Agricultural Expo | ഫെയിം-2025: കാർഷിക വിപണന മേള ജനുവരി 4 മുതൽ 12 വരെ പൊവ്വലിൽ
● ചെർക്കള-ജാൽസൂർ സംസ്ഥാന പാതയിൽ പൊവ്വൽ ടൗണിനോട് ചേർന്നാണ് മേളയുടെ വേദി.
● ജനുവരി നാലിന് വൈകുന്നേരം നാല് മണിക്ക് കായിക മന്ത്രി വി അബ്ദുർ റഹ്മാൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും.
● മേളയുടെ ഭാഗമായി എല്ലാ ദിവസവും വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.
കാസർകോട്: (KasargodVartha) കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനുവരി നാല് മുതൽ 12 വരെ പൊവ്വലിൽ നടക്കുന്ന കാർഷിക പ്രദർശന വിപണന മേളയായ ‘ഫെയിം-2025’നുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊവ്വൽ ബഞ്ച് കോർട്ടിലെ ബ്ലോക്ക് പഞ്ചായത്ത് മൈതാനിയിൽ നടക്കുന്ന മേള ജില്ലയിലെ ഏറ്റവും വലിയ അഗ്രിഫെസ്റ്റായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. ചെർക്കള-ജാൽസൂർ സംസ്ഥാന പാതയിൽ പൊവ്വൽ ടൗണിനോട് ചേർന്നാണ് മേളയുടെ വേദി.
ജനുവരി നാലിന് വൈകുന്നേരം നാല് മണിക്ക് കായിക മന്ത്രി വി അബ്ദുർ റഹ്മാൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. കാർഷിക, കാർഷികേതര ഉത്പന്നങ്ങളുടെ പ്രദർശനത്തിനും വിപണനത്തിനുമായി 100 ലധികം സ്റ്റാളുകളാണ് ഇവിടെ സജ്ജമാക്കുന്നത്. സിപിസിആർഐ, കൃഷിവകുപ്പ്, ക്ഷീരവികസന വകുപ്പ്, വ്യവസായ വകുപ്പ്, പ്ലാന്റേഷൻ കോർപ്പറേഷൻ, മൃഗസംരക്ഷണ വകുപ്പ്, വനം വന്യജീവി വകുപ്പ്, കുടുംബശ്രീ തുടങ്ങിയ വിവിധ സർക്കാർ - സർക്കാരിതര സ്ഥാപനങ്ങളുടെ സ്റ്റാളുകൾ മേളയിൽ ഉണ്ടാകും.
മേളയുടെ ഭാഗമായി എല്ലാ ദിവസവും വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. കാർഷിക രംഗത്തെ വിദഗ്ധരാണ് ക്ലാസുകൾക്കും സെമിനാറുകൾക്കും നേതൃത്വം നൽകുന്നത്. മൂല്യ വർധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും, ആധുനിക രീതിയിലുള്ള കൂൺകൃഷി, തേനീച്ച വളർത്തലിലൂടെയുള്ള ഉത്പാതന വർദ്ധനവ്, നൂതന രീതിയിലുള്ള വളപ്രയോഗവും കീട രോഗപരിപാലനവും തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും.
പകലുകളിൽ വിജ്ഞാനപ്രദമായ ക്ലാസുകളും വൈകുന്നേരങ്ങളിൽ സെമിനാറുകളും നടക്കുമ്പോൾ, സായാഹ്നങ്ങളെ സംഗീതസാന്ദ്രമാക്കാൻ വിവിധ കലാപരിപാടികളും അരങ്ങേറും. ഗാനമേള, യുവജനോത്സവം, ഇശൽ രാവ്, നാടകോത്സവം, കുടുംബശ്രീ കലോത്സവം, നാടൻപാട്ട് എന്നിവ രാത്രികളെ ഉത്സവപ്രദമാക്കും. ഡിസി ബുക്സ്, മാതൃഭൂമി തുടങ്ങിയ പ്രമുഖ പ്രസാധകരുടെ പുസ്തകോത്സവവും മേളയുടെ ഭാഗമായി ഉണ്ടാകും.
കാർഷിക പ്രദർശന വിപണന മേളയുടെ ഭാഗമായി മികച്ച കർഷകർക്ക് അവാർഡുകൾ നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, സ്ഥിരം സമിതി അധ്യക്ഷൻ ബി.കെ.നാരായണൻ, ബി.ഡി.ഒ. ഇൻ ചാർജ് എൻ.എ.മജീദ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
#Fame2025, #AgriculturalExpo, #Kasargod, #KeralaEvents, #CulturalPrograms, #FarmingNews