city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പച്ചക്കറി കൃഷിയില്‍ നേട്ടംകൊയ്ത് ബാലകൃഷ്ണന്‍

പെരിയ: (www.kasargodvartha.com 23.04.2014) പച്ചക്കറികൃഷികളുടെ വിളനിലം - പെരിയ പഞ്ചായത്തിലെ ആയംപാറയിലെ കാനത്തുങ്കാല്‍ വീട്ടില്‍ ബാലകൃഷ്ണന്റെ കൃഷിയിടത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. കടുത്ത വേനലില്‍ പോലും പച്ചപ്പിന്റെ മനോഹാരിത നിറഞ്ഞതാണ് ഈ കര്‍ഷകന്റെ കൃഷിയിടം. ഒന്നര ഏക്കര്‍ കൃഷിഭൂമിക്ക് പുറമേ ഏക്കറുകണക്കിന് സ്ഥലം പാട്ടത്തിനെടുത്തും കൃഷി ഇറക്കിയിട്ടുണ്ട്. പാവല്‍, കോവല്‍, ഞരമ്പന്‍, കക്കിരി, പടവലം, ചീര, പയര്‍ തുടങ്ങിയ പച്ചക്കറികളും നേന്ത്രവാഴയും കൊണ്ട് വിപുലമാണ് കൃഷിയിടം.

കഴിഞ്ഞ 35 വര്‍ഷത്തോളമായി ഇദ്ദേഹം പാരമ്പര്യമായി കൃഷി ചെയ്തു പോരുന്നു. കുടുംബത്തിലെ എല്ലാ അംഗങ്ങളും കര്‍ഷകരാണ്. അതുകൊണ്ട് തന്നെ കൃഷി തന്നെയായിരുന്നു ബാലകൃഷ്ണന്റെയും പാത. ചെറുപ്പംതൊട്ടേ കൃഷിയുടെ ബാലപാഠങ്ങളെല്ലാം ഈ കര്‍ഷകന്‍ ഹൃദിസ്ഥമാണ്.

പാട്ടത്തിനെടുത്ത രണ്ടേക്കറില്‍ ആതിര, ജയ എന്നീ നെല്ലിനങ്ങളും കൃഷി ചെയ്യുന്നു. കഴിഞ്ഞ വിളവില്‍ വീട്ടാവശ്യത്തിനുള്ള നെല്ല് എടുത്തതിനുശേഷം 28 ക്വിന്റലോളം വില്‍പന നടത്തി. പച്ചക്കറികള്‍ കൃഷി ചെയ്യുമ്പോള്‍ ഒരു തടത്തില്‍ നിന്നും 10 കിലോയിലധികം വിളവ് ലഭിക്കുകയാണെങ്കില്‍ കൃഷി ഏറ്റവും ലാഭകരം തന്നെ-ബാലകൃഷ്ണന്‍ പറയുന്നു. പച്ചക്കറികളില്‍ ഏതെങ്കിലും വിളകള്‍ നഷ്ടം വരുന്നതിനു മുമ്പേ അടുത്ത വിളവ് ഇറക്കുന്ന രീതിയാണ് പിന്തുടരുന്നത്. പാവലും പയറും കോവലുമൊക്കെ നൈലോണ്‍ വള്ളികളിലാണ് പടര്‍ത്തുന്നത്. കൃഷിയിടത്തില്‍ കമ്പിയടിച്ച് അതിലേക്ക് നൈലോണ്‍ വള്ളികള്‍ കെട്ടിയാണ് പടര്‍ത്തുന്നത്. ഇത്തരത്തിലുള്ള പന്തലുകള്‍ ഒരുക്കിയാല്‍ പച്ചക്കറികള്‍ പറിക്കുവാന്‍ എളുപ്പമാണ്. കൂടാതെ രോഗസാധ്യതയും കുറയും എന്നതാണ് ബാലകൃഷ്ണന്റെ അനുഭവസാക്ഷ്യം.
പച്ചക്കറി കൃഷിയില്‍ നേട്ടംകൊയ്ത് ബാലകൃഷ്ണന്‍

വാഴക്കൃഷിയാണ് ഇദ്ദേഹത്തിന്റെ വരുമാനത്തിന്റെ മറ്റൊരു സ്രോതസ്സ്. 600 വാഴകളാണ് ബാലകൃഷ്ണന്‍ ഇത്തവണ കൃഷി ചെയ്തിട്ടുള്ളത്. രാവിലെ മൂന്ന് മണിക്ക് വാഴയ്ക്ക് വെള്ളം നനക്കാനായി കൃഷിയിടത്തിലുണ്ടാവും. കൃഷിപ്പണികള്‍ രാത്രി വൈകുവോളവും തുടരും. ജലസേചനത്തിനായി കുഴല്‍കിണറും മോട്ടോര്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷത്തോളമായി ജൈവരീതിയിലാണ് പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്. ജൈവകൃഷിയിലൂടെ രോഗങ്ങള്‍ കുറയുകയും ഉല്പാദനവും വര്‍ധിക്കുകയും ചെയ്തു. രണ്ട് എച്ച്.എഫ് പശുക്കളും കൃഷിയിടത്തിലുണ്ട്. പശുക്കള്‍ക്ക് തീറ്റ നല്‍കുവാനായി 10 സെന്റില്‍ തീറ്റപ്പുല്‍ക്കൃഷിയും ചെയ്യുന്നു. 150 കുരുമുളക്, 70 തെങ്ങ് എന്നിവയും വീടിനോടു ചേര്‍ന്നുള്ള കൃഷിയിടത്തിലുണ്ട്.
കൃഷിയോടുള്ള ആത്മാര്‍ത്ഥത തന്നെയാണ് 55-ാമത്തെ വയസ്സിലും കൃഷി തുടര്‍ന്നു പോരാന്‍ ബാലകൃഷ്ണനെ പ്രേരിപ്പിക്കുന്നത്. കൃഷി തന്നെയാണ് വീട്ടിലെ ഏറ്റവും വലിയ വരുമാനസ്രോതസ്സ്. പഴം-പച്ചക്കറി വികസന സമിതി (വി.എഫ്.പി.സി.കെ) യുടെ കീഴിലുള്ള സ്വാശ്രയകര്‍ഷക സമിതിയിലെ അംഗമായ ഇദ്ദേഹം പച്ചക്കറികള്‍ വിപണനം ചെയ്യുന്നതും സമിതിയിലൂടെ തന്നെയാണ്. കമ്പോളവിലയേക്കാള്‍ കൂടുതല്‍ വില സമിതി മുഖേന ലഭിക്കുന്നുണ്ട്.
പച്ചക്കറി കൃഷിയില്‍ നേട്ടംകൊയ്ത് ബാലകൃഷ്ണന്‍

കൃഷിയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങളും ബാലകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. 2009 മുതല്‍ തുടര്‍ച്ചയായ അഞ്ച് വര്‍ഷങ്ങളില്‍ വി.എഫ്.പി.സികെയുടെ ജില്ലയിലെ മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ടു. കൃഷിവകുപ്പിന്റെ 2013 ലെ ജില്ലയിലെ മികച്ച പച്ചക്കറി കര്‍ഷകന്‍ കൂടിയാണ് ഇദ്ദേഹം. കൃഷിയില്‍ എല്ലാവിധ പ്രോത്സാഹനവും സഹകരണവുമായി ഭാര്യ നിര്‍മ്മല കൂടെയുണ്ട്. ഞങ്ങളുടെ തലമുറ കഴിഞ്ഞാല്‍ കൃഷി അന്യം നിന്നു പോകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കൃഷിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ബാലകൃഷ്ണന്‍ തന്റെ ആശങ്കകള്‍ പങ്കുവയ്ക്കുന്നു. അധ്വാനിക്കാനുള്ള മനസ്സും ശരീരവുമുണ്ടെങ്കില്‍ കൃഷിയില്‍ വിജയം സുനിശ്ചിതം- ബാലകൃഷ്ണന്റെ വിജയമന്ത്രമാണിത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
തിരഞ്ഞെടുപ്പ്: പിടികൂടിയത് കണക്കില്‍പെടാത്ത 240 കോടി

Keywords:  Agriculture, Vegitable, Kasaragod, Periya, Kerala, Balakrishnan, Malayalam News, Kasaragod News.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia