city-gold-ad-for-blogger

നാടിനും പ്രകൃതിക്കും പച്ചപ്പായി കൊണ്ടേവൂർ ആശ്രമം; വംശനാശഭീഷണി നേരിടുന്ന കാസർകോടൻ കുള്ളൻ പശുക്കൾക്ക് അഭയകേന്ദ്രം

 Kondevoor Ashram in Uppala: A Sanctuary for Endangered Kasaragod Dwarf Cows and Nature Conservation
Image Credit: Screenshot of an Arranged Video

● രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ലാക്‌ടോഫെറിൻ അടങ്ങിയ ഔഷധഗുണമുള്ള പാലാണ് ഇവയുടേത്.
● ആശ്രമത്തിലെ ഔഷധ നിർമ്മാണത്തിനായി പാലും നെയ്യും ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്നു.
● പശുക്കൾക്കായി രണ്ടര ഏക്കറിൽ പച്ചപ്പുല്ല് കൃഷിയും ജൈവ പച്ചക്കറി തോട്ടവും ആശ്രമത്തിലുണ്ട്.
● നൂറിലധികം ഔഷധസസ്യങ്ങൾ വളർത്തുന്ന വിപുലമായ ഔഷധത്തോട്ടവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

- കുഞ്ഞിക്കണ്ണൻ മുട്ടത്ത്

ഉപ്പള: (KasargodVartha) പത്തോടിയിലെ കൊണ്ടേവൂർ നിത്യാനന്ദമഠം ആശ്രമം ഒരു ആത്മീയ കേന്ദ്രം മാത്രമല്ല, പ്രകൃതിയെയും നാടൻ ജൈവ പാരമ്പര്യത്തെയും സംരക്ഷിക്കുന്ന അപൂർവ മാതൃക കൂടിയായി മാറിയിരിക്കുകയാണ്.

വംശനാശഭീഷണി നേരിടുന്ന കാസർകോടൻ കുള്ളൻ പശുക്കളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിലൂടെയാണ് കൊണ്ടേവൂർ ആശ്രമം സംസ്ഥാനതലത്തിൽ പോലും ശ്രദ്ധേയമാകുന്നത്.

പ്രകൃതിയുടെ പച്ചപ്പിനിടയിൽ ശാന്തമായി ആശ്രമത്തിൽ കഴിയുന്നത് 132 കാസർകോടൻ കുള്ളൻ പശുക്കളാണ്.

മനുഷ്യരുടെ ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും പ്രകൃതി നശീകരണവും മൂലം ഇല്ലായ്മയുടെ വക്കിലെത്തിയ നാടൻ കുള്ളൻ പശു ഇനത്തിന് ഇവിടെ പുതുജീവനാണ് ലഭിച്ചിരിക്കുന്നത്.

കൊണ്ടേവൂർ ആശ്രമത്തിന് പുറമെ ബദിയടുക്ക പഞ്ചായത്തിലെ ബേള കുമാരമംഗലം ക്ഷേത്രത്തിനടുത്തായി മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ 2013-ൽ ആരംഭിച്ച കന്നുകാലി വളർത്തൽ കേന്ദ്രത്തിലും കാസർകോടൻ കുള്ളൻ പശുക്കളെ സംരക്ഷിച്ചുവരുന്നു. തുടക്കത്തിൽ 50 പശുക്കളുണ്ടായിരുന്ന കേന്ദ്രത്തിൽ ഇന്ന് 173 പശുക്കളാണ് ഉള്ളത്.

വംശനാശത്തിൻ്റെ വക്കിൽ നിന്ന് തിരിച്ചെത്തിയ നാടൻ ഇനം

ഒരുകാലത്ത് കാസർകോട്ടെ ഗ്രാമപ്രദേശങ്ങളിൽ സാധാരണ കാഴ്ചയായിരുന്നു. എന്നാൽ കാസർകോടൻ കുള്ളൻ ഇന്ന് അപൂർവ ഇനമായി മാറിയിരിക്കുകയാണ്. കുന്നിൻപുറങ്ങളിലും കാട്ടുപ്രദേശങ്ങളിലും സ്വതന്ത്രമായി മേഞ്ഞുനടന്നിരുന്ന ഈ പശുക്കൾക്ക് മനുഷ്യരുടെ കടന്നുകയറ്റവും പ്രകൃതി വിഭവങ്ങളുടെ നാശവുമാണ് ഭീഷണിയായത്. കൂടുതൽ പാലുത്പാദനം നൽകുന്ന സങ്കരയിനം പശുക്കളെ വളർത്തുന്നതിലേക്കാണ് പിന്നീട് കർഷകർ മാറിയത്. ഇതോടെ കുറഞ്ഞ പാലുത്പാദനമുള്ള കാസർകോടൻ കുള്ളനെ പലരും കൈവിട്ടു.

