Disaster Response | ശക്തമായ കാലവര്‍ഷം: വളര്‍ത്തു മൃഗങ്ങളുണ്ടോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ! നിര്‍ദേശവുമായി മൃഗസംരക്ഷണ വകുപ്പ്
തൊഴുത്തുകളില്‍ ഇലക്ട്രിക് വയറുകള്‍ അലക്ഷ്യമായി ഇടരുത്. ഇടിമിന്നലുള്ള സമയങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ കന്നുകാലികളെ മേയാന്‍ വിടരുത്.
തിരുവനന്തപുരം: (KasargodVartha) സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും രൂക്ഷമായ സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖലയിലെ കെടുതികള്‍ നേരിടുന്നതിലേക്കായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു.
അടിയന്തിര സാഹചര്യങ്ങല്‍ നേരിടുന്നതിനായി ചീഫ് നെറ്ററിനറി ഓഫീസര്‍ കോര്‍ഡിനേറ്റര്‍ ആയുള്ള ഒരു ദ്രുത കര്‍മ്മസേന രൂപീകരിക്കുന്നതിനും മുന്‍ വര്‍ഷങ്ങളില്‍ പ്രകൃതിക്ഷോഭം ഉണ്ടായ പ്രദേശങ്ങളില്‍ മുന്‍കരുതലായി മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കുവാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും നിര്‍ദേശം നല്‍കി.
ദുരന്ത ബാധിത മേഖലകളിലെ സുരക്ഷിത കേന്ദ്രങ്ങളില്‍ മൃഗങ്ങള്‍ക്കായി അടിയന്തിരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കുന്നതിനും അവിടങ്ങളില്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യത, മൃഗചികിത്സാ സഹായം തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്കായി പുറപ്പെടുവിക്കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍
1. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സമയാസമയങ്ങളിലുള്ള ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ഷകരും പൊതുജനങ്ങളും കര്‍ശനമായി പാലിക്കേണ്ടതാണ്.
2. വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടല്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ കര്‍ഷകര്‍ ജാഗരൂകരായിരിക്കണം. മുന്‍വര്‍ഷങ്ങളില്‍ പ്രകൃതിക്ഷോഭം ഉണ്ടായ പ്രദേശങ്ങളിലെ കര്‍ഷകര്‍ ജാരൂകരായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ പ്രകൃതിക്ഷോഭം ഉണ്ടായ പ്രദേശങ്ങലില്‍ മുന്‍കരുതലായി മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കുവാന്‍ അനുയോജ്യമായ സ്ഥലങ്ങല്‍ കണ്ടെത്തി ജാഗ്രത പാലിക്കേണ്ടതാണ്.
3. വെള്ളക്കെട്ടും മലവെള്ള പാച്ചിലും ഉണ്ടാകുന്ന സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളെ സുരക്ഷിതമായി പാര്‍പ്പിക്കുകയോ കെട്ടിയിട്ട മൃഗങ്ങളെ അഴിച്ചു വിടാനോ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
4. വെള്ളം ഉയരാനുള്ള സാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും കന്നുകാലികളെ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കേണ്ടതാണ്.
5. കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴാന്‍ സാധ്യതയുണ്ട്. ഇലക്ട്രിക് പോസ്റ്റുകളിലും സ്‌റ്റേ കമ്പികളിലും കന്നുകാലികളെ കെട്ടിയിടരുത്.
6. തൊഴുത്തുകളില്‍ ഇലക്ട്രിക് വയറുകള്‍ അലക്ഷ്യമായി ഇടരുത്. ഇടിമിന്നലുള്ള സമയങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ കന്നുകാലികളെ മേയാന്‍ വിടരുത്.
7. ശക്തമായ മഴയുള്ള സമയങ്ങളില്‍ കന്നുകാലികളെ തുറന്ന സ്ഥലത്ത് കെട്ടിയിടുകയോ മേയാന്‍ അനുവദിക്കുകയോ ചെയ്യരുത്.
8.കന്നുകാലികളെ ബലക്ഷയമുള്ള മേല്‍ കൂരുകള്‍ക്കിടയില്‍ പാര്‍പ്പിക്കരുത്. മഴക്കാലത്ത് കാലിത്തീറ്റിയില്‍ പൂപ്പല്‍ ബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തറയില്‍ നിന്നും ഉയര്‍ന്നതും നനവില്ലാത്തതുമായ സ്ഥലങ്ങളില്‍ തീറ്റ സൂക്ഷിക്കേണ്ടതാണ്.
9. മഴക്കാലുത്തു കാലിത്തൊഴുത്തില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്.
10. കന്നുകാലികളില്‍ അകിടുവീക്കം ഉണ്ടാകാന്‍ സാധ്യത ഉ്‌ളളതിനാല്‍ മഴക്കാലത്ത് കറവയ്ക്ക് ശേഷം അണുനശീകരണ ലായനിയില്‍ കാമ്പുകള്‍ മുക്കി വിടുന്നത് അകിട് വീക്കം തടയാന്‍ സഹായിക്കും.
11. കേരളത്തിലെ ആര്‍ദ്രത കൂടിയ കാലാവസ്ഥയില്‍ മഴക്കാലത്ത് ശ്വാസകേശ സംബന്ധമായ അസുഖങ്ങല്‍ പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
12. കൊതുക് ഈച്ച ശല്യം നിയന്ത്രിക്കുന്നതിന് കര്‍ഷകര്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. മലിനജലം കലര്‍ന്ന കുടിവെള്ളം കുടിവെള്ളം കുടിക്കുന്നതിലൂടെ കന്നുകാലികളില്‍ വയറിളക്കം പോലുള്ള അസുഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശുദ്ധമായ കുടിവെള്ളം മാത്രം കുടിക്കാന്‍ നല്‍കുക.
13. കാലവര്‍ഷ കെടുതിയുമായി ബന്ധപ്പെട്ട കഷ്ട നഷടങ്ങൾ അതത് സ്ഥലത്തെ സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലേക്കും അടിയന്തിര സഹാചര്യങ്ങല്‍ നേരിടുന്നതിനും മറ്റു ക്രമീകരണങ്ങള്‍ക്കുമായി കാസര്‍കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. നമ്പർ: 04994 224624.