city-gold-ad-for-blogger

വിസ്മയം തീര്‍ത്ത് കാര്‍ഷിക പ്രദര്‍ശനം

വിസ്മയം തീര്‍ത്ത് കാര്‍ഷിക പ്രദര്‍ശനം
കാസര്‍കോട്: ദിവസം 36 ലിറ്റര്‍ പാല്‍ ചുരത്തുന്ന ഗുജറാത്തില്‍ നിന്നുള്ള ഗിര്‍പശു കര്‍ഷകരില്‍ സൃഷ്ടിച്ചത് വിസ്മയം. 1500 കിലോ വരെ തൂക്കം വരുന്ന നല്ലയിനം ഗിര്‍പശുവിനെ വാങ്ങാനാണെങ്കില്‍ നല്ല വില നല്‍കണം. 50000 മുതല്‍ ഒരു ലക്ഷം രൂപ വരെ ഈയിനം പശുവിന് വില നല്‍കേണ്ടി വരും. ആത്മ കാര്‍ഷികോത്സവത്തിലാണ് ഗിര്‍, കാന്‍ക്രെജ് ഇനങ്ങളിലുള്ള പശുക്കളെ പരിചയപ്പെടുത്തുന്നത്. കാന്‍ക്രെജ് പശു ദിവസം എട്ട് ലിറ്റര്‍ പാല്‍ തരും. 1500 കിലോ തൂക്കം വരും. ഇതിനും നല്‍കണം ഒരു ലക്ഷം രൂപ സ്വന്തമാക്കണമെങ്കില്‍.
വിവിധയിനം കന്നുകാലികളെ കൂടാതെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ് ആത്മ കാര്‍ഷികോത്സവം. പാളയംകോടന്‍, റോബസ്റ്റ, ചാരപ്പൂവന്‍, നെയ്പൂവന്‍, സുന്ദരി, ചെങ്കദളി, കദളി, പൂജാ കദളി, കാവേരി, ഞാണിപ്പൂവന്‍ എന്നിങ്ങനെ എല്ലാതരം വാഴയിനങ്ങളുമുണ്ട് പ്രദര്‍ശനത്തിന്.
കിനാനൂര്‍-കരിന്തളം തേനീച്ച ഗ്രാമത്തില്‍ നിന്നുള്ള നാച്ചുറല്‍ ഹണി തേനുല്‍പ്പന്നങ്ങള്‍ നിരവധി പേരെ ആകര്‍ഷിക്കുന്നു. മുഖകാന്തിക്കുള്ള തേന്‍ ഫെയ്‌സ്‌ക്രീം മുതല്‍ നാരങ്ങാനീരും ഇഞ്ചിനീരും ചേര്‍ത്ത് തയ്യാറാക്കിയ ഹണികോള വരെ ഉല്‍പ്പന്നങ്ങളുടെ നീണ്ടനിര തന്നെയുണ്ട് തേനീച്ച ഗ്രാമത്തിന്റെ സ്റ്റാളില്‍. റോയല്‍ജെല്ലി, തേനീച്ചവിഷം, ഹണിസോപ്പ്, തേന്‍മെഴുക്, പൂമ്പൊടി എന്നിങ്ങനെ പോകുന്നു ആ പട്ടിക. പരാഗണത്തിലൂടെ കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനാണ് തേനീച്ച കൃഷി പ്രത്സാഹിപ്പിക്കുന്നത്. 40 ശതമാനം വരെ ഉല്‍പ്പാദന വര്‍ദ്ധന ഇങ്ങനെ ലക്ഷ്യമിടുന്നു. ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ സഹായത്തോടെയാണ് തേനീച്ച കൃഷിക്ക് വിവിധ ഏജന്‍സികള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.
ചക്കച്ചുള വട, ചക്കച്ചുള ഉണ്ടിലിക്ക, ചക്ക വരട്ടിയത്, വാഴക്ക ഹല്‍വ എിങ്ങനെ സ്വാദുള്ള വിഭവങ്ങളുമായി ബദിയഡുക്ക പ്രകൃതി അഗ്രിവുമ സൊസൈറ്റി ഒരുക്കിയ സ്റ്റാള്‍ പ്രദര്‍ശനത്തിലുണ്ട്. എല്ലാം വീട്ടിലുണ്ടാക്കിയവ. സ്വാദും ശുചിത്വവും ഗ്യാരണ്ടി.
എന്‍ഡോസള്‍ഫാന്‍ ഭീതി വിതച്ച ജില്ലയില്‍ ജൈവകൃഷിയിലൂടെ മാത്രം ഉല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങളുമായാണ് ദേലമ്പാടി കൃഷിഭവന്‍ പ്രദര്‍ശനത്തിനെത്തിയത്. വെണ്ടക്ക, വഴുതന, വെള്ളരി, പയര്‍, പാവയ്ക്ക, ചേമ്പ് എന്നിങ്ങനെ വിവിധയിനം കാര്‍ഷിക വിഭവങ്ങള്‍. കുടുംബശ്രീ യൂണിറ്റുകളും കര്‍ഷക സംഘങ്ങളും ഉല്‍പ്പാദിപ്പിച്ചവ. രാസവളം തൊടാതെയാണ് കര്‍ഷക സ്ത്രീകള്‍ ഇവ കൃഷി ചെയ്തത്.
കൃഷിയുടെ ആയാസം കുറയ്ക്കാന്‍ സഹായിക്കുന്ന യന്ത്രോപകരണങ്ങളുടെ പ്രദര്‍ശനമാണ് മറ്റൊരു ആകര്‍ഷണം. മരത്തടികള്‍ എളുപ്പത്തില്‍ മുറിക്കാന്‍ മരം മുറി യന്ത്രം, നെല്ലുകൊയ്ത്തിനും കാട് വെട്ടാനുമുള്ള കാട്മുറി യന്ത്രം, റബ്ബറിന് മരുന്ന് തളിക്കാനുള്ള മിസ്റ്റ് ബ്ലോവര്‍, റോട്ടറി ടില്ലര്‍ തുടങ്ങി നിരവധി യന്ത്രോപകരണങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.
ചീര, വെണ്ട, പാവല്‍, പടവലം, നരമ്പന്‍ തുടങ്ങിയ നിരവധി വിത്തിനങ്ങളുമായി വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഒരുക്കിയ സ്റ്റാള്‍ നിരവധി പേരെ ആകര്‍ഷിക്കുന്നു. ഫിഷറീസ്, റെയ്ഡ്‌കോ, സി.പി.സി.ആര്‍.ഐ, അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, മൃഗസംരക്ഷണം, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ വിവിധ വകുപ്പുകളും ഏജന്‍സികളും ഒരുക്കിയ 65 സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുള്ളത്. കാര്‍ഷിക വിജ്ഞാനവും പുത്തന്‍ സാങ്കേതിക വിദ്യയും പകര്‍്ന്ന് നല്‍കുന്ന ആത്മ കാര്‍ഷികോത്സവം കാഴ്ചകള്‍ കൊണ്ടും സമ്പന്നമാണ്.

Keywords: Kasaragod, Agriculture, Festival, Aathma, Display. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia