ദേവാലയ മുറ്റത്ത് 'മത സൗഹാദ പച്ചക്കറി കൃഷി'യുടെ വിളവെടുപ്പ് നടത്തി
Dec 20, 2021, 18:56 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 20.12.2021) ബളാൽ കൃഷിഭവൻ പഞ്ചായത്തിലെ മത സ്ഥാപനങ്ങളിൽ ഒരുക്കിയ പച്ചക്കറി തോട്ടങ്ങളിൽ സമൃദ്ധിയുടെ വിളവെടുപ്പ്. കൃഷി വകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരമാണ് ബളാൽ പഞ്ചായത്തിലെ മത സ്ഥാപനങ്ങളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മതസൗഹാർദത്തിന്റെ വിത്ത് പാകിയത്.
വിവിധ പച്ചക്കറി തൈകൾ അടങ്ങിയ 50 ഓളം വരുന്ന ഗ്രോബാഗുകളാണ് ഇതിനായി ഓരോ മതസ്ഥാപനങ്ങൾക്കും കൃഷി ഭവൻ നൽകിയത്. ബളാൽ ഭഗവതി ക്ഷേത്രം, വെള്ളരിക്കുണ്ട് ഫെറോന ദേവാലയം, കല്ലൻചിറ മുസ്ലിം ജമാഅത്ത് പള്ളി എന്നിവിടങ്ങളിലാണ് പച്ചക്കറിതോട്ടം ഒരുക്കിയത്.
മനസിന്റെ ആത്മ ശാന്തിക്കായി ക്ഷേത്രങ്ങളിലും പള്ളികളിലും പ്രാർഥകൾക്കായി എത്തുന്ന വിശ്വാസികൾക്ക് പച്ചക്കറി കൃഷികളും മനസിന് സുഖം പകരട്ടെ എന്ന ലക്ഷ്യവും ഇതിന് പിന്നിൽ ഉണ്ടായിരുന്നു.
വെള്ളരിക്കുണ്ട് ഫെറോന ദേവാലയമുറ്റത്ത് നടന്ന വിളവെടുപ്പ് ചടങ്ങ് പരപ്പ ബ്ലോക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് ഉദ്ഘാടനം ചെയ്തു. ഫെറോന വികാരി ഫാദർ ഡോ. ജോൺസൺ അന്ത്യാങ്കുളം അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ വിനു കെ ആർ ,ബളാൽ ഭഗവതി ക്ഷേത്രം ഭാരവാഹികളായ പി കൃഷ്ണൻനായർ, പി ബാലകൃഷ്‌ണൻ നായർ, ജമാഅത്ത് പ്രസിഡന്റ് ബശീർ എൽ കെ, കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ, ജിമ്മി എടപ്പാടിയിൽ എന്നിവർ പ്രസംഗിച്ചു.
Keywords: Kerala, News, Kasaragod, Vellarikundu, Balal, Agriculture, Masjid, Temple, Harvesting of vegetable cultivation.
< !- START disable copy paste -->