Coconut Farmers | വിലയുണ്ടായിട്ടും ഉൽപാദനം കുറഞ്ഞ കേര കർഷകരുടെ പ്രശ്നങ്ങളിറിയാൻ സിപിസിആർഐ ഉദ്യോഗസ്ഥസംഘം പ്രദേശങ്ങളിൽ സന്ദർശനം നടത്തി

● കേര കർഷകർക്ക് വലിയ തോതിലുള്ള ബോധവൽക്കരണം അനിവാര്യമാണ്.
● സിപിസിആർഐ പ്രിൻസിപ്പൽ സൈന്റിസ്റ്റ് ഡോ. കെ ശംസുദ്ദീൻ, ഡോ. പ്രതിഭ ബിഎച്ച്, ഡോ. പ്രതിഭ പിഎസ്, ഡോ. സുചിത്ര എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സന്ദർശനം നടത്തിയത്.
മൊഗ്രാൽ: (KasargodVartha) കേര കർഷകരുടെ പ്രശ്നങ്ങളറിയാനും, പരിശോധനയ്ക്കുമായി കാസർകോട് സിപിസിആർഐയിലെ ഉന്നത ഉദ്യോഗസ്ഥ സംഘം വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. തേങ്ങയ്ക്ക് വിപണിയിൽ നല്ല വില ലഭിക്കുമ്പോൾ കർഷകർക്ക് ഉൽപാദനം കുറഞ്ഞതും, തെങ്ങുകൾ ചത്തൊടുങ്ങുന്നതും, അജ്ഞാത രോഗങ്ങളും പരിശോധനയ്ക്ക് വിധേയമാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ പ്രസിഡണ്ട് ടി കെ അൻവറിന്റെ നേതൃത്വത്തിൽ സിപിസിആർഐ പ്രിൻസിപ്പൽ സൈന്റിസ്റ്റ് കെ ശംസുദ്ദീൻ മൊഗ്രാലിനെ കണ്ട് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാ യിരുന്നു ഉദ്യോഗസ്ഥ സംഘത്തിന്റെ സന്ദർശനം.
ഉൽപാദനം കുറഞ്ഞതും, തെങ്ങുകൾ ചത്തൊടുങ്ങുന്നതും പരിപാലനത്തിലുണ്ടായിട്ടുള്ള വീഴ്ച മൂലമാണെന്നും, രോഗത്തെ പ്രതിരോധിക്കാൻ ശാസ്ത്രീയമാര്‍ഗം കർഷകർ സ്വീകരിച്ചില്ലെന്നും, ഇത് കൂടുതൽ തെങ്ങുകളിലേക്ക് രോഗം വ്യാപിക്കാൻ കാരണമായിട്ടുണ്ടെന്നും സന്ദർശനത്തിൽ ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. തെങ്ങുകൾക്ക് ഉപയോഗിക്കുന്ന വളം പോലും ഫലപ്രദമായിരുന്നില്ല.
കേര കർഷകർക്ക് വലിയ തോതിലുള്ള ബോധവൽക്കരണം അനിവാര്യമാണ്. കൂടുതൽ ഉൽപാദനം പ്രദേശത്തെ തെങ്ങുകളിൽ കാണുന്നുണ്ട്. ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയണം. കർഷകർക്ക് ബോധവൽക്കരണത്തിന് മൊഗ്രാൽ ദേശീയവേദി സാഹചര്യം ഒരുക്കിയാൽ സിപിസിആർഐയിൽ നിന്ന് ബന്ധപ്പെട്ടവർ ഇതിനായി എത്തുമെന്ന് ഉദ്യോഗസ്ഥസംഘം അറിയിച്ചു.
സിപിസിആർഐ പ്രിൻസിപ്പൽ സൈന്റിസ്റ്റ് ഡോ. കെ ശംസുദ്ദീൻ, ഡോ. പ്രതിഭ ബിഎച്ച്, ഡോ. പ്രതിഭ പിഎസ്, ഡോ. സുചിത്ര എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സന്ദർശനം നടത്തിയത്. സന്ദർശന വേളയിൽ ദേശീയവേദി ജനറൽ സെക്രട്ടറി എംഎ മൂസ, ജോയിൻ സെക്രട്ടറിമാരായ ബിഎ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്റഫ് സാഹിബ്, എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് സ്മാർട്ട്, ഗൾഫ് പ്രതിനിധികളായ എൽടി മനാഫ്, അക്ബർ പെർവാഡ്, മൊഗ്രാൽ വലിയ ജുമാമസ്ജിദ് കമ്മിറ്റി ട്രഷറർ ഇബ്രാഹിം കൊപ്പളം, സാമൂഹിക പ്രവർത്തകൻ ജലീൽ കൊപ്പളം എന്നിവർ സംബന്ധിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായും പങ്കുവെക്കൂ, നിങ്ങൾക്കുള്ള അഭിപ്രായം ചുവടെ രേഖപ്പെടുത്തുകയും ചെയ്യു.
CPCRI officials visited the region to assess coconut farmers' issues related to low production and diseases affecting the trees, and discussed solutions.
#CoconutFarmers, #CPCRI, #CoconutProduction, #KeralaAgriculture, #FarmersIssues