Chemical Pesticides | സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ രാസകീടനാശിനികളുടെ ഉപയോഗത്തില്‍ 50 ശതമാനം കുറവ്; കണക്കുകള്‍ വ്യക്തമാക്കുന്നത് ഇങ്ങനെ
കൊച്ചി: (www.kasargodvartha.com) കേരളത്തിലെ കാര്‍ഷിക മേഖലയില്‍ രാസകീടനാശിനികളുടെ ഉപയോഗം ഗണ്യമായി കുറയുന്നതായി റിപോര്‍ട്. അഞ്ച് വര്‍ഷത്തിനിടെ രാസകീടനാശിനികളുടെ പ്രതിവര്‍ഷ ഉപഭോഗത്തില്‍ 50 ശതമാനം കുറവ് വന്നതായി കേന്ദ്ര കാര്‍ഷിക മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ജൈവ കീടനാശിനികളുടെ ഉപയോഗം ആനുപാതികമായി വര്‍ധിക്കുന്നുണ്ടെന്നും റിപോര്‍ടുണ്ട്.
കണക്ക് പ്രകാരം, 2017-18ല്‍ സംസ്ഥാനത്ത് 1067 മെട്രിക് ടണ്‍ രാസകീടനാശിനികളാണ് ഉപയോഗിച്ചതെങ്കില്‍ 2021-22ല്‍ ഇത് 554 മെട്രിക് ടണ്ണായി കുറഞ്ഞിട്ടുണ്ട്. 2018-19ല്‍ 995 മെട്രിക് ടണ്‍, 2019-20ല്‍ 656, 2020-21ല്‍ 585 എന്നിങ്ങനെയായിരുന്നു ഉപയോഗം.
അതേസമയം, ജൈവ കീടനാശിനികളുടെ ഉപയോഗത്തില്‍ വര്‍ധനയുണ്ടായിട്ടുമുണ്ട്. 2017-18ല്‍ കേരളത്തിന് വേണ്ടിവന്നത് 717.28 ടണ്‍ ജൈവ കീടനാശിനി ആയിരുന്നെങ്കില്‍ 2020-21ല്‍ 757.69 ടണ്ണായി ഉയര്‍ന്നു. എന്നാല്‍, 2021-22ല്‍ ഇത് 607.80 ടണ്ണായി നേരിയ തോതില്‍ താഴ്ന്നിട്ടുണ്ട്.
ജൈവകൃഷി വ്യാപകമായതോടെ രാസവളങ്ങളുടെ ഉപയോഗത്തിലും കുറവുണ്ടായി. 2017-18ല്‍ ഹെക്ടറിന് 93.80 കിലോ എന്ന തോതിലായിരുന്നു കേരളത്തിലെ കൃഷിയിടങ്ങളില്‍ രാസവള പ്രയോഗം. എന്നാല്‍, 2021-22ല്‍ ഇത് 32.72 കിലോയായി താഴ്ന്നു.
അതേസമയം മഹാരാഷ്ട്രയും ഉത്തര്‍പ്രദേശുമാണ് രാസകീടനാശിനികളുടെ ഉപയോഗത്തില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍. പ്രതിവര്‍ഷം 10,000 മെട്രിക് ടണ്‍ വീതം വാങ്ങിക്കൂട്ടുന്നതെന്നാണ് റിപോര്‍ട്. തെലങ്കാന, ഝാര്‍ഖണ്ഡ്, യുപി, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലും ഉപയോഗം കൂടിയപ്പോള്‍ ഉപയോഗം കുറച്ചത് കേരളത്തിലും ആന്ധ്രയിലുമാണ്.
Keywords: Kochi, News, Kerala, Top-Headlines, Agriculture, Chemical Pesticides, Usage, Reduced, Pesticides, Kerala: Chemical Pesticides usage reduced.