city-gold-ad-for-blogger

ലാഭക്കണക്കുകൾക്ക് മീതെ മണ്ണോടുള്ള പ്രണയം; തരിശുഭൂമിയായിരുന്ന പെരളത്ത് വയലിൽ വീണ്ടും പച്ചപ്പണിയിച്ച് മുൻ പട്ടാളക്കാരൻ

Ramachandran Vadakkini working in his paddy field
Photo: Special Arrangement

● അട്ടശല്യവും തൊഴിലാളി ക്ഷാമവും ഉൾപ്പെടെ വലിയ പ്രതിസന്ധികൾ നേരിട്ടു
● കൃഷിവകുപ്പിന്റെ സഹായത്തോടെ കുമ്മായം ഉപയോഗിച്ച് അട്ട ശല്യത്തിന് പരിഹാരം കണ്ടു
● അന്യസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെയാണ് കൃഷി നടത്തിയത്
● ലാഭത്തിനപ്പുറം കാർഷിക സംസ്കാരത്തോടുള്ള ആത്മബന്ധമാണ് രാമചന്ദ്രനെ ഇതിന് പ്രേരിപ്പിച്ചത്

കാഞ്ഞങ്ങാട്: (KasargodVartha) ഒരുകാലത്ത് പൊന്നിൻ നിറമുള്ള നെൽക്കതിരുകളും സ്വർണവർണത്തിലുള്ള കണി വെള്ളരിയും യഥേഷ്ടം വിളഞ്ഞുനിന്നിരുന്നൊരു മണ്ണായിരുന്നു പെരളത്ത് വയൽ. എന്നാൽ കാലത്തിന്റെ മാറ്റത്തിൽ ആ പാടശേഖരങ്ങൾ വർഷങ്ങളോളം കൃഷിയിറക്കാതെ പുല്ലുപിടിച്ച് തരിശായി കിടന്നു. ഞാറ്റുപാട്ടിന്റെ ഈണവും കൊയ്ത്തുമൊക്കെയുള്ള സജീവമായ ഒരു കാർഷിക സംസ്കാരം കണ്ടും അനുഭവിച്ചുമാണ് രാമചന്ദ്രൻ വടക്കിനി എന്ന കർഷകന്റെ ബാല്യം കടന്നുപോയത്. മണ്ണുമായുള്ള ആ പൊക്കിൾക്കൊടി ബന്ധം തന്നെയായിരുന്നു, ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകങ്ങൾ മാറ്റിവെച്ച് ആ തരിശുഭൂമിയിൽ വീണ്ടും പൊന്നുവിളയിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

അട്ടകളോട് പൊരുതി വിജയം

പത്തു ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് മെയ് മാസത്തിൽ തന്നെ കൃഷിയിറക്കാൻ രാമചന്ദ്രൻ തീരുമാനിച്ചു. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. നാട്ടിലെ പണിക്കാരെ ലഭിക്കാതിരുന്നതോടെ ബംഗാളി തൊഴിലാളികളുടെ സഹായം തേടി. എന്നാൽ പാടത്തിറങ്ങിയ തൊഴിലാളികൾ അട്ട ശല്യം കാരണം പിന്തിരിഞ്ഞു. സാമ്പത്തിക നഷ്ടവും പ്രതിസന്ധികളും കാരണം രണ്ടു ദിവസക്കാലം ഊണും ഉറക്കവുമില്ലാതെ അലയേണ്ടി വന്ന രാമചന്ദ്രൻ ഒടുവിൽ പെരിയ കൃഷി ഓഫീസർ ജയപ്രകാശിന്റെ സഹായം തേടി. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സ്ഥലം സന്ദർശിക്കുകയും അട്ടയെ തുരത്തുന്നതിന് ആവശ്യമായ കുമ്മായം സബ്സിഡിയായി നൽകാമെന്ന് ഉറപ്പുനൽകുകയും ചെയ്തത് വലിയ ആശ്വാസമായി.

ഭാഷ ഒരു തുണയായി

പട്ടാളക്കാരനായിരുന്ന കാലത്ത് ഹിന്ദിയും ബംഗാളിയും അഭ്യസിച്ചത് രാമചന്ദ്രന് തുണയായി. ബംഗാളി തൊഴിലാളികൾക്ക് ധൈര്യം പകർന്നും അട്ടയുമായുള്ള യുദ്ധസമാനമായ അന്തരീക്ഷത്തിൽ നിലം ഉഴുതുമറിച്ചും അദ്ദേഹം പത്തേക്കർ ഭൂമിയിൽ കൃഷിയിറക്കി. മലയാളിയെക്കാൾ വേഗത്തിൽ പണിയെടുക്കുന്നവരാണ് ബംഗാളി തൊഴിലാളികൾ. ഇവർ 10 പേർ ചേർന്ന് ഒന്നര മണിക്കൂർ കൊണ്ട് ഒരേക്കർ സ്ഥലം നടുമ്പോൾ, 20 പേർക്ക് ഒരു ദിവസം വേണ്ടിവരുമായിരുന്നു.

ex soldier revives paddy cultivation kanhangad peralath

ലാഭത്തിനപ്പുറം കാർഷിക സംസ്കാരം

ട്രാക്ടർ മണിക്കൂറിന് 1200 രൂപയും ഒരു ഏക്കർ ഞാറു നടാൻ 7200 രൂപയും വീതം ചെലവാകുന്നുണ്ട്. വളവും മറ്റു ചെലവുകളും ചേർക്കുമ്പോൾ നെല്ലിന് ലഭിക്കുന്നതിന്റെ ഇരട്ടി തുകയാണ് രാമചന്ദ്രന് ചെലവാകുന്നത്. ലാഭത്തിനപ്പുറം കുട്ടിക്കാലം മുതലേ കണ്ടുശീലിച്ച വയലിന്റെ പച്ചപ്പും, മണ്ണിലെ അധ്വാനത്തിന്റെ വിയർപ്പും, കാർഷിക സംസ്കാരവുമായുള്ള ആത്മബന്ധവും നിലനിർത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. വരും ദിവസങ്ങളിൽ കള പറിക്കലും വളമിടലും കഴിഞ്ഞാൽ കാലവർഷത്തെയും അതിജീവിച്ച് വിളവെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ മുൻ പട്ടാളക്കാരൻ.

ഈ വാർത്ത നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Ramachandran Vadakkini, an ex-soldier, has successfully revived paddy cultivation on 10 acres of fallow land in Kanhangad's Peralath Vayal, overcoming severe labor and pest challenges through determination and official agricultural support.

#Kanhangad #PeralathVayal #OrganicFarming #ExSoldier #AgriculturalRevival #FarmingInspiration #KeralaFarmers #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia