Njatuvela | നടുന്നവയെല്ലാം നന്നായി തഴച്ചു വളരും; അറിയാം ഞാറ്റുവേല നോക്കി എങ്ങനെ കൃഷി ചെയ്യാമെന്ന്
സൂര്യന്റെ സഞ്ചാരവും കാലാവസ്ഥയും നോക്കി കൃഷി, ക്രമീകരിക്കുന്നതാണ് ഞാറ്റുവേല.
ഞാറ്റുവേലകള്‍ നോക്കി കൃഷി ചിട്ടപ്പെടുത്താന്‍ സംസ്ഥാന കൃഷി വകുപ്പ് കലന്‍ഡര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
27 ഞാറ്റുവേലകളില്‍ 10 എണ്ണം നല്ല മഴ ലഭിക്കുന്നവയാണ്.
ഞാറ്റുവേലക്കാലത്ത് പെയ്യുന്ന മഴയില്‍ വളക്കൂര്‍ കൂടുതലുണ്ടെന്നാണ് കര്‍ഷകരുടെ വിശ്വാസം.
തിരുവനന്തപുരം: (KasargodVartha) പൂര്‍വികര്‍ സൂര്യന്റെയും ചന്ദ്രന്റയും ചലനമനുസരിച്ച് ചിട്ടപ്പെടുത്തിയ കാര്‍ഷിക കലന്‍ഡറാണ് ഞാറ്റുവേല. ഞായറെന്നാല്‍ സൂര്യന്‍, വേലയെന്നാല്‍ സഞ്ചാരം, സൂര്യന്റെ സഞ്ചാരവും കാലാവസ്ഥയും നോക്കി കൃഷി, ക്രമീകരിക്കുന്നതാണ് ഞാറ്റുവേലയായി മാറിയത്. മലയാള മാസത്തിലെ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേരാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.
ഭൂമിയില്‍ നിന്നും സൂര്യനെ നോക്കുമ്പോള്‍ സൂര്യന്‍ ഏതു നക്ഷത്രത്തിന്റെ അടുത്താണോ നില്‍ക്കുന്നത് അതാണ് ഞാറ്റുവേല എറിയപ്പെടുന്നത്. അതായത് സൂര്യന്റെ സ്ഥാനം തിരുവാതിര നക്ഷത്രത്തിലാണെങ്കില്‍ അത് തിരുവാതിര ഞാറ്റുവേല.
ഒരു വര്‍ഷം ലഭിക്കുന്ന മഴയുടെ വിതരണത്തെയും സസ്യങ്ങളുടെ വളര്‍ച്ചയെയും സാമ്പ്രദായിക കൃഷി അനുഭവ പരിജ്ഞാനത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഞാറ്റുവേലകള്‍ കുറിച്ചിട്ടുള്ളത്. ഒരു മലയാളമാസം എന്നാല്‍ രണ്ടര ഞാറ്റുവേലകള്‍ ചേരുന്നതാണ്.
ഭൂമി സൂര്യനെ വലം വയ്ക്കാനെടുക്കുന്ന ഒരു വര്‍ഷത്തെ 13.5 ദിവസങ്ങള്‍ വരുന്ന 27 ഞാറ്റുവേലകളായാണ് തരംതിരിച്ചിരിക്കുന്നത്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര തുടങ്ങി രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേരിലാണ് ഞാറ്റുവേലകള്‍ അറിയപ്പെടുന്നത്. മറ്റു ഞാറ്റുവേലകളുടെ ശരാശരി ദൈര്‍ഘ്യം പതിമൂന്നര ദിവസമാണെങ്കില്‍ തിരുവാതിരയുടേത് 15 ദിവസമാണ്. 27 ഞാറ്റുവേലകളില്‍ 10 എണ്ണം നല്ല മഴ ലഭിക്കുന്നവയാണ്.
കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് വരദാനമായ തിരുവാതിര ഞാറ്റുവേല ജൂണ്‍ 21ന് രാത്രി 12.06 ന് തുടങ്ങി. ഇനി 15 ദിവസം ഞാറ്റുവേല കാലമാണ്. തെങ്ങ്, മാവ്, പ്ലാവ് മുതലായ ഫല വൃക്ഷത്തൈകളും ചെടികളും കുരുമുളക് മുതലായ കാര്‍ഷിക വിളകളും നടാനും മാറ്റി നടാനും പറ്റിയ സമയമാണിത്. മഴയും കാലാവസ്ഥയും മാത്രം ആശ്രയിച്ചിരുന്ന കാലത്ത് മാത്രമല്ല ഇന്നും ഞാറ്റുവേലയ്ക്ക് പ്രാധാന്യമുണ്ട്.
മലയാള മാസത്തിലെ മേടം ഒന്നിന് തുടങ്ങി മീനം 30 ന് അവസാനിക്കുന്ന തരത്തിലാണ് കാര്‍ഷിക കലന്‍ഡര്‍ നീങ്ങുന്നത്. അത്തരത്തില്‍ ഞാറ്റുവേലകള്‍ നോക്കി കൃഷി ചിട്ടപ്പെടുത്താന്‍ കര്‍ഷകര്‍ക്കായി സംസ്ഥാന കൃഷി വകുപ്പ് തന്നെ ഈ കലന്‍ഡര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അശ്വതി (മീനം 31- മേടം 14/ ഏപ്രില്‍ 13-27) : ഇരുപ്പൂനിലങ്ങളില്‍ ഒറ്റപ്പൂവായി കൃഷിയിറക്കുന്ന മൂപ്പുകൂടിയ വിത്തിനങ്ങള്‍ വിതയ്ക്കാം.
ഭരണി (മേടം 14-28/ ഏപ്രില്‍ 27- മെയ് 11): കരനെല്ല് വിതയ്ക്കാം. മധുരക്കിഴങ്ങ് വള്ളിവെച്ച് പിടിപ്പിക്കാം.
കാര്‍ത്തിക (മേടം 28-ഇടവം 11/ മെയ് 11-25): ഇഞ്ചിയും മഞ്ഞളും നടാന്‍ ഉചിതമായ സമയം. വര്‍ഷകാല പച്ചറികള്‍ നട്ടുപിടിപ്പിക്കാന്‍ പറ്റിയ സമയമാണിത്.
രോഹിണി (ഇടവം 11-25/ മെയ് 25- ജൂണ്‍ 8): പയറുകൃഷിക്ക് അനുയോജ്യമായ സമയം. തെങ്ങിന് തടമെടുക്കാം. (ചിത്രം: കൃഷിമന്ത്രി പി. പ്രസാദ്/ ഫേസ്ബുക്ക്)
മകയിരം (ഇടവം 25-മിഥുനം 8/ ജൂണ്‍ 8-22): തോട്ടവിളകള്‍ക്ക് വളം ചേര്‍ക്കാന്‍ പറ്റിയ സമയം. നാടന്‍ വാഴ നട്ടുപിടിപ്പിക്കാം.
തിരുവാതിര (മിഥുനം 8-21/ ജൂണ്‍ 22- ജൂലൈ 5): ഔഷധ സസ്യങ്ങള്‍, കാട്ടുമരങ്ങള്‍, ഫലവൃക്ഷങ്ങള്‍ എന്നിവ നടാം.
പുണര്‍തം (മിഥുനം 21- കര്‍ക്കിടകം 4/ ജൂലൈ 5- 19): വെറ്റിലക്കൊടികള്‍ നട്ടുപിടിപ്പിക്കാം. സസ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താം.
പൂയം (കര്‍ക്കിടകം 4-18/ ജൂലൈ 19- ഓഗസ്റ്റ് 2): ഇഞ്ചി, മഞ്ഞള്‍, ചേമ്പ്, ചേന എന്നിവക്ക് വളം ചേര്‍ത്ത് മണ്ണിടാം.
ആയില്യം (കര്‍ക്കിടകം 18-32/ ഓഗസ്റ്റ് 2- 16): തോട്ടവിളകള്‍ക്ക് വളം ചേര്‍ത്ത് സസ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റിയ സമയം.
മകം (കര്‍ക്കിടകം 32- ചിങ്ങം 14/ ഓഗസ്റ്റ് 16-30): കൊയ്തുകഴിഞ്ഞ പറമ്പുകളില്‍ എള്ള് വിതയ്ക്കാം.
പൂരം (ചിങ്ങം 15-28/ ഓഗസ്റ്റ് 30- സെപ്റ്റംബര്‍ 13): മധുരക്കിഴങ്ങ് വിളവെടുക്കുന്ന കാലം.
ഉത്രം (ചിങ്ങം 28- കന്നി 11/ സെപ്റ്റംബര്‍ 13- 27): രണ്ടാം വിളയുടെ നടീല്‍ പ്രവര്‍ത്തനങ്ങള്‍ തുടരാം.
അത്തം (കന്നി 11-24/ സെപ്റ്റംബര്‍ 27- ഒക്ടോബര്‍ 10): ഇരിപ്പൂ നിലങ്ങളിലെ രണ്ടാം വിളയുടെ നടീല്‍ പ്രവര്‍ത്തനങ്ങള്‍ ഈ ഞാറ്റുവേലയില്‍ തീര്‍ന്നിരിക്കണം.
ചിത്തിര (കന്നി 24- തുലാം 8/ ഒക്ടോബര്‍ 10- 24): ഓണവാഴ നന്നായി പരിപാലിച്ചാല്‍ പത്താം മാസത്തില്‍ പഴമാകും എന്നാണ് പഴമൊഴി.
ചോതി (തുലാം 8- 21/ ഒക്ടോബര്‍ 24- നവംബര്‍ 6): ചോതിയില്‍ മഴ ലഭിച്ചില്ലെങ്കില്‍ അത് നെല്‍കൃഷിയെ വിപരീതമായി ബാധിക്കും.
വിശാഖം (തുലാം 21- വൃശ്ചികം 4/ നവംബര്‍ 6- 19): കിഴങ്ങ്, ചേന, ചേമ്പ് എന്നിവ ഭക്ഷണമാക്കേണ്ട കാലം.
അനിഴം (വൃശ്ചികം 4- 17/ നവംബര്‍ 19- ഡിസംബര്‍ 2): കേരളത്തില്‍ ശീതകാല പച്ചക്കറികളുടെ കൃഷിക്ക് പറ്റിയ സമയം.
തൃക്കേട്ട (വൃശ്ചികം 17-30/ ഡിസംബര്‍ 2- 16): താഴ്ന്ന നിലങ്ങളിലും കോള്‍ നിലങ്ങളിലും പുഞ്ചകൃഷി ആരംഭിക്കാം.
മൂലം (വൃശ്ചികം 30- ധനു 14/ ഡിസംബര്‍ 15- 29): വെള്ളരി, മത്തന്‍, കുമ്പളം, ചീര, വെണ്ട, കയ്പ, പീച്ചില്‍, കക്കിരി തുടങ്ങിയ കൃഷിയിറക്കാന്‍ പറ്റിയ സമയം.
പൂരാടം (ധനു 14-26/ ഡിസംബര്‍ 29- ജനുവരി 11): ജലലഭ്യത ഉറപ്പാക്കി പാടങ്ങളില്‍ പച്ചക്കറികളും ധാന്യങ്ങളും കൃഷിയിറക്കാം.
ഉത്രാടം (ധനു 26- മകരം 10/ ജനുവരി 11- 24): പാടങ്ങളിലും പറമ്പുകളിലും വേനല്‍ക്കാല പച്ചക്കറി പണി തുടരാം.
തിരുവോണം (മകരം 10-24/ ജനുവരി 24- ഫെബ്രുവരി 6): ഈ ഞാറ്റുവേല കഴിഞ്ഞാല്‍ പിന്നെ വിരിപ്പൂനിലങ്ങളില്‍ പച്ചക്കറി വിജയം കാണില്ല.
അവിട്ടം (മകരം 24- കുംഭം 7/ ഫെബ്രുവരി 6- 19): വിത്ത് തേങ്ങ സംഭരിക്കാന്‍ പറ്റിയ സമയം.
ചതയം (കുംഭം 7 - 20/ ഫെബ്രുവരി 19- മാര്‍ച്ച് 4): ഈ കാലത്ത് നേന്ത്രവാഴ നട്ടാല്‍ വൃശ്ചിക മാസത്തില്‍ കുലവെട്ടാം.
പൂരുരുട്ടാതി (കുംഭം 20- മീനം 3/ മാര്‍ച്ച് 4- 17): തെങ്ങിന്‍ തൈകളും മറ്റും വച്ച് നനച്ചുപിടിപ്പിക്കാന്‍ പറ്റിയ സമയം.
ഉത്രട്ടാതി (മീനം 3- 17/ മാര്‍ച്ച് 17-31): ഇടമഴ പെയ്താല്‍ ഇരിപ്പുനിലങ്ങളില്‍ ഒന്നാം വിളയ്ക്കായി നിലമൊരുക്കാം.
രേവതി (മീനം 17-30/ മാര്‍ച്ച് 31- ഏപ്രില്‍ 13): മൂപ്പ് കൂടിയ വിത്തിനങ്ങള്‍ ഈ ഞാറ്റുവേലയില്‍ വിതച്ചിടാം.
കേരളത്തില്‍ എന്തും നടാന്‍ ഏറ്റവും അനുകൂലമായ കാലമാണ് ഞാറ്റുവേല. ഞാറ്റുവേലക്കാലത്ത് പെയ്യുന്ന മഴയില്‍ വളക്കൂര്‍ കൂടുതലുണ്ടെന്നാണ് കര്‍ഷകരുടെ വിശ്വാസം. അതുകൊണ്ട് ഞാറ്റുവേലയില്‍ നടുന്നവയെല്ലാം നന്നായി തഴച്ച് വളരുകയും ചെയ്യും. തിരുവാതിര ഞാറ്റുവേലയുടെ പ്രത്യേകത തിരിമുറിയാതെ മഴ പെയ്യും എന്നുള്ളതാണ്. വെയിലും മഴയും ഒരേപോലെ കിട്ടുന്ന കാലമായതിനാല്‍ കൂടിയാണ് ഇത് ചെടികള്‍ നടാന്‍ യോജിച്ച സമയമാകുന്നത്.
കാലവര്‍ഷം കനത്ത് കഴിഞ്ഞാല്‍ പിന്നെ കിട്ടുന്ന ഈ ഇടവേള മഴയുടെ ഊറ്റമില്ലാത്തതുകൊണ്ടും വെയിലിന്റെ കാഠിന്യമില്ലാത്തതുകൊണ്ടും ചെറുതായി തുടര്‍ച്ചയായി മഴ കിട്ടുന്നതുകൊണ്ടും കാര്‍ഷിക ജോലികള്‍ക്ക് ഉത്തമമാണെന്നാണ് പഴമക്കാര്‍ പറയുന്നത്.