ഇത്തരമൊരു സാഹചര്യത്തിലാണ് ഈ നാടൻ ഇനത്തെ സംരക്ഷിക്കാൻ മൃഗസംരക്ഷണ വകുപ്പ് പദ്ധതികൾ ആരംഭിച്ചത്. എന്നാൽ അതിന് മുൻപ് തന്നെ കൊണ്ടേവൂർ ആശ്രമം കുള്ളൻ പശുക്കളുടെ സംരക്ഷണ ദൗത്യം ഏറ്റെടുത്തിരുന്നു. രാജ്യത്ത് അംഗീകരിക്കപ്പെട്ട അപൂർവ നാടൻ ഇനമാണ് ഇവ.

ഹരിയാനയിലെ കർണാലിലുള്ള നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജനറ്റിക് റിസോഴ്സസ് രാജ്യത്തെ 34 നാടൻ പശു ഇനങ്ങളെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ഇടം നേടിയിരിക്കുന്നത് വെച്ചൂർ പശുവും കാസർകോടൻ കുള്ളനുമാണ്. വലുപ്പത്തിൽ ചെറുതായിരുന്നാലും ഗുണങ്ങളിൽ മുന്നിലാണ് കാസർകോടൻ കുള്ളൻ. മെലിഞ്ഞ കൈകാലുകളും ചെറിയ ശരീരവുമുള്ള ഇവയെ ആടിനെപ്പോലെ എളുപ്പത്തിൽ വളർത്താനാകുമെന്നാണ് കർഷകർ പറയുന്നത്. കുറഞ്ഞ തീറ്റ മതിയാകും. കയറില്ലാതെയും നിയന്ത്രണത്തിൽ നിൽക്കും. എവിടേക്കും ഓടിപ്പോകാത്ത സ്വഭാവം അടക്കമുള്ളവയാണ് പ്രധാന പ്രത്യേകതകൾ.

ഔഷധഗുണമുള്ള പാൽ

കുറഞ്ഞ അളവിലാണ് പാൽ ലഭിക്കുന്നതെങ്കിലും ഔഷധഗുണം നിറഞ്ഞ പാലാണ് കാസർകോടൻ കുള്ളൻ്റേത്. ഇതിലെ 'കപില' വിഭാഗം പ്രത്യേക ശ്രദ്ധേയമാണ്. പിത്തളനിറവും വെള്ളാരങ്കല്ലുകൾ പോലെ തിളങ്ങുന്ന കണ്ണുകളും ഉള്ള ഈ ഇനത്തിൻ്റെ പാലിനും നെയ്ക്കും മഞ്ഞനിറം കൂടുതലായിരിക്കും. മനുഷ്യൻ്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ലാക്‌ടോഫെറിൻ എന്ന പ്രോട്ടീൻ്റെ അംശം ഇവയുടെ പാലിൽ കൂടുതലായി അടങ്ങിയിട്ടുണ്ടെന്നു പറയപ്പെടുന്നു.

ചാണകത്തിനും ഗോമൂത്രത്തിനും ആവശ്യകത

പാലിനൊപ്പം ചാണകത്തിനും ഗോമൂത്രത്തിനും മികച്ച വിപണിയുണ്ട്. കിലോയ്ക്ക് അഞ്ച് രൂപ നിരക്കിൽ ചാണകവും ലിറ്ററിന് ആറ് രൂപ നിരക്കിൽ ഗോമൂത്രവും ലഭ്യമാണ്. പാലിന് ലിറ്ററിന് 60 രൂപയിലധികം വില ലഭിക്കാറുണ്ടെങ്കിലും ആശ്രമത്തിൽ നിന്ന് വാണിജ്യവിൽപ്പന നടത്താറില്ല.

ആശ്രമത്തിൻ്റെ ആവശ്യങ്ങൾക്കായി പാൽ ഉപയോഗിച്ച് നെയ്യും മറ്റ് ഔഷധ ഉൽപ്പന്നങ്ങളും തയ്യാറാക്കുകയാണ് ചെയ്യുന്നത്. ഇവ ആശ്രമത്തിലെ ഔഷധ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.

ഔഷധത്തോട്ടവും ജൈവകൃഷിയും

കൊണ്ടേവൂർ ആശ്രമത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ് ഇവിടെ ഒരുക്കിയിട്ടുള്ള വിപുലമായ ഔഷധസസ്യ തോട്ടത്തിൽ നൂറിലധികം ഔഷധസസ്യങ്ങളാണ് വളർത്തുന്നത്. വിവിധ തരം ഔഷധ എണ്ണകൾ ഇവിടെ ഉണ്ടാക്കുന്നുണ്ട്. 25-ഓളം പേരാണ് ആശ്രമത്തിൽ ജോലിക്കാരായി ഉള്ളത്.

പശുക്കൾക്ക് ആവശ്യമായ പച്ചപ്പുല്ലിനായി രണ്ടര ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. കൂടാതെ ഉണക്കപ്പുല്ല് ഉഡുപ്പിയിൽ നിന്നാണ് എത്തിക്കുന്നത്. ആശ്രമപരിസരത്ത് അഞ്ച് ഇനം ചക്കമരങ്ങളും വിവിധതരം ഫലവൃക്ഷങ്ങളും ഉണ്ട്. ആശ്രമത്തിൽ നിന്ന് അൽപ്പം അകലെയായി രണ്ടര ഏക്കറിലായി പച്ചക്കറി തോട്ടവുമുണ്ട്. വെണ്ട, ബസള, നരമ്പൻ, പയർ തുടങ്ങി ആശ്രമത്തിലേക്കാവശ്യമായ പച്ചക്കറികൾ എല്ലാം ഇവിടെ ജൈവരീതിയിൽ കൃഷി ചെയ്യുന്നു.

പ്രകൃതിയോട് ചേർന്ന ജീവിതം

ആധ്യാത്മിക-രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പ്രമുഖർ ഇടയ്ക്കിടെ ആശ്രമം സന്ദർശിക്കാറുണ്ട്. ആശ്രമത്തിലെ പച്ചപ്പും പ്രകൃതിസൗഹൃദ ജീവിതരീതിയും അനുഭവിച്ചാണ് സന്ദർശകർ മടങ്ങുന്നതെന്ന് ആശ്രമ സന്ന്യാസി കൊണ്ടേവൂർ യോഗാനന്ദ സരസ്വതിയും ജീവനക്കാരനായ അനിലും പറയുന്നു. 'പ്രകൃതിയുടെ സംരക്ഷണവും പരിപാലനവും മനുഷ്യസമൂഹത്തിന് സമാധാനവും സമൃദ്ധിയും നൽകും' എന്ന സന്ദേശമുയർത്തി 2025-ൽ കൊണ്ടേവൂർ ആശ്രമത്തിൽ പരിസ്ഥിതി മഹായാഗവും സംഘടിപ്പിച്ചിരുന്നു. വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങ് വലിയ ജനശ്രദ്ധ നേടിയിരുന്നു. വംശനാശത്തിൻ്റെ വക്കിലെത്തിയ നാടൻ പശുവിനെയും പ്രകൃതിയെയും ഒരുപോലെ ചേർത്തുപിടിച്ച് നാടിന് മാതൃകയാകുകയാണ് ഇന്ന് കൊണ്ടേവൂർ ആശ്രമം. 20 ഏക്കറിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതൽ വാര്‍ത്തകള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജില്‍ വാര്‍ത്തയുടെ താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: The Kondevoor Nithyananda Matha Ashram in Uppala, Kasaragod, has become a haven for the endangered Kasaragod Dwarf cow breed, sheltering over 130 cows while promoting organic farming and nature conservation on its 20-acre premises.

#KasaragodNews #KondevoorAshram #KasaragodDwarfCow #NatureConservation #OrganicFarming #Uppala

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia