Indoor Plants | വീടിനകത്ത് ചെടി വളര്‍ത്തല്‍ അലങ്കാരം മാത്രമല്ല ഗുണങ്ങളും നിരവധി; ശുദ്ധവായുവും നല്‍കും
*സോപ്, ഷാമ്പൂ പോലെ നല്ല സുഗന്ധം ഉള്ള ചെടിയാണ് കര്‍പ്പൂര വള്ളി.
*വീടിനകത്തെ ഓക്സിജന്റെ അളവ് മെച്ചപ്പെടുത്താന്‍ മികച്ചതാണ് സര്‍പ്പപോള.
*കറ്റാര്‍വാഴക്ക് പൂപല്‍, ബാക്ടീരിയ എന്നിവയെ ചെറുക്കാനുള്ള കഴിവുണ്ട്.
കൊച്ചി: (KasargodVartha) സ്വപ്‌നം പോലൊരു വീടുണ്ടാവുമ്പോള്‍ വീട്ടിനകത്തെ അന്തരീക്ഷം ശുദ്ധവും സന്തോഷവും നിറഞ്ഞതാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ പാചകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പുക മുതല്‍ വീടുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലോഷനുകളുടെ മണംവരെ വീടിനകത്തെ വായു വിഷമയമാക്കുന്നുണ്ട്. അകത്തളങ്ങള്‍ മോടി പിടിപ്പിക്കാന്‍ പണം ചെലവാക്കുമ്പോള്‍ വീടിനകത്തെ നല്ല വായുസഞ്ചാരം ഉണ്ടാക്കാനായി ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്ന് വീടിനുള്ളില്‍ ചെടികള്‍ വളര്‍ത്തുക എന്നതാണ്.
അകത്തളങ്ങള്‍ക്ക് ചാരുത മാത്രം പോര, നിങ്ങളെ സ്വസ്ഥമാക്കാനുള്ള വൈബ് കൂടി വേണം. വീടിനുള്ളില്‍ വളര്‍ത്തുന്ന ചില ചെടികള്‍ക്ക് വായു ശുദ്ധീകരിക്കാനും ഓക്‌സിജന്‍ ഉല്‍പാദനം കൂട്ടാനും സാധിക്കും. ഒപ്പം നല്ല ഉറക്കം പ്രദാനം ചെയ്യാനും ഇവ സഹായിക്കും. നല്ല തോതില്‍ ഓക്‌സിജന്‍ പുറത്തുവിടുന്ന ഇന്‍ഡോര്‍ പ്ലാന്റുകളായി വളര്‍ത്താന്‍ പറ്റുന്ന ചെടികള്‍ ഏതൊക്കെയെന്ന് നോക്കാം.
കര്‍പ്പൂര വള്ളി: സോപ്, ഷാമ്പൂ പോലെ നല്ല സുഗന്ധം ഉള്ള ചെടിയാണ് ഇത്. ഉറക്കക്കുറവ്, ടെന്‍ഷന്‍ എന്നിവയ്ക്ക് പറ്റിയ ചെടിയാണ് ഇത്. കര്‍പ്പൂരവള്ളിയുടെ സുഗന്ധം വേദനകള്‍ക്ക് പോലും ആശ്വാസം നല്‍കും എന്ന് തെളിഞ്ഞിട്ടുണ്ട്.
സര്‍പ്പപോള: വീടിനകത്തെ ഓക്സിജന്റെ അളവ് മെച്ചപ്പെടുത്താന്‍ മികച്ചതാണ് ഈ ചെടി. പരിപാലനം തീരെ കുറവ് വേണ്ട ചെടി കൂടിയാണ് ഇത്.
കറ്റാര്‍വാഴ: രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും. സൗന്ദര്യവര്‍ധക വസ്തുവായും ഉപയോഗിക്കുന്നു. വീടിനുള്ളിലെ വായു ശുദ്ധമാക്കാനും പൂപല്‍, ബാക്ടീരിയ എന്നിവയെ ചെറുക്കാനുമുള്ള കഴിവും ഒരുപാട് ഔഷധഗുണങ്ങളുള്ള കറ്റാര്‍വാഴക്കുണ്ട്. ഇലകളിലെ ജെല്ലില്‍ മ്യൂകോപോളിസാകറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ വിറ്റമിനുകള്‍, അമിനോ ആസിഡുകള്‍, ഇരുമ്പ്, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.
ഗാര്‍ഡെനിയ: നല്ല ഉറക്കം പ്രദാനം ചെയ്യുന്ന ചെടിയാണ് ഇതെന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല. പക്ഷേ സംഗതി സത്യമാണ്. ഉറക്കത്തെ ഉദ്ദീപിപ്പിക്കുന്ന രാസവസ്തുക്കള്‍ പ്രസരിപ്പിക്കാന്‍ ഇതിനുള്ള കഴിവ് പഠനത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. വീടിനുള്ളിലെ മലിനവായു വലിച്ചെടുക്കാനും ഇതിന് കഴിവുണ്ട്.
ബാംബൂ പാം: വീട്ടിനുള്ളില്‍ വയ്ക്കാന്‍ ഏറ്റവും മനോഹരമായ ഈ ചെടിക്ക് ദീര്‍ഘനാള്‍ ജലം ഇല്ലാതെ വളരാനും സാധിക്കും. ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍, ട്രൈക്ലോറോ എത്‌ലിന്‍, സൈലിന്‍ എന്നിവ വലിച്ചെടുക്കാന്‍ ഏറ്റവും നല്ല ചെടിയാണ് ഇത്.