പ്ലാവുകൾ നിറയെ ചക്ക; പറിക്കാനാളില്ല, വിൽക്കാനിടമില്ല; കാസർകോടിന്റെ ചക്ക പാഴ് വസ്തുവാകുമോ?
● തുച്ഛമായ വിലയ്ക്ക് പ്രാദേശിക കടകളിൽ ചക്ക വിൽക്കുന്നു.
● കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടും പ്രയോജനമില്ല.
● മുൻപ് കല്ലുമ്മക്കായ ആയിരുന്നു തനത് ഉൽപ്പന്നം.
● കർഷകർ അധികൃതരുടെ നടപടി പ്രതീക്ഷിക്കുന്നു.
കാസർകോട്: (KasargodVartha) കേന്ദ്ര സർക്കാരിന്റെ ‘ഒരു ജില്ല ഒരു ഉൽപ്പന്നം’ പദ്ധതിയിൽ ഇടം നേടിയ കാസർകോടിന്റെ ചക്കയ്ക്ക് വിപണി കണ്ടെത്താൻ സർക്കാർ സംവിധാനങ്ങൾ ഇനിയും സജ്ജമായില്ല. ചക്കയുടെ സീസൺ ആരംഭിച്ചിട്ടും വിളവെടുപ്പ് നടത്താനോ സംസ്കരിച്ച് വിപണിയിൽ എത്തിക്കാനോ ഉള്ള നടപടികൾ ഉണ്ടായിട്ടില്ല.
മുൻപ് കാസർകോടിന്റെ തനത് ഉൽപ്പന്നമായി പരിഗണിക്കപ്പെട്ടിരുന്നത് കല്ലുമ്മക്കായ ആയിരുന്നു. എന്നാൽ ജില്ലയുടെ ചില പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന കല്ലുമ്മക്കായെക്കാൾ വരുമാന സാധ്യത എല്ലായിടത്തും സുലഭമായ ചക്കയ്ക്കുണ്ടെന്ന് വിലയിരുത്തിയാണ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ അപേക്ഷയെ തുടർന്ന് 2022ൽ കേന്ദ്ര സർക്കാർ ചക്കയെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
ഓരോ ജില്ലയിലെയും തനത് ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതുവഴി കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്യുക എന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളിൽ തദ്ദേശ സ്ഥാപനങ്ങളിൽ പ്ലാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നുണ്ട്.
കാസർകോടിന്റെ ഉൽപ്പന്നം ചക്കയായതോടെ ഈ മേഖലയിൽ വലിയ സാധ്യതകളുണ്ടെന്ന് ബന്ധപ്പെട്ടവർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പച്ചച്ചക്കയിൽ നിന്ന് ചക്ക പൗഡർ, ചക്ക ഐസ്ക്രീം, ചക്ക ചിപ്സ്, ചക്ക ജാം തുടങ്ങിയ നിരവധി മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനും വിപണിയിലെത്തിക്കാനും സാധിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു.
കഴിഞ്ഞ വർഷം പദ്ധതി നടപ്പാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ ശ്രമങ്ങളുണ്ടായില്ല. പകരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിവിധയിടങ്ങളിൽ ചക്ക മഹോത്സവം, ചക്ക ഫെസ്റ്റ് എന്നിങ്ങനെ ചക്ക വിഭവങ്ങളുടെ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. ഇത് ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
ചക്ക സീസൺ എത്തിയതോടെ വിളവെടുപ്പിന് ആളില്ലാത്ത അവസ്ഥയാണ്. പലപ്പോഴും ചക്ക പഴുത്ത് പാഴായി താഴെ വീഴുകയാണ്. ഇത് ഉപയോഗിക്കാനാകുന്നില്ല. ചില കർഷകർ അവരുടെ പ്രദേശങ്ങളിലെ കടകളിൽ ചക്ക വില്പനയ്ക്ക് വെക്കുന്നുണ്ടെങ്കിലും 50 മുതൽ 100 രൂപ വരെ തുച്ഛമായ വിലയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ വഴിയോരങ്ങളിലും ചക്ക വില്പനയ്ക്ക് വെക്കുന്നത് കാണാം.
കാസർകോട് ജില്ലയുടെ തനത് ഉൽപ്പന്നമായ ചക്കയെ പ്രോത്സാഹിപ്പിക്കാനും സംരംഭങ്ങൾ ആരംഭിക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Despite being selected under the central government's 'One District One Product' scheme, Kasaragod's jackfruit farmers face hardship due to lack of harvesting labor and proper markets, leading to potential wastage of the abundant yield.
#KasaragodJackfruit, #FarmersDistress, #MarketFailure, #OneDistrictOneProduct, #AgriculturalIssue, #KeralaAgriculture






