റായ്പുര്‍: (KasargodVartha) ഛത്തീസ്ഗഡില്‍ ബിജെപി നേതാവ് രത്തന്‍ ദുബെ വെടിയേറ്റ് മരിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൊലപാതകം. പ്രചാരണത്തിനിടെ ശനിയാഴ്ച (04.11.2023) നാരായണ്‍ പുര്‍ ജില്ലയില്‍ വെച്ചാണ് സംഭവമുണ്ടായത്. കൃത്യത്തിന് പിന്നില്‍ മാവോയിസ്റ്റ് ആക്രമണമെന്നാണ് പൊലീസ് സംശയിക്കുന്നത്. നാരായണ്‍ പുര്‍ ബിജെപി ജില്ല വൈസ് പ്രസിഡന്റാണ് രത്തന്‍ ദുബെ.
ബസ്തര്‍ ഐജി സുന്ദര്‍രാജ് പി പറയുന്നത്: കൊലപാതകത്തിന് പിന്നില്‍ മാവോയിസ്റ്റ് ആക്രമണമാണോയെന്നത് അന്വേഷണത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കുവാന്‍ കഴിയൂ. നവംബര്‍ 7, 17 തീയതികളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപി നേതാവ് രത്തന്‍ ദുബെ കൊല്ലപ്പെടുന്നത്.
ജരഘട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൗശല്‍നഗര്‍ ഗ്രാമത്തിലെ മാര്‍കറ്റില്‍വെച്ച് വൈകിട്ട് 5.30 ഓടെയാണ് ആക്രമണം നടന്നത്. മൃതദേഹം ഛത്തീസ്ഗഡിലെ നാരായണ്‍ പുരിലെ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അജ്ഞാതരായ അക്രമികളെ കണ്ടെത്താന്‍ സുരക്ഷാ സേന പ്രദേശത്ത് ഓപറേഷന്‍ ആരംഭിച്ചിട്ടുണ്ടെന്ന് സുന്ദര്‍രാജ് പി കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം നേരത്തേ മാന്‍പുര്‍ ജില്ലയിലും ബിജെപി നേതാവ് മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിനെതിരെ മാവോയിസ്റ്റുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണിതെന്നും ആരോപണമുയരുന്നുണ്ട്.
Killed | ഛത്തീസ്ഗഡില്‍ പ്രചാരണത്തിനിടെ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; ദാരുണ സംഭവം നിയമസഭ തിരഞ്ഞെടുപ്പിന് 2 ദിവസം മാത്രം ബാക്കി നില്‍ക്കെ
പിന്നില്‍ മാവോയിസ്റ്റ് ആക്രമണമെന്ന് സംശയം
Chhattisgarh News, BJP Leader, Killed, Maoists, 3 Day, Election, Narayanpur News, Ratan Dubey, Kaushalnagar,