Join Whatsapp Group. Join now!
Aster MIMS 10/10/2023

BJP | നവകേരള സദസിന്റെ പേരില്‍ നടക്കുന്നത് പൊങ്ങച്ച പ്രചാരണസദസാണെന്ന് ബിജെപി, സര്‍കാര്‍ സംവിധാനം ഉപയോഗിച്ച് സിപിഎമിന് വേണ്ടി 10 കോടിയുടെ തെരഞ്ഞെടുപ്പ് തുക പിരിക്കുന്നു

എല്ലാത്തിനും വേണ്ടി നിയോഗിച്ചിരിക്കുന്നത് ജില്ലാ കലക്ടറെ Kasargod News, BJP, Criticized, Nava Kerala Sadas, Fund, Press Meet, Government, Allegation
കാസര്‍കോട്: (KasargodVartha) നവകേരള സദസിന്റെ പേരില്‍ നടക്കുന്നത് പൊങ്ങച്ച പ്രചാരണ സദസാണെന്ന് ബിജെപി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സര്‍കാര്‍ സംവിധാനം ഉപയോഗിച്ച് സിപിഎമിന് വേണ്ടി 10 കോടിയുടെ തെരഞ്ഞെടുപ്പ് തുക പിരിക്കുകയാണെന്നും ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത്, ബിജെപി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍, ബിജെപി ജില്ലാ സെക്രടറി വിജയകുമാര്‍, പ്രമീള മജല്‍ എന്നിവര്‍ ആരോപിച്ചു.

ഒരു തരത്തിലുമുള്ള ബജറ്റോ കണക്കോ തയ്യാറാക്കാതെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വ്യാപാരി വ്യവസായികളില്‍ നിന്നും മണല്‍ - ചന്ദന - ക്വാറി മാഫിയകളില്‍ നിന്നും പണം പിരിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. ഇതിനെല്ലാം വേണ്ടി നിയോഗിച്ചിരിക്കുന്നത് ജില്ലാ കലക്ടറെയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

രസീതും, കൂപണുമില്ലാതെ അനധികൃതമായാണ് പണപ്പിരിവ് നടത്തുന്നത്. ഇത് അഴിമതിയാണ്, സര്‍കാര്‍ തന്നെയാണ് ഇതിന് അവസരമൊരുക്കുന്നത്. നവകേരള സദസ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയാക്കി മാറ്റിയിരിക്കുകയാണ്. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാനോ, സര്‍കാര്‍ എടുക്കേണ്ട നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനോ അല്ല നവകേരള സദസ് സംഘടിപ്പിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ ഏറ്റവും താഴെയുള്ള ജീവനക്കാരെ വരെ പണപ്പിരിവിനായി ചുമതലപ്പെടുത്തിയിരിക്കുകയാണ്. അധികാര ദുര്‍വിനിയോഗമാണ് നവകേരള സദസിന്റെ ഭാഗമായി നടക്കുന്നത്.

ഒരു പൈസ പോലും നീക്കിവെക്കാതെ നടക്കുന്ന സര്‍കാര്‍ പരിപാടിക്ക് പിന്നെ എവിടെ നിന്നാണ് പണം കണ്ടെത്തുന്നതെന്ന് വ്യക്തമാക്കാന്‍ ബി ജെ പി വെല്ലുവിളിക്കുകയാണെന്നും, ആരില്‍ നിന്നെല്ലാം എത്ര രൂപ പിരിച്ചുവെന്നും എങ്ങനെ ചെലവഴിക്കുന്നുവെന്നുമുള്ള കൃത്യമായ കണക്ക് പുറത്തുവിടാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറുണ്ടോയെന്നും ബി ജെ പി നേതാക്കള്‍ ചോദിച്ചു.

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിരിക്കുയാണ്. സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങള്‍ കിട്ടാനില്ല. സമസ്ത മേഖലകളിലും കേരളം തകര്‍ന്ന് കിടക്കുമ്പോഴാണ് ഒരു മണിക്കൂര്‍ വീഡിയോ പ്രദര്‍ശനവും ഒരു മുഖ്യമന്ത്രിയുടെ തള്ളും കേള്‍ക്കാന്‍ നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്നത്. ജനങ്ങള്‍ നവകേരള സദസിനെ തള്ളിക്കളഞ്ഞിരിക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഞായറാഴ്ചത്തെ അവധിപോലും റദ്ദാക്കി ഉദ്യോഗസ്ഥരെ പരിപാടിക്ക് എത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും ആശാ വര്‍കര്‍മാരെയും അവരുടെ ദാരിദ്യം ചൂഷണം ചെയ്തുകൊണ്ട് പരിപാടിയിലേക്ക് പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയാണ്. പരിപാടിയുടെ സംഘാടകരായി ചെയര്‍മാന്‍മാര്‍ സിപിഎമിന്റെ യൂനിയനില്‍പ്പെട്ട ഉദ്യോഗസ്ഥരും കണ്‍വീനര്‍മാര്‍ സിപിഎമിനെ നേതാക്കളുമാണ്. ഒരു കണക്കും സൂക്ഷിക്കാതെയാണ് നവകേരള സദസിന് പണം പിരിക്കുന്നതും ചെലവാക്കുന്നതും.

നവകേരള സദസിന്റെ പേരില്‍ ആഴ്ചകളോളമായി സര്‍കാര്‍ ഓഫീസുകളില്‍ ഭരണസ്തംഭനമാണ്. ഉദ്യോഗസ്ഥര്‍ നേരിട്ടിറങ്ങി പണപിരിവ് നടത്തുകയാണ് ചെയ്യുന്നത്. പണം സംഭാവന കൊടുക്കാന്‍ സഹകരണ സ്ഥാപനങ്ങളില്‍ നിയമമോ, ചട്ടമോ ഇല്ല. ഇതിനുവേണ്ടി സര്‍കാര്‍ പ്രത്യേക ഉത്തരവ് തന്നെ ഇറക്കിയിരിക്കുകയാണെന്ന് ബി ജെ പി നേതാക്കള്‍ കുറ്റപ്പെടുത്തി.




Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Kasargod News, BJP, Criticized, Nava Kerala Sadas, Fund, Press Meet, Government, Allegation, Kasargod: BJP Criticized Nava Kerala Sadas.

Post a Comment