കാലവർഷം ചതിച്ചു; ഓണവിപണിയെ പ്രതീക്ഷിച്ച പച്ചക്കറി കർഷകർ കനത്ത പ്രതിസന്ധിയിൽ
● പുല്ലൂർ-പെരിയ, മടിക്കൈ, പള്ളിക്കര, അജാനൂർ പഞ്ചായത്തുകളിലാണ് വൻ കൃഷിനാശം
● ജില്ലയിൽ 400 മുതൽ 500 ഹെക്ടർ വരെ സ്ഥലത്താണ് നിലവിൽ പച്ചക്കറി കൃഷിയുള്ളത്
● ഈർപ്പം കൂടിയതും വെയിലിൻ്റെ അഭാവവും പച്ചക്കറികളിൽ രോഗബാധ വർധിപ്പിച്ചു
● ഓണവിപണിയിൽ 70 മുതൽ 80 ടൺ വരെ പച്ചക്കറി വിൽപ്പനയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്
● അമിതമായ മഴ കാരണം വാഴക്കുലകൾ വലുപ്പം വെക്കാത്തത് നേന്ത്രപ്പഴ വിപണിയെ സാരമായി ബാധിച്ചു
പെരിയ: (KasargodVartha) കാലവർഷത്തിൻ്റെ ക്രമരഹിതമായ സ്വഭാവം ഇത്തവണ കാസർകോട്ടെ പച്ചക്കറി കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. ജൂണിൽ മഴ കുറഞ്ഞതിനെ തുടർന്ന് വിത്തിറക്കാനും തൈകൾ നടാനും വൈകിയതും ജൂലൈയിൽ ലഭിച്ച അതിശക്തമായ മഴയും കൃഷിയെ പ്രതികൂലമായി ബാധിച്ചു. ഇതോടെ പല പച്ചക്കറികളുടെയും വിളവ് കുറഞ്ഞു.
മഴയുടെ ഏറ്റക്കുറച്ചിലും തുടർച്ചയായ അന്തരീക്ഷ ഈർപ്പവും വെയിലിൻ്റെ അഭാവവും പച്ചക്കറികളിൽ രോഗബാധ വർധിപ്പിച്ചു. കാസർകോട്ട് പാവൽ, പടവലം, വെണ്ട, വെള്ളരി, പയർ, ചേന തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. പുല്ലൂർ-പെരിയ, മടിക്കൈ, പള്ളിക്കര, അജാനൂർ പഞ്ചായത്തുകളിലാണ് പച്ചക്കറി കൃഷി വ്യാപകമായി നടക്കുന്നത്.

ജില്ലയിൽ നിലവിൽ ഏകദേശം 400 മുതൽ 500 ഹെക്ടർ വരെ സ്ഥലത്ത് പച്ചക്കറി കൃഷിയുണ്ടെന്നാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ അധികൃതരുടെ കണക്ക്. കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറികൾ സംഭരിച്ച് മൊത്ത-ചില്ലറ വിപണികളിൽ എത്തിക്കുന്നതും കൗൺസിലാണ്.

