Join Whatsapp Group. Join now!
Aster MIMS 10/10/2023

Telangana | തെലങ്കാനയില്‍ വിജയപ്രതീക്ഷയില്‍ കോണ്‍ഗ്രസ്; കരുത്തുകാട്ടാന്‍ കച്ചകെട്ടി ബിജെപി; നടപ്പിലാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പാര്‍ടിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന പ്രതീക്ഷയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു; സംസ്ഥാനത്ത് അരങ്ങൊരുങ്ങുന്നത് ത്രികോണ മല്‍സരത്തിന്

ഹാട്രിക് ലക്ഷ്യമിട്ട് ബിആര്‍എസ് Congress, BJP, BRS, Expectations, Telangana News, Assembly Elections, Politics, Hyderabad News
ഹൈദരാബാദ്: (KasargodVartha) ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ 115 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഭാരതീയ രാഷ്ട്ര സമിതി (ടിആര്‍എസ്) പ്രചാരണത്തിന് തുടക്കം കുറിച്ചു. സംസ്ഥാനത്ത് നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പാര്‍ടിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ അശക്തരായ പ്രതിപക്ഷ നിരയെയാണ് നേരിട്ടതെങ്കില്‍ ഇത്തവണ കരുത്താര്‍ജിച്ച പ്രതിപക്ഷമാണ് എന്നത് ബിആര്‍എസിന്റെ ഹാട്രിക് മോഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചേക്കാം. തെലങ്കാനയില്‍ ഒതുങ്ങി നില്‍ക്കാതെ ദേശീയ തലത്തില്‍ വളരുകയെന്ന ലക്ഷ്യത്തോടെയാണ് തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) 2022 ഒക്ടോബര്‍ 5ന് ഭാരതീയ രാഷ്ട്ര സമിതി (ബിആര്‍എസ്) എന്ന് പേര് സ്വീകരിച്ചത്.

അതേസമയം, മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നത് പാര്‍ടിക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നതിന്റെ സൂചനയായാണ് പ്രതിപക്ഷ കക്ഷികള്‍ വിലയിരുത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിആര്‍എസ് എന്തു നിലപാട് സ്വീകരിക്കുമെന്നത് തെലങ്കാന ഉള്‍പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും.

തുടര്‍ച്ചയായി ഒന്‍പത് വര്‍ഷം ഭരണത്തിലിരിക്കുന്ന ബിആര്‍എസിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും ഡെല്‍ഹി സര്‍കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിതയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതും വോടെടുപ്പില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്. ഭാരത് ജോഡോ യാത്രയ്ക്ക് കിട്ടിയ സ്വീകാര്യതയും പാര്‍ടിയെ താഴെത്തട്ട് മുതല്‍ സജീവമാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഗുണം ചെയ്യുമെന്ന് അവര്‍ കരുതുന്നു.

ബിആര്‍എസ് കയ്യൊഴിഞ്ഞതോടെ ഇടതുപാര്‍ടികള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മല്‍സരിച്ചേക്കുമെന്ന് റിപോര്‍ടുകളുണ്ട്. തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നിലെത്തുമെന്ന് അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വേയും പാര്‍ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയും വൈഎസ്ആര്‍ തെലങ്കാന പാര്‍ടി നേതാവുമായ വൈ എസ് ശര്‍മിളയെ പാര്‍ടിയിലെത്തിക്കാനുള്ള ശ്രമം അന്തിമഘട്ടത്തില്‍ എത്തിയിരുന്നെങ്കിലും സംസ്ഥാന നേതാക്കളുടെ എതിര്‍പിനെതുടര്‍ന്ന് ഫലവത്തായില്ല. കോണ്‍ഗ്രസില്‍ ലