കാലവര്‍ഷം: കാസര്‍കോട്ട് ഇതുവരെയായി 210 വീടുകള്‍ തകര്‍ന്നു, 3.70 കോടി രൂപയുടെ കൃഷി നാശം
കാസര്‍കോട്: (www.kasargodvartha.com 10.08.2020) കാലവര്‍ഷം കാസര്‍കോട് ജില്ലയില്‍ ശക്തം.പുഴകള്‍ കരകവിഞ്ഞൊഴുകിയാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചത്. ജൂണ്‍ ഒന്നിന് കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ജില്ലയില്‍ ഇതുവരെയായി 210 വീട് ഭാഗികമായും 19 വീട് പൂര്‍ണ്ണമായും തകര്‍ന്നു. കാലവര്‍ഷ കെടുതിയില്‍ ജില്ലയില്‍ ഇതുവരെയായി നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് ഉള്ളത്.രണ്ടും വെള്ളരിക്കുണ്ട് താലൂക്കില്‍ ആണ്.
ഹോസ്ദുര്‍ഗ്ഗ് താലൂക്കിലെ കയ്യൂര്‍,ചീമേനി,ക്ലായിക്കോട്, ചെറുവത്തൂര്‍, തുരുത്തി, നീലേശ്വരം, പേരോല്‍, മടിക്കൈ, പുല്ലൂര്‍, പനയാല്‍, ഉദുമ, പുതുക്കൈ, നോര്‍ത്ത് തൃക്കരിപ്പൂര്‍, സൗത്ത് തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ, ബല്ല, അമ്പലത്തറ എന്നീ വില്ലേജുകളെയും അനുബന്ധ പഞ്ചായത്തുകളെയും കാലവര്‍ഷം സാരമായി ബാധിച്ചു. നിലവില്‍ ഹോസ്ദുര്‍ഗ്ഗ് താലുക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും കാലവര്‍ഷ ഭീഷണിയെ തുടര്‍ന്ന് 915 കുടുംബങ്ങളിലെ 4657 അംഗങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി താലൂക്കില്‍ രണ്ട് വീട് പൂര്‍ണ്ണമായും 10 വീട് ഭാഗികമായും തകര്‍ന്നിട്ടുണ്ട്.ഈ ഇനത്തില്‍ 5.54 ലക്ഷം രൂപയുടെ നാശനഷ്ടം രേഖപ്പെടുത്തി.
വെള്ളരിക്കുണ്ട് താലൂക്കില്‍ നിലവില്‍ രണ്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ രണ്ട് ക്യാമ്പുകളിലായി 33 കുടുംബങ്ങളിലെ 77 അംഗങ്ങളാണ് താമസിക്കുന്നത്.98 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഓഗസ്റ്റ് 9 ന് രാത്രി വെസ്റ്റ് എളേരി വില്ലേജില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്ന് നാട്ടക്കല്ല് വയോജന മന്ദിരത്തില്‍ രണ്ടു കുടുംബങ്ങളിലെ ഒന്‍പത് പേരെ മാറ്റി താമസിപ്പിച്ചിരുന്നു.എന്നാല്‍ ഭീഷണി അകന്നതിനെതുടര്‍ന്ന് തിങ്കളാഴ്ച രാവിലെ അവര്‍ വീടുകളിലേക്ക് മടങ്ങി.വെള്ളരിക്കുണ്ട് താലൂക്കില്‍ 59 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.കാലവര്‍ഷം ആരംഭിച്ചതുമുതല്‍ താലൂക്കില്‍ ഇതുവരെയായി ഒരുകോടി രൂപയുടെ നാശനഷ്ടം രേഖപ്പെടുത്തി
കാസര്‍കോട് താലൂക്കില്‍ 206 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. താലൂക്കില്‍ ഇതുവരെയായി രണ്ട് വീട് പൂര്‍ണ്ണമായും 86 വീട് ഭാഗികമായും തകര്‍ന്നു.ഇതുവരെയായി 2400000 രൂപയുടെ നാശനഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. കാലവര്‍ഷത്തെ തുടര്‍ന്ന് മഞ്ചേശ്വരം താലൂക്കിലെ 22 കുടുംബങ്ങളിലെ 99 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഏഴ് വീട് പൂര്‍ണമായും 15 വീട് ഭാഗീകമായും തകര്‍ന്നു. മഞ്ചേശ്വരത്ത് കടല്‍ ക്ഷോഭത്തെ തുടര്‍ന്നും ബംബ്രാണ വയലില്‍ വെള്ളം കയറിയതിനെ തുടര്‍ന്നുമാണ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത്. പൈവളികെയില്‍ മണ്ണിടിഞ്ഞാണ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിയത്
3.70 കോടി രൂപയുടെ കൃഷി നാശം
കാലവര്‍ഷകെടുതിയില്‍ ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 370.88 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. റബര്‍, നേന്ത്രവാഴ, തെങ്ങ്, നെല്ല്, അടയ്ക്ക, കുരുമുളക്, കിഴങ്ങ് വിളകള്‍, എന്നിങ്ങനെ 286.25 ഹെക്ടറിലെ വിളകള്‍ക്കാണ് നാശം സംഭവിച്ചത്. 1862 കര്‍ഷകരെയും കാലവര്‍ഷം പ്രതികൂലമായി ബാധിച്ചു.
ജില്ലയില്‍ മഞ്ഞ അലേര്‍ട്ട്
ജില്ലയില്‍ ഓഗസ്റ്റ് 11 നും മഞ്ഞ അലേര്‍ട്ടാണ്യെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയാണ് സാധ്യത. ഓഗസ്റ്റ് 12,13,14 തീയ്യതികളില്‍ ജില്ലയില്‍ പച്ച അലേര്‍ട്ടാണ്.
ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു
കാസര്‍കോട് താലൂക്ക് പരിധിയിലെ തളങ്കര വില്ലേജ് കൊപ്പല്‍ പ്രദേശത്ത് ചന്ദ്രഗിരിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് തളങ്കര കുന്നില്‍ ജിഎല്‍ പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. 20 വീടുകളില്‍ നിന്നുമായി 40 പരുഷന്‍മാരും 41 സ്ത്രീകളും 16 കുട്ടികളുമായിരുന്നു ക്യാമ്പില്‍ ഉണ്ടായിരുന്നത്. വെള്ളം താഴ്ന്നു തുടങ്ങിയതോടെ ഏഴ് കുടുംബങ്ങള്‍ ആദ്യം തിരികെ പോയി. മഴ കുറഞ്ഞ് ചന്ദ്രഗിരിപ്പുഴയിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് അവശേഷിക്കുന്ന കുടുംബങ്ങളും വീടുകളിലേക്ക് മടങ്ങി.
66.966 മില്ലിമീറ്റര്‍ മഴ ലഭിച്ചു
കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 66.966 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മഴയില്‍ എട്ട് വീട് ഭാഗികമായും തകര്‍ന്നു. കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ജില്ലയില്‍ ഇതുവരെയായി 2722.716 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.