു.
● പഞ്ചായത്ത് സെക്രട്ടറി ചുമതല വഹിക്കുന്ന മധു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചേമ്പ് വാങ്ങി.
● 60 വയസ്സ് കഴിഞ്ഞ തമ്പാന് സ്വന്തമായി 10 സെൻ്റ് ഭൂമി മാത്രമാണുള്ളത്.
● രണ്ട് ഏക്കർ പാട്ട ഭൂമിയിൽ ചേമ്പ്, കാച്ചിൽ, ചേന, പയർ, വെണ്ട, വാഴ എന്നിവയും തമ്പാൻ കൃഷി ചെയ്യുന്നു.
-സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) അരിങ്കല്ല് ഉന്നതിയിലെ കർഷകൻ തമ്പാൻ വിളയിച്ച 15 കിലോ ചേമ്പ് പഞ്ചായത്തിലെയും കൃഷി ഓഫീസിലെയും ജീവനക്കാർക്ക് സ്വന്തമായി. തിങ്കളാഴ്ച രാവിലെയാണ് ബളാൽ കൃഷി ഭവൻ ഓഫീസിൽ ഒരു കർഷകൻ്റെ വിയർപ്പിന് ജീവനക്കാർ വില നൽകി മാതൃകയായത്. കാലാവസ്ഥയെയും കാട്ടു മൃഗങ്ങളെയും അതിജീവിച്ച് ചേമ്പ് കൃഷിയിൽ നൂറ് മേനി വിളയിച്ച കർഷകനാണ് താഴത്ത് വീട്ടിൽ തമ്പാൻ. 15 കിലോ ചേമ്പ് വിൽക്കാനായി അരിങ്കല്ല് ഉന്നതിയിൽ നിന്നും ബളാൽ ടൗണിലേക്ക് വന്നതായിരുന്നു അദ്ദേഹം.
എന്നാൽ കടക്കാർ ആരും തന്നെ ഈ ചേമ്പ് നല്ല വില കൊടുത്ത് സ്വീകരിക്കാൻ തയ്യാറായില്ല. ഫലമായി, നിരാശനായ തമ്പാൻ നേരെ കൃഷി ഭവൻ ലക്ഷ്യമാക്കിയാണ് എത്തിയത്. തമ്പാൻ്റെ വിഷമം മനസ്സിലാക്കിയ അസി. കൃഷി ഓഫീസർ ശ്രീജ ഉടൻ തന്നെ ജീവനക്കാരി നളിനിയോട് ചേമ്പിൻ്റെ തൂക്കം കൃത്യതപ്പെടുത്താൻ ആവശ്യപ്പെട്ടു. നളിനി ഈ വിവരം പഞ്ചായത്തിലെ മറ്റ് സ്ത്രീ ജീവനക്കാരോടും അറിയിച്ചു.
ഉദ്യോഗസ്ഥർ താങ്ങായി
കൃഷി ഓഫീസിൽ വിൽപ്പനയ്ക്ക് വെച്ച ചേമ്പ് വാങ്ങാൻ സെക്രട്ടറിയുടെ അനുവാദം തേടി എത്തിയ ജീവനക്കാരോട്, എന്നാൽ തനിക്ക് കൂടി രണ്ട് കിലോ വാങ്ങാൻ ആവശ്യപ്പെട്ട സെക്രട്ടറി ചുമതല വഹിക്കുന്ന മധുവും ഉന്നതിയിലെ കർഷകന് താങ്ങായി. ഇതോടെ താൻ വിളയിച്ച ചേമ്പ് വാങ്ങി പൈസ തരണം എന്ന അഭ്യർത്ഥനയുമായി കൃഷി ഓഫീസിൽ എത്തിയ തമ്പാൻ എന്ന കർഷകൻ്റെ മുഴുവൻ ചേമ്പും നിമിഷനേരം കൊണ്ട് ഉദ്യോഗസ്ഥർ തന്നെ സ്വന്തമാക്കുകയായിരുന്നു.
കിലോയ്ക്ക് 60 രൂപയാണ് കടയിൽ വിലയുള്ളതെന്നും 50 രൂപ തോതിലാണ് തന്നെ സഹായിച്ച ഉദ്യോഗസ്ഥർക്ക് ചേമ്പ് വില്പന നടത്തിയത് എന്നും തമ്പാൻ പറഞ്ഞു. 60 വയസ്സ് കഴിഞ്ഞ തമ്പാന് സ്വന്തമായി 10 സെൻ്റ് ഭൂമി മാത്രമാണുള്ളത്. വീടിനോട് ചേർന്ന് രണ്ട് ഏക്കർ പാട്ട ഭൂമിയിൽ ആണ് തമ്പാൻ കാർഷിക കേരളത്തിന് തന്നെ മാതൃക സൃഷ്ടിക്കുന്നത്. ചേമ്പ് കൂടാതെ കാച്ചിൽ, ചേന, പയർ, വെണ്ട, വാഴ എന്നിവയും ഈ വയോധികൻ കൃഷി ചെയ്യുന്നുണ്ട്.
ഈ കർഷകനോടുള്ള ഉദ്യോഗസ്ഥരുടെ സമീപനത്തെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? അഭിപ്രായം പങ്കുവെക്കുക.
Article Summary: Krishi Bhavan staff bought 15 Kg of yam from farmer Thampan, providing him a fair price.
#FarmerSupport #KrishiBhavan #Vellarikund #KeralaAgriculture #YamSale #GoodDeed






