റബ്ബറൊഴികെ മറ്റെല്ലാ മേഖലകളിലും ജൈവകൃഷി
Sep 5, 2012, 18:02 IST
കാസര്‍കോട്: റബ്ബറൊഴികെ ജില്ലയിലെ മറ്റെല്ലാ കൃഷികളിലും ജൈവവളങ്ങളും ജൈവകീടനാശിനികളും മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ എന്ന് കാര്ഷീകോല്പാദന കമ്മീഷണര്‍ വിളിച്ചുകൂട്ടിയ ഉന്നത തലയോഗം നിര്‍ദ്ദേശിച്ചു. റബ്ബറൊഴികെ മറ്റ് കൃഷികള്‍ ജൈവകൃഷിയായി ചെയ്യാന്‍ കൂടുതല്‍ കര്‍ഷകരും തയ്യാറാണെന്ന് കൃഷി ഓഫീസര്‍മാര്‍ അഭിപ്രായപ്പെട്ടു.
കളക്ടറേറ്റിലെ മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥന്മാരുടെ യോഗത്തില്‍ കാര്ഷീകോല്പാദന കമ്മീഷണര്‍ സുബ്രതോ ബിശ്വാസ് അദ്ധ്യക്ഷ വഹിച്ചു. നെല്ല്, കവുങ്ങ്, തെങ്ങ്, പച്ചക്കറി തുടങ്ങിയ ജില്ലയിലെ പ്രധാന കൃഷികള്‍ ജൈവ കൃഷിയായി മാറ്റാന്‍ കഴിയുമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജൈവവളം ആവശ്യത്തിന് പ്രാദേശികമായിത്തന്നെ ഉല്പാദിപ്പിക്കാന് കന്നുകാലി വളര്‍ത്തലിന് കൂടുതല്‍ പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കും. കാര്‍ഷിക മേഖലയില്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഉള്‍നാടന്‍ മത്സ്യകൃഷി, ആടുവളര്‍ത്തല്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കും.
ജില്ലയില്‍ ജൈവകൃഷി കൂടുതല്‍ സ്ഥലത്ത് വ്യാപിപ്പിക്കണമെന്ന് കൃഷി ഓഫീസര്‍മാര്‍ക്ക് സുബ്രതോ ബിശ്വാസ് നിര്‍ദ്ദേശം നല്കി. കര്‍ഷകര്‍ക്ക് ഭാവിയില്‍ ആനുകൂല്യം ലഭ്യമാക്കാനായി എല്ലാ കര്‍ഷകരും കൃഷി ഓഫീസില്‍ രജിസ്ട്രേഷന് നടത്തണം. രജിസ്ട്രേഷന് ത്വരിതപ്പെടുത്താനും കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. പൊക്കം കുറഞ്ഞ തെങ്ങിന് തൈകള്‍ ഉല്പാദിപ്പിക്കാന് കോക്കനട്ട് മദര്‍ഫാം തയ്യാറാക്കാനും നിര്‍ദ്ദേശം നല്കി.
എല്ലാ സ്കൂളുകളിലും പച്ചക്കറി കൃഷിയിറക്കാന്‍ ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കണം. കുട്ടികള്‍ക്ക് കൃഷി സംബന്ധിച്ച് അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. കൂടാതെ സ്കൂള്‍ പച്ചക്കറി കൃഷിക്ക് ഓരോ ഘട്ടങ്ങളിലും ആവശ്യമായ സഹായം ലഭ്യമാക്കാനും നിര്‍ദ്ദേശം നല്കി. ജില്ലയിലെ മിക്ക സ്കൂളുകള്‍ക്കും ഓണത്തിനുമുന്‍പ് തന്നെ പച്ചക്കറി വിത്തുകളുടെ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്, കൃഷി ഓഫീസര്‍ എസ്.ശിവപ്രസാദ്, കൃഷി വകുപ്പിലെ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kasaragod, Agriculture






