ഞായറാഴ്ച രാവിലെ 8.30 ഓടെ നടന്ന സംഭവത്തിൽ, സഊദി അറേബ്യയിൽ പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (47), മക്കളായ അഫ്‌നാൻ (23), അയ്നാസ് (21), അസീം (14) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന നൂർ മുഹമ്മദിന്റെ മാതാവ് ഹാജിറ (70) യ്ക്ക് പരുക്കേറ്റിരുന്നു. ഇതിൽ കൊല്ലപ്പെട്ട അയ്നാസ് മംഗ്ളുറു വിമാനത്താവളത്തിൽ എയർ ഹോസ്റ്റസായി ജോലി ചെയ്യുകയാണ്. ഇവിടത്തെ സുരക്ഷാ ജീവനക്കാരനാണ് പിടിയിലായ പ്രവീൺ എന്ന് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
അയ്‌നാസുമായുള്ള പ്രവീണിന്റെ ബന്ധം വഷളായതിന്റെ ദേഷ്യത്തിലാണ് ഇയാൾ കുടുംബാംഗങ്ങളെയെല്ലാം കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കൊലയാളിയുടെ ലക്ഷ്യം എയർഹോസ്റ്റസ് ആയിരിക്കാമെന്ന സൂചനകൾ നേരത്തെ കാസർകോട് വാർത്ത റിപോർട് ചെയ്തിരുന്നു. നാല് പേരെ കുത്തിക്കൊലപ്പെടുത്തുകയും ഒരാളെ പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം പ്രതി 10-15 മിനിറ്റിനുള്ളിൽ രക്ഷപ്പെട്ടതായാണ് റിപോർട്.
മൊബൈൽ ടവർ ലൊകേഷൻ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ബെലഗാവിയിൽ വെച്ച് പ്രവീണിനെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലേക്കോ ആന്ധ്രാപ്രദേശിലേക്കോ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ജാഗ്രതയോടെ പിടികൂടുകയായിരുന്നു . പ്രതിയെ ഉഡുപിയിലേക്ക് കൊണ്ടുവരുമെന്നാണ് റിപോർട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് കരുതുന്നത്.
Keywords:News, Top-Headlines, Mangalore, Mangalore-News, Crime, Killed, Mangalore, Crime, Udupi, Breakthrough in Udupi family murder case