Coconuts Tree | വലിയ മുതല്‍ മുടക്കില്ലാതെ വര്‍ഷങ്ങളോളം ആദായം തരുന്ന വൃക്ഷമാണ് തെങ്ങ്; പരിചരണം പ്രധാനം, അതിനുള്ള വഴികളറിയാം
തിരുവനന്തപുരം: (www.kasargodvartha.com) വലിയ മുതല്‍ മുടക്കില്ലാതെ വര്‍ഷങ്ങളോളം ആദായം തരുന്ന വൃക്ഷമാണ് തെങ്ങ്. എന്നാല്‍ തെങ്ങ് പരിചരണം വളരെ പ്രധാനമാണ്. വേനല്‍ക്കാലത്ത് തെങ്ങിന്‍ തോപ്പ് നനച്ചില്ലെങ്കില്‍ ഓല പൊഴിയും. കാലവര്‍ഷ സമയത്ത് കോഴിക്കാഷ്ടം തെങ്ങിനിടേണം. പഴക്കം ചെന്ന വേരുകള്‍ മുറിച്ചു നീക്കുന്നത് നല്ലതാണ്. പുതിയ വേരുകളുണ്ടാകാനും, വിളവ് മെച്ചപ്പെടാനും ഇത് സഹായിക്കും.
തെങ്ങിന്‍ തടത്തില്‍ വേനല്‍ക്കാലങ്ങളില്‍ ചീരയും, വെണ്ടയും നട്ടുവളര്‍ത്തുക. അവയ്ക്ക് ദിവസവും നനയ്ക്കുന്നതിന്റെ പ്രയോജനം തെങ്ങിനും കൂടി കിട്ടും. കുളങ്ങളിലെ അടിച്ചേറ് വേനലില്‍ തടത്തിലിടുക. നല്ല വളമാണ്. ഒരേക്കര്‍ തെങ്ങിന്‍ തോട്ടത്തില്‍ രണ്ടു തേനിച്ചപ്പെട്ടികള്‍ വച്ചാല്‍, പരാഗണം മെച്ചപ്പെടുന്നതിനാല്‍ മച്ചിങ്ങാ പൊഴിച്ചില്‍ കുറഞ്ഞു കിട്ടും. കൂടാതെ തേനില്‍ നിന്ന് ഒരു വരുമാനവും ലഭിക്കും. 'പ്ലാനോ പിക്സ്' എന്ന ഹോര്‍മോണുപയോഗിച്ചാല്‍ അമിതമായ മച്ചിങ്ങാ പൊഴിച്ചില്‍ തടയാനൊക്കും. ചൊട്ടവിരിഞ്ഞ് മുപ്പതു ദിവസം കഴിഞ്ഞ് പ്ലാനോഫിക്സ് മണ്ടയില്‍ തളിക്കുക. മണ്ടശോഷിപ്പ് എന്ന തെങ്ങു രോഗം മൂലകങ്ങളുടെ കുറവുമൂലം ഉണ്ടാകുന്നതാണ്.
തെങ്ങിന്റെ ചുവട്ടില്‍ നിന്നും രണ്ടു മീറ്റര്‍ അകലെ നാലു മൂലയിലും നാലു വാഴ വയ്ക്കുക. സെപ്റ്റംബറില്‍ നടുന്ന വാഴകള്‍ വേനല്‍ക്കാലമാകുമ്പോഴേക്കും വളര്‍ന്ന് തെങ്ങിന്റെ കടയ്ക്കല്‍ വെയിലേല്‍ക്കാതെ സംരക്ഷിക്കും. വാഴവെട്ടുമ്പോള്‍ പിണ്ടി വെട്ടിനുറുക്കി തെങ്ങിന്റെ ചുവട്ടിലിട്ടാല്‍ വളം ലഭിക്കും. മണ്ണിലെ ജലാംശവും നിലനിര്‍ത്താം. തോപ്പുകളില്‍ വെറ്റില കൃഷി ചെയ്താല്‍ തെങ്ങിന്റെ ഉല്‍പാദന ക്ഷമത വര്‍ധിക്കും. തെങ്ങിന്‍ തോപ്പില്‍ ഇഞ്ചി കൃഷി ചെയ്താല്‍ രോഗബാധ കുറവായിരിക്കും. തോട്ടത്തിലുള്ള ഫലവൃക്ഷങ്ങള്‍ തെങ്ങിനേക്കാള്‍ ഉയരത്തില്‍ വളര്‍ന്നാല്‍ തെങ്ങിന്റെ കായ്ഫലം കുറയും. തെങ്ങിന്‍ തോട്ടത്തില്‍ മരുതു നടുക. ധാരാളം പച്ചില വളം കിട്ടും. കൂടാതെ മരത്തിന്റെ വേരിലെ കറ തെങ്ങിന്റെ വേരു തിന്നുന്ന പുഴുക്കളെ നശിപ്പിക്കുകയും ചെയ്യും.
മരച്ചീനിയുടെ ഇലയും തൊലിയും തെങ്ങിന് വളമായി നല്‍കുക. കാറ്റു വീഴ്ച തടയാനാകും. കപ്പ തിളപ്പിച്ച് ഊറ്റിയ വെള്ളം ഇടയ്ക്കിടയ്ക്ക് കാറ്റുവീഴ്ച ബാധിച്ച തെങ്ങിന്റെ ചുവട്ടില്‍ ഒഴിക്കുക, പ്രതിരോധ ശക്തി ഉണ്ടാകും. തെങ്ങുകള്‍ക്കിടയില്‍ നെടുകെയും കുറുകെയും ചാലു കീറി അതില്‍ നിറച്ച് ചകിരി ഇട്ട് മണ്ണിട്ടു മൂടുക. വേനലില്‍ തെങ്ങോല കൂട്ടമായി ഒടിഞ്ഞു തൂങ്ങുന്നത് തടയാം. തെങ്ങിനിടയില്‍ ചെമ്പകം നട്ടാല്‍ കൊമ്പന്‍ ചെല്ലികള്‍ അകന്നുപോകും. കൊമ്പന്‍ ചെല്ലികള്‍ തെങ്ങിന്‍ തടിയില്‍ ദ്വാരമുണ്ടാക്കി അതില്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ ദ്വാരങ്ങള്‍ വൃത്തിയാക്കി അതില്‍ ചെമ്പകപ്പൂക്കള്‍ നിറയ്ക്കുക. പിന്നീട് ചെല്ലികള്‍ വരികയില്ല.
തോപ്പില്‍ തകര വളര്‍ത്തിയാല്‍ ഇടവിളകളെ നിമാവിരയില്‍ നിന്നും രക്ഷിക്കാം. തെങ്ങ് വേനല്‍ മാസങ്ങളില്‍ കൃത്യമായി നനയ്ക്കുകയാണെങ്കില്‍ ഉല്‍പാദനം 200 ശതമാനം വരെ വര്‍ധിപ്പിക്കാം. തെങ്ങിന്‍ തോട്ടങ്ങള്‍ നനയ്ക്കുന്ന പക്ഷം അഞ്ച് വേനല്‍ മാസങ്ങളിലായി 25 പ്രാവശ്യമെങ്കിലും നനയ്ക്കേണ്ടതാണ്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Agriculture, How to care for coconut tree.