മരങ്ങളിൽ കറുത്ത പൊന്ന് വിളയിച്ച് സജി; പ്രതിവർഷം ലഭിക്കുന്നത് 10 ക്വിൻ്റൽ കുരുമുളക്
● പന്നിയൂർ 5, ചീരൻ, കുമ്പുക്കൽ, അറക്കളം മുണ്ടി, കരിമുണ്ട തുടങ്ങിയ വിവിധ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്
● ബളാൽ കൃഷിഭവൻ പരിധിയിലെ ഈ വർഷത്തെ ഏറ്റവും നല്ല കുരുമുളക് കർഷകനായി തിരഞ്ഞെടുക്കപ്പെട്ടു
● തോട്ടത്തിലെ ജലസ്രോതസ്സുകൾ ഉപയോഗിച്ച് വേനലിൽ സമീപവാസികൾക്കും കുടിവെള്ളം നൽകി മാതൃകയാകുന്നു
● ഭാര്യ രമയും എൻജി. സജിന സജി, ഡോ. രജിന സജി, അഭിനന്ദന സജി എന്നീ പെൺമക്കളുമാണ് കുടുംബം
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) കൃഷിഭൂമിയിലെ മരങ്ങൾ വട്ടപ്പാറ വീട്ടിൽ സജി എന്ന കർഷകന് പ്രതിവർഷം നൽകുന്നത് 10 ക്വിൻ്റൽ കുരുമുളക്. വെള്ളരിക്കുണ്ടിനടുത്തെ പുന്നക്കുന്നിലാണ് 54-കാരനായ സജി കഴിഞ്ഞ 40 വർഷമായി കുരുമുളക് കൃഷിയിൽ വിസ്മയം തീർക്കുന്നത്. എല്ലാ കാലാവസ്ഥകളോടും ഇണങ്ങുന്ന പന്നിയൂർ 5, ചീരൻ, കുമ്പുക്കൽ, അറക്കളം മുണ്ടി, കരിമുണ്ട തുടങ്ങി വിവിധ ഇനങ്ങളാണ് സജിയുടെ പറമ്പിലെ മരങ്ങളിൽ തഴച്ചുവളരുന്നത്.
പാഴ്മരങ്ങളിലും കുരുമുളക്
അഞ്ചേക്കർ വരുന്ന കൃഷിഭൂമിയുള്ള സജി വട്ടപ്പാറയുടെ തോട്ടത്തിൽ കുരുമുളക് വള്ളിയില്ലാത്ത ഒറ്റ മരം പോലുമില്ലെന്നതും കൗതുകമാണ്. തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ് എന്ന് വേണ്ട സകല പാഴ്മരങ്ങളിലും തഴച്ചുവളർന്നു നിൽക്കുന്ന കുരുമുളക് തോട്ടം കൃഷിയോട് താല്പര്യമുള്ള ഏതൊരാൾക്കും അസൂയ ഉളവാക്കും. വർഷം 10 ക്വിൻ്റൽ ഉണങ്ങിയ കുരുമുളക് വിൽക്കാൻ കഴിയുന്നതായി സജി പറയുന്നു. ബളാൽ കൃഷിഭവൻ പരിധിയിലാണ് പഞ്ചായത്തിനുപോലും അഭിമാനമായ സജിയുടെ ഈ കുരുമുളക് തോട്ടം.
കുടിവെള്ളം നൽകി മാതൃക
കുത്തനെയുള്ള കൃഷിഭൂമിക്ക് ചാരുത പകർന്ന് വെള്ളത്തിൻ്റെ ഒഴുക്കുമുണ്ട്. സജിയുടെ കൃഷിത്തോട്ടത്തിൻ്റെ നടുവിലും അതിരുകളിലും പ്രകൃതി ഒരുക്കിയ വെള്ളത്തിൻ്റെ ഉറവിടങ്ങളും ഉണ്ട്. അതിനാൽ വേനലിൽ കുരുമുളകിന് നനയ്ക്കാനും സാധിക്കുന്നു.
മാത്രവുമല്ല കൃഷിക്കും വീട്ടാവശ്യങ്ങൾക്കും ശേഷം വേനലിൽ സമീപത്തെ ആളുകൾക്കും സജി വെള്ളം നൽകി മാതൃക കാട്ടുന്നു. നിരവധി കുടുംബങ്ങളാണ് വേനലിൽ സജിയുടെ നല്ല മനസ്സിൽ കുടിവെള്ളത്തിൻ്റെ ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കുന്നത്. ബളാൽ കൃഷിഭവൻ പരിധിയിലെ ഈ വർഷത്തെ ഏറ്റവും നല്ല കുരുമുളക് കർഷകനായി സജിയെ തിരഞ്ഞെടുത്തിട്ടുണ്ട്.
കുടുംബത്തിൻ്റെ പിന്തുണ
ഭാര്യ രമയുടെ പൂർണ പിന്തുണ കൂടി സജി എന്ന കർഷകനുണ്ട്. 3 പെൺമക്കളാണ് സജിക്കുള്ളത്. മൂത്തമകൾ എൻജി. സജിന സജി. രണ്ടാമത്തെ മകൾ ഡോ. രജിന സജി (ഫിസിയോതെറാപ്പിസ്റ്റ്). മൂന്നാമത്തെ മകൾ അഭിനന്ദന സജി വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്.
ഈ ലേഖനം നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Farmer Saji from Punnakunnu yields 10 quintals of black pepper annually.
#KasargodVartha #Vellarikundu #BlackPepper #Agriculture #KeralaFarmers #Balal #MalayalamNews #AparnaNews