ഓണത്തോടനുബന്ധിച്ച് അജാനൂരിലും കയ്യൂരിലും പ്രത്യേക വിപണികളും ഒരുക്കുന്നുണ്ട്. ഇത്തവണ ഓണവിപണിയിൽ ഏകദേശം 70 മുതൽ 80 ടൺ വരെ പച്ചക്കറി വിൽപ്പനയാണ് പ്രതീക്ഷിക്കുന്നതെന്ന് കാസർകോട് ജില്ലാ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ മാനേജർ യു രാജേഷ് പറഞ്ഞു.
മഴക്കുറവും അമിതമഴയും ദുരിതമായി
പുല്ലൂർ-പെരിയ പഞ്ചായത്തിലെ ആയമ്പാറയിലെ കർഷകനായ ഗോപിനാഥൻ നായരുടെ കൃഷിയിടത്തിലും കാലാവസ്ഥാ വ്യതിയാനം പ്രകടമാണ്. ജൂലൈയിൽ തുടർച്ചയായി മഴ പെയ്തതോടെ പച്ചക്കറി ചെടികളിൽ രോഗബാധയുണ്ടായി. പടവലത്തിൻ്റെ കൃഷിയെ മഴ ബാധിച്ചെങ്കിലും പാവൽ മികച്ച വിളവാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈയിൽ പല ദിവസങ്ങളിലും ആവശ്യത്തിന് വെയിൽ ലഭിച്ചില്ലെന്നും കൃഷിയിടത്തിൽ ഈർപ്പം കൂടിയതോടെ ഇലകളിൽ രോഗബാധയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂണിൽ മഴ ലഭിക്കാതിരുന്നത് പുല്ലൂർ-പെരിയയിലെ മറ്റൊരു കർഷകനായ കെ മുരളീധരൻ്റെ കൃഷിയെയും സാരമായി ബാധിച്ചു. തുടക്കത്തിൽ മഴയില്ലാത്തതിനാൽ കടുത്ത ചൂടിൽ ഇളം ചെടികൾ ഉണങ്ങിപ്പോയി. പിന്നീട് മഴ ശക്തമായതോടെ മൂന്നാം തവണയാണ് തൈകൾ നട്ടത്. ഇതോടെ വിളവെടുപ്പ് വൈകുകയും ഓണത്തിന് ആവശ്യമായ വിളവ് ലഭിക്കുമോ എന്ന ആശങ്ക ഉയരുകയും ചെയ്തു.
വാഴക്കൃഷിക്കും കനത്ത നാശം
പച്ചക്കറി കർഷകരെ സംബന്ധിച്ചിടത്തോളം ഓണം ഏറ്റവും പ്രധാനപ്പെട്ട വിപണിക്കാലമാണ്. പച്ചക്കറികൾക്കൊപ്പം ജില്ലയിലെ പ്രധാന കാർഷികവിളയായ വാഴക്കൃഷിക്കും ഇത്തവണ കാലാവസ്ഥ കനത്ത തിരിച്ചടിയാണ് നൽകിയത്. ഓണവിപണിയിൽ വലിയ ആവശ്യകതയുള്ള നേന്ത്രക്കുലകൾക്ക് ആവശ്യമായ തൂക്കം ലഭിച്ചിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.

അമിതമായ മഴ കാരണം കായ്പിടിത്തം വൈകിയതും കുലകൾ വലുപ്പം വെക്കാത്തതും വിപണിയെ ബാധിച്ചു. ഓണത്തിന് നേന്ത്രപ്പഴത്തിന് വലിയ ആവശ്യമാണെങ്കിലും അമിതമായ മഴ കാരണം ഇത്തവണ വാഴക്കുലകൾ പൂർണമായി തയാറായിട്ടില്ലെന്ന് പുല്ലൂർ-പെരിയ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ പ്രസിഡൻ്റ് രാമകൃഷ്ണൻ നായർ നടുവിൽവീട് വ്യക്തമാക്കി.
ജില്ലയിലെ പ്രധാന വാഴവിപണികളിലൊന്നായ മടിക്കൈയിൽ ഓണക്കാലത്ത് ഏകദേശം 1.5 കോടി രൂപയുടെ വാഴക്കുല വിൽപ്പന സാധാരണയായി നടക്കാറുണ്ട്. എന്നാൽ ഇത്തവണ കുലകൾക്ക് ആവശ്യമായ തൂക്കം ലഭിക്കാത്തതിനാൽ വിൽപ്പന ഏകദേശം 1.37 കോടി രൂപയായി കുറയുമെന്നാണ് പ്രതീക്ഷ.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Vegetable and banana farmers in Kasaragod district face a severe crisis ahead of the Onam market due to erratic monsoon patterns, delayed rains, and subsequent excessive rainfall causing crop diseases.
#KasargodVartha #KasaragodNews #AgricultureCrisis #KeralaFarmers #OnamMarket #VegetableFarming #MonsoonImpact #MalayalamNews #AparnaNews






