city-gold-ad-for-blogger

Temple Fest | ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്ര പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബര്‍ 2ന് കൊടിയേറും

കണ്ണൂര്‍: (KasargodVartha) പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്ര പുത്തരി തിരുവപ്പന മഹോത്സവം ഡിസംബര്‍ രണ്ടു മുതല്‍ ആറുവരെ വരെ നടക്കും. രണ്ടിന് രാവിലെ 8.50നും 9.30നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ മടപ്പുര ട്രസ്റ്റിയും ജെനറല്‍ മാനജരുമായ പി എം സതീശന്‍ മടയന്റെ സാന്നിധ്യത്തില്‍ മാടമന ഇല്ലത്ത് തമ്പ്രാക്കള്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും. ഉച്ചക്ക് തറവാട്ടിലെ മുതിര്‍ന്ന സ്ത്രീ വ്രതശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യ സാധനങ്ങള്‍ ശ്രീകോവിലില്‍ സമര്‍പ്പിക്കും.
      
Temple Fest | ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്ര പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബര്‍ 2ന് കൊടിയേറും

രണ്ട് മണിക്ക് മലയിറക്കല്‍ ചടങ്ങ്, മൂന്ന് മണിക്ക് പൂര്‍വ്വിക ആചാര പ്രകാരം തയ്യില്‍ തറവാട്ടുകാരുടെ ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ച വരവ് എന്നിവ നടക്കും. തുടര്‍ന്ന് കോഴിക്കോട്, തലശേരി എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വര്‍ണപ്പകിട്ടാര്‍ന്ന കാഴ്ച വരവുകള്‍ മുത്തപ്പ സന്നിധിയില്‍ എത്തിച്ചേരും. സന്ധ്യക്ക് ശ്രീ മുത്തപ്പന്റെ വെള്ളാട്ടം, തുടര്‍ന്ന് അന്തിവേലയോടുകൂടി പറശ്ശിന് മടപ്പുര കുടുംബാംഗങ്ങളും കഴകക്കാരും ചേര്‍ന്ന് കുമ്മല്‍ തറവാട്ടിലേക്ക് നടത്തുന്ന കലശം എഴുന്നള്ളത്ത്, ശേഷം ആചാര വെടിക്കെട്ടും പഞ്ചവാദ്യ സംഘത്തോടും കൂടി കലശം മടപ്പുരയിലേക്ക് എഴുന്നള്ളിക്കലും നടക്കും.

ഡിസംബര്‍ മൂന്നിന് പുലര്‍ച്ചെ 5.30ന് തിരുവപ്പന ആരംഭിക്കും. രാവിലെ 10 മണിക്ക് തയ്യില്‍ തറവാട്ടുകാരേയും വിവിധ ദേശങ്ങളില്‍ നിന്നും വന്ന കാഴ്ച വരവുകാരേയും മുത്തപ്പന്‍ അനുഗ്രഹിച്ച് യാത്രയാക്കും. ഡിസംബര്‍ ആറിന് കലശാട്ടത്തോടെ മഹോത്സവും കൊടിയിറങ്ങും. തുടര്‍ന്നു എല്ലാ ദിവസവും തിരുവപ്പനയും വെളളാട്ടവും കെട്ടിയാടും. ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ കഥകളിയോഗം വക കേരളത്തിലെ പ്രഗല്‍ഭരായ കലാകാരന്മാരെ ഉള്‍പ്പെടുത്തി കഥകളിയും അരങ്ങേറും.

ഉത്സവത്തിന്റെ കൊടിയേറ്റത്തിന് മുന്നോടിയായി മടപ്പുരയിലെ വിവിധ പാരമ്പര്യ അവകാശികളുടെ സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. അവകാശികളായ പെരുവണ്ണാന്‍, പെരുന്തട്ടാന്‍, പെരുംകൊല്ലന്‍, വിശ്വകര്‍മന്‍, മൂശാരി എന്നിവരുടെ നേതൃത്വത്തില്‍ പുതുക്കിയ തിരുമുടി, കച്ച, ഉടയാടകള്‍, സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, തിരുവായുധങ്ങള്‍ എന്നിവ സമര്‍പ്പിക്കുന്ന ചടങ്ങുകളാണ് പ്രധാനം. ഇതിന്റെ അണിയറ ഒരുക്കങ്ങള്‍ മടപ്പുര സന്നിധിയില്‍ പുരോഗമിക്കുകയാണ്.

പെരുവണ്ണാന്മാരുടെ നേതൃത്വത്തില്‍ അണിയലങ്ങളും തിരുമുടിയും ഒരുക്കുന്ന തിരക്കിലാണ്. ഇക്കുറി വന്‍ജനസഞ്ചയം തന്നെ മുത്തപ്പസന്നിധിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുളള ഒരുക്കങ്ങളും നടത്തിവരികയാണെന്നു ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി എം വിനോദ് കുമാര്‍, പി എം സുജിത്ത്, ടി എം സുജിത്ത് കുമാര്‍, പി സജീവ് എന്നിവര്‍ പങ്കെടുത്തു.

Keywords: Puthari Thiruvappana, Parassinikadavu, Kerala News, Kannur News, Malayalam News, Temple Festival, Festival, Religion, Puthari Thiruvappana at Parassinikadavu will begin on December 2.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia