Lotus Farming | നല്ലൊരു വരുമാന മാര്‍ഗം; താമര കൃഷി ചെയ്യുന്നത് അറിയാം
*മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ പൂവിടുക.
*ഹൈബ്രിഡ് ഇനങ്ങള്‍ക്കാണ് വില കൂടുതല്‍.
*കിഴങ്ങ് വിറ്റും വരുമാനമുണ്ടാക്കാം.
കൊച്ചി: (KasargodVartha) ദേശീയ പുഷ്പമായ താമര നല്ലൊരു വരുമാനമാര്‍ഗം കൂടിയാണ്. കേരളത്തിന്റെ കാലാവസ്ഥയില്‍ കൃഷി ചെയ്യാന്‍ പറ്റിയ സമയമാണ് വേനല്‍ക്കാലം. കൃഷിക്ക് ആവശ്യമായ സ്ഥല പരിമിതിയുണ്ടെങ്കില്‍ വിഷമിക്കണ്ട, കുറഞ്ഞ സ്ഥലത്ത് പ്ലാസ്റ്റിക് പാത്രങ്ങളില്‍ വീട്ടുമുറ്റത്ത് നല്ല സൂര്യപ്രകാശം ലഭിക്കുന്ന എല്ലായിടത്തും താമര വളര്‍ത്താം.
വേനല്‍ക്കാലമാണ് കേരളത്തിന്റെ കാലാവസ്ഥയില്‍ താമര കൃഷി ചെയ്യാന്‍ പറ്റിയ സമയം. സെപ്റ്റംബര്‍ വരെയും നടാം. എന്നാല്‍ മഴക്കാലത്താണ് താമര ഏറ്റവും കൂടുതല്‍ പൂവിടുക. ചില സീസണില്‍ ഒരു വലിയ താമരപ്പൂവിന് 100 രൂപ വില ലഭിക്കും. സീസണില്‍ ശരാശരി 10 രൂപ മുതല്‍ 50 രൂപ വരെ വില ലഭിക്കും. ഹൈബ്രിഡ് ഇനങ്ങള്‍ക്കാണ് വില കൂടുതല്‍. ഇനം മാറുംതോറും വിലയും മാറും. കിഴങ്ങ് വിറ്റും വരുമാനമുണ്ടാക്കാം.
കേരളത്തിലിപ്പോള്‍ ധാരാളം പേര്‍ താമര കൃഷി ചെയ്യുന്നുണ്ട്. തായ്‌ലന്‍ഡ് ഇനങ്ങളായ പിങ്ക് ക്ലൗഡ്, സറ്റാ ബൊങ്കേറ്റ്, പീകോഫ് പിങ്ക്, ഗ്രീന്‍ ആപിള്‍, ബുച, കേരളത്തില്‍ ഗണേശ് അനന്ത കൃഷ്ണന്‍ വികസിപ്പിച്ചെടുത്ത അഖില, മിറകിള്‍, വൈറ്റ് പഫ്, ലിറ്റില്‍ റെയ്ന്‍, ആല്‍മന്‍ഡ് സണ്‍ഷൈന്‍, ജപാനീസ് ഇനമായ ഷിരോമന്‍, വൈറ്റ് പിയോണി, യെല്ലോ പിയോണി, റെഡ് പിയോണി, അമരി പിയോണി, റാണി റെഡ് എന്നിവയും സഹസ്രദള പദ്മവും എല്ലാം കേരളത്തില്‍ വളര്‍ത്തിയെടുക്കാവുന്നതാണ്. ഇവയില്‍ പിങ്ക് ക്ലൗഡ്, സാറ്റ ബോങ്കെറ്റ്, ബുച, അമേരി കമേലിയ, മിറാകിള്‍ തുടങ്ങിയവ എല്ലാ മാസവും പൂവിരിയുന്നവയാണ്. വളരെ ചെറിയ ഇനമായ ലിയാങ്ക്‌ളി നന്നായി പൂക്കള്‍ ലഭിക്കുന്നവയാണ്.
കൃഷി രീതി
30 ലിറ്റര്‍ വെള്ളം കൊള്ളുന്ന പ്ലാസ്റ്റിക് പാത്രങ്ങളില്‍ മൂന്ന് മുതല്‍ അഞ്ച് കിലോ വരെ ചാണകപ്പൊടി, ഒന്ന് മുതല്‍ രണ്ട് കിലോ വരെ എല്ലുപൊടി, 50 ഗ്രാം വേപ്പിന്‍ പിണ്ണാക്ക്, അല്‍പ്പം മണ്ണ് എന്നിവ ചേര്‍ത്ത് പോടിംഗ് മിശ്രിതം തയ്യാറാക്കിയശേഷം അതിന് മുകളില്‍ പാത്രത്തില്‍ വേരോ കല്ലോ ഇല്ലാത്ത മുക്കാല്‍ ഭാഗത്തോളം മണ്ണ് മാത്രം നിറക്കണം. അല്‍പ്പം വെള്ളമൊഴിച്ച് ഏഴ് ദിവസം അനക്കാതെ വെക്കണം. എട്ടാം ദിവസം ഏറ്റവും മുകളില്‍ ചെളിയില്‍ കിഴങ്ങ് നടണം.
കിഴങ്ങ് നട്ട ശേഷം ഇടക്കിടെ വെള്ളമൊഴിക്കുമ്പോള്‍ ചെളി കലങ്ങാതിരിക്കാന്‍ ഒരു പ്ലാസ്റ്റിക് വിരിച്ച് അതില്‍ വെള്ളമൊഴിക്കാവൂ. താമരയുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാനാണിത്. കീടബാധമറ്റ് ചെടികളെ അപേക്ഷിച്ച് കീടബാധ കുറഞ്ഞ സസ്യമാണ് താമര. ശലഭ വര്‍ഗത്തിലുള്ള പുഴുവിന് ബീയേറിയ ബാസിയാന എന്ന ജീവാണു കീട നിയന്ത്രണത്തിന് ഉപയോഗപ്പെടുത്താം. മാനസിക സന്തോഷത്തിനൊപ്പം ചെറിയൊരു വരുമാനം ലഭിക്കാന്‍ പറ്റിയ കൃഷിയാണ് താമര.