കാസർകോട്: (KasargodVartha) കാസർകോട് ഗവ. നഴ്സിംഗ് സ്കൂളിലെ നഴ്സിംഗ് വിദ്യാർഥിനികളോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ശിശു രോഗ വിദഗ്ധൻ ഡോ. അഭിലാഷ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചും ഡോക്ടറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരള ഗവ. സ്റ്റുഡന്റസ് നഴ്സസ് അസോസിയേഷൻ (KGSNA) ഡിഎംഒ ഓഫീസ് മാർച് നടത്തി.
2022 നവംബറിൽ ഡോക്ടർ കുട്ടികളുടെ ഒപിയിൽ വെച്ച് നാല് നഴ്സിംഗ് വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്നാണ് സംഘടന ആരോപിക്കുന്നത്. നഴ്സിംഗ് വിദ്യാർഥികൾ പ്രിൻസിപലിന് പരാതി നൽകുകയും പരാതി ഡി എം ഒയ്ക്ക് അയക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വനിതാ ഡോക്ടർമാർ അടക്കമുള്ള കമിറ്റിയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. കമിറ്റി ഡോക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മട്ടന്നൂർ സാമൂഹികരോഗ്യകേന്ദ്രത്തിലേക്ക് സ്ഥലം മാറ്റുകയും എന്നാൽ ഡോക്ടർ തൃക്കരിപ്പൂർ താലൂക് ആശുപത്രിയിലേക്ക് സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റം വാങ്ങിച്ചിരിക്കുകയാണെന്നും നഴ്സസ് അസോസിയേഷൻ ആരോപിക്കുന്നു.
ഡോക്ടർക്കെതിരെ കുട്ടികൾ നൽകിയ ക്രിമിനൽ കേസ് നിലവിലിരിക്കെ കാസർകോട് ജില്ലയിലേക്ക് തിരിച്ചു കൊണ്ട് വന്നത് കേസിനെ സ്വാധീനിക്കാൻ ഇടയാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഡിഎംഒ മാർച് സംസ്ഥാന സെക്രടറി ഖമറു സമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജിമ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറിയേറ്റ് അംഗം പവിത്രൻ പി വി, നവീൻ എം എ, ദിവ്യ കെ പി, റിസാൽ എന്നിവർ സംസാരിച്ചു. ശ്രീജിത്ത് കണ്ണൂർ സ്വാഗതവും ജിതിൻ ഘോഷ് നന്ദിയും പറഞ്ഞു.
നേരത്തെ, ഡോക്ടറെ വ്യക്തിഹത്യ ചെയ്യുകയും കുടുംബത്തെ അപമാനിക്കുകയും ചെയ്യുന്ന പ്രവൃത്തിയിൽ നിന്നും നഴ്സസ് അസോസിയേഷൻ പിന്മാറണമെന്ന് കെ ജി എം ഒ എ കാസർകോട് ഘടകം ആവശ്യപ്പെട്ടിരുന്നു.
ഇത്തരം പ്രവൃത്തികളിൽ നിന്നും നഴ്സസ് അസോസിയേഷൻ പിന്മാറിയില്ലെങ്കിൽ കെ ജി എം ഒ എ അംഗങ്ങളായ എല്ലാ ഡോക്ടർമാരും നഴ്സിംഗ് വിദ്യാർത്ഥികളെയും നഴ്സിങ് ഓഫീസർമാരുടെയും ട്രെയിനിങ് പ്രോഗ്രാമിൽ നിന്നും വിട്ടുനിൽക്കുമെന്നും വ്യക്തിഹത്യ തുടരുന്ന രീതിയിലുള്ള സമര പരിപാടികൾ തുടരുന്ന പക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും കെ ജി എം ഒ എ അറിയിച്ചിരുന്നു. ഇത് വകവെക്കാതെയാണ് കേരള ഗവ. സ്റ്റുഡന്റസ് നഴ്സസ് അസോസിയേഷൻ മാർച് നടത്തിയിരിക്കുന്നത്.
Keyword: Doctor, Nurse, Family, Trening, Officers, Program, State, Kerala, Student, March Nursing students held march to DMO office