Join Whatsapp Group. Join now!
Aster MIMS 10/10/2023

Nepal Earthquake | ഭൂചലനത്തില്‍ വിറങ്ങലിച്ച് നേപാള്‍; മരണസംഖ്യ 128ലേക്ക് ഉയര്‍ന്നതായി സ്ഥിരീകരണം; 400 പേര്‍ക്ക് പരുക്ക്; ദുരന്തത്തില്‍ നല്‍ഗഡ് ഡെപ്യൂടി മേയറും കുടുംബവും മരിച്ചു; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്‍ഡ്യ

തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് ഇടയിലൂടെ രാത്രിയില്‍ ബന്ധുക്കള്‍ക്കായി പരതുന്ന പ്രദേശവാസികളുടെ വീഡിയോകള്‍ പുറത്ത് Nepal News, Earth Quake, Strong Tremors,
ന്യൂഡെല്‍ഹി: (KasargodVartha) ഭൂചലനത്തില്‍ വിറങ്ങലിച്ച് നേപാള്‍. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 128ലേക്ക് ഉയര്‍ന്നതായി സ്ഥിരീകരണം. നാനൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ പുറത്തുവിടുന്ന വിവരം. വെള്ളിയാഴ്ച (03.11.2023) രാത്രി 11.32നാണ് വ്യാപക നാശനഷ്ടമുണ്ടാക്കിയ ഭൂചലനം സംഭവിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

നേപാളിലെ ജാജര്‍കോട് ജില്ലയിലെ റാമിഡാന്റ പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രാത്രി നടന്ന അപകടമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. നിരവധി വീടുകളും കെട്ടിടങ്ങളും ഭൂചലനത്തില്‍ തകര്‍ന്നു. നിരവധിപ്പേര്‍ കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വൈദ്യുതി വിതരണ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും പലയിടത്തും താറുമാറായി.

റുകും ജില്ലയില്‍ മാത്രം 35 പേര്‍ മരിച്ചതായാണ് പുറത്തുവരുന്നത്. ജാജര്‍കോടില്‍ മുപ്പതില്‍ അധികം പേരും മരിച്ചു. നേപാള്‍ സൈന്യവും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. യായര്‍ കോട്, രുക്കം വെസ്റ്റ് ജില്ലകളിലാണ് നാശനഷ്ടം ഏറെയും റിപോര്‍ട് ചെയ്തിരിക്കുന്നത്.

അതിനിടെ അതിശക്തമായ ഭൂചലനത്തില്‍ വലിയ നാശനഷ്ടം നേരിട്ട നേപാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്‍ഡ്യ രംഗത്തെത്തി. 2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് വെള്ളിയാഴ്ച രാത്രി ഉണ്ടായതെന്നാണ് ഇന്‍ഡ്യയുടെ വിലയിരുത്തല്‍. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഇന്‍ഡ്യയുടെ സൈനിക ഹെലികോപ്റ്ററുകള്‍ നേപാളിലെത്തി. അതിനിടെ ദുരന്തത്തില്‍ നേപാള്‍ നല്‍ഗഡ് ഡെപ്യൂടി മേയറും കുടുംബവും മരിച്ചുവെന്ന് സ്ഥിരീകരണം വന്നു.

തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് ഇടയിലൂടെ രാത്രിയില്‍ ബന്ധുക്കള്‍ക്കായി പരതുന്ന പ്രദേശവാസികളുടെ വീഡിയോകള്‍ പുറത്തുവന്നു. നേപാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ അനുശോചനം രേഖപ്പെടുത്തി. ഒക്ടോബര്‍ 22 നും നേപാളില്‍ ഭൂചലനം സംഭവിച്ചിരുന്നു. അന്നു 6.1 തീവ്രതയുള്ള ഭൂചലനമാണ് സംഭവിച്ചത്. ഈ മേഖലയില്‍ ഒരു മാസത്തിനിടെയുണ്ടായ മൂന്നാമത്തെ ഭൂകമ്പമാണിത്.

അതേസമയം, നേപാളിലെ ഭൂചലനത്തിന് പിന്നാലെ ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഡെല്‍ഹിയിലും ബിഹാറിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും രാജസ്താനിലുമാണ് പ്രകമ്പനം ഉണ്ടായത്. രാത്രിയായതിനാല്‍ ഈ സമയം പലരും ഉറക്കത്തിലായിരുന്നു. ഭൂചലനം അനുവഭപ്പെട്ടതോടെ ജനം പരിഭ്രാന്തരായി പുറത്തേക്കിറങ്ങുകയായിരുന്നു.




Keywords: News, National, National-News, Top-Headlines, Nepal News, Earth Quake, Strong Tremors, Bihar, New Delhi, Uttarpradesh, PM, Narendra Modi, Help, Solidarity, Help, India, Prime Minister, Pushpakamal Dahal, Earthquake: 'India stands in solidarity with people of Nepal', PM Modi says as quake claims 128 lives.

Post a Comment