city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിത്തുല്‍പാദന നഗരമായി മാറാനൊരുങ്ങി നീലേശ്വരം; അരക്കോടിയുടെ കര്‍മ്മ പദ്ധതിയുമായി നഗരസഭ

കാസര്‍കോട്: (www.kasargodvartha.com 22.05.2020) 'വിത്തും കൈക്കോട്ടും' പദ്ധതിയിലൂടെ നീലേശ്വരം വിത്ത് ഉത്പാദന നഗരമായി മാറാനൊരുങ്ങുന്നു. പടന്നക്കാട് കാര്‍ഷിക കോളേജിന്റെ പങ്കാളിത്തത്തോടെ കോവിഡാനന്തര കാലഘട്ടത്തിലെ ഭക്ഷ്യ സ്വയംപര്യാപ്തത മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി വൈവിധ്യമാര്‍ന്ന കാര്‍ഷിക കര്‍മ്മ പരിപാടികള്‍ക്ക് നീലേശ്വരം നഗരസഭ രൂപം നല്‍കി.    ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ബാബുവിന്റെ സാന്നിധ്യത്തില്‍ നഗരസഭ, കാര്‍ഷിക കോളേജ്, കാര്‍ഷിക സഹകരണ സ്ഥാപനങ്ങള്‍, കൃഷി വകുപ്പ്, കര്‍ഷക സംഘടനകള്‍ തുടങ്ങിയ പ്രതിനിധികളുടെ യോഗത്തിലാണ്  'വിത്തും കൈക്കോട്ടും'പദ്ധതി ആവിഷ്‌കരിച്ചത്.   പടന്നക്കാട് കാര്‍ഷിക കോളേജിന്റെ പങ്കാളിത്തത്തോടെ വിവിധതരം കാര്‍ഷികവിത്തുകള്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലെ പ്രധാന കര്‍മ്മപരിപാടി. ഇതിനായി കാര്‍ഷിക കോളേജിന്റെ കരുവാച്ചേരിയിലെ അഞ്ച്  ഏക്കര്‍ സ്ഥലത്ത് കാര്‍ഷിക കോളേജിലെ കൃഷി ശാസ്ത്രജ്ഞന്മാരുടെ സാങ്കേതിക സഹായത്തോടുകൂടി കര്‍ഷക പങ്കാളിത്തത്തോടെ വിവിധതരം വിത്തുകളും നടീല്‍ വസ്തുക്കളും ഉത്പാദിപ്പിക്കും.   വിവിധ വാര്‍ഡുകളിലെ കാര്‍ഷിക കര്‍മ്മസേനകള്‍ക്കും പ്രാദേശിക കര്‍ഷകര്‍ക്കും ശാസ്ത്രീയമായ വിത്ത് ഉത്പാദനത്തിന് വിദഗ്ദരുടെ സഹായവും ലഭിക്കും.  ഇങ്ങനെ ഉത്പാാദിപ്പിക്കുന്ന വിവിധയിനം വിത്തുകള്‍ നീലേശ്വരത്തെ കര്‍ഷകര്‍ക്ക് നല്‍കിയതിനുശേഷം മിച്ചമുള്ളത്  മറ്റ് പ്രദേശങ്ങള്‍ക്ക് നല്‍കാനായി കാര്‍ഷിക കോളേജ് വിലയ്ക്ക് വാങ്ങും.

പുതു സമൂഹത്തിന് യുവകര്‍ഷക സേന

'പുതുഇടം പുതുസമൂഹം' എന്ന സന്ദേശവുമായി 15 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവരെ പരമാവധി കാര്‍ഷികവൃത്തിയിലേക്ക് ആകര്‍ഷിക്കുവാന്‍ യുവകര്‍ഷക സേന രൂപീകരിക്കും.  നീലേശ്വരത്തെ വിവിധ കാര്‍ഷിക സഹകരണ സംഘങ്ങള്‍ ഇതിന് തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്.  ഇതോടൊപ്പം കാര്‍ഷിക സഹകരണ സംഘങ്ങള്‍ ഈ പദ്ധതിയുടെ കീഴില്‍ സ്വന്തമായി പുതിയ സ്ഥലങ്ങളില്‍ കൃഷി ചെയ്യുകയും കാര്‍ഷിക വായ്പയിലൂടെ മറ്റ് സഹായങ്ങളും ചെയ്ത് കൃഷി ചെയ്യുന്ന സ്ഥലങ്ങളുടെ വ്യാപ്തി ഗണ്യമായി വര്‍ദ്ധിപ്പിക്കും.  വിദേശത്തുനിന്നും തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി പ്രത്യേക കാര്‍ഷിക പദ്ധതിയും ലക്ഷ്യമിടുന്നുണ്ട്.

വിത്തുല്‍പാദന നഗരമായി മാറാനൊരുങ്ങി നീലേശ്വരം; അരക്കോടിയുടെ കര്‍മ്മ പദ്ധതിയുമായി നഗരസഭ

കര്‍ഷകരെ കൃഷിഭൂമിയില്‍ ഉറപ്പിച്ച് നിര്‍ത്തുവാന്‍ 'ഗ്രീന്‍ റോയല്‍റ്റി' എന്ന സഹായ പദ്ധതി നീലേശ്വരം നഗരസഭ ബജറ്റില്‍ഉള്‍പ്പെടുത്തിയിട്ടുണ്.  നഗരസഭാ പരിധിയിലെ എല്ലാ വീടുകളിലും കൃഷി ഭവന്റെ സഹകരണത്തോടെ പച്ചക്കറി വിത്ത് പാക്കറ്റുകള്‍  വിതരണം ചെയ്തു.  എല്ലാ വീടുകളിലേക്കും വിവിധതരം പച്ചക്കറി വിത്തുകള്‍ അടങ്ങിയ മറ്റൊരു പാക്കറ്റും, ഓരോ ടിഷ്യുകള്‍ച്ചര്‍ വാഴക്കന്നും വിതരണം ആരംഭിച്ചിട്ടുണ്ട്.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ കര്‍ഷകര്‍ക്ക് നിലമൊരുക്കുവാനും തരിശുഭൂമി കൃഷിയോഗ്യമാക്കുവാനും 52.5 ലക്ഷം രൂപ ചിലവഴിക്കുവാനുള്ള ആക്ഷന്‍ പ്ലാനിനും ലേബര്‍ ബജറ്റിനും നീലേശ്വരം നഗരസഭക്ക് സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം ലഭിച്ചുകഴിഞ്ഞുയെന്നും  കഴിഞ്ഞ നാലു വര്‍ഷമായി പദ്ധതി വിഹിതത്തിന്റെ നൂറുശതമാനം തുടര്‍ച്ചയായി കാര്‍ഷികമേഖലയില്‍ ചിലവഴിക്കാന്‍ നഗരസഭയ്ക്ക് സാധിച്ചുവെന്നും ചെയര്‍മാന്‍  പ്രൊഫ. കെ.പി. ജയരാജന്‍ പറഞ്ഞു.

 ആലോചനായോഗം ജില്ലാ കളക്ടര്‍ ഡോ ഡി. സജിത്ബാബു ഉദ്ഘാടനം ചെയ്തു.  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. പടന്നക്കാട് കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ പി.ആര്‍. സുരേഷ്, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ. കുഞ്ഞികൃഷ്ണന്‍, പി.പി. മുഹമ്മദ് റാഫി, കൗണ്‍സിലര്‍മാരായ പി. ഭാര്‍ഗ്ഗവി, കെ.വി. സുധാകരന്‍, പി.വി. ഗീത, സി. മാധവി, കൃഷി ഓഫീസര്‍ കെ.എ. ഷിജോ, കാര്‍ഷിക സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികളായ എം. രാധാകൃഷ്ണന്‍ നായര്‍, പി.വി. സതീശന്‍, രമേശന്‍ കരുവാച്ചേരി, കര്‍ഷക സംഘടനാ പ്രതിനിധികളായ എം. അസിനാര്‍, പി.ജി. ഗംഗാധരന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.




Keywords: Kasaragod, Kerala, News, Agriculture, Neeleswaram, Municipality, Agricultural project by Neeleshwaram municipality

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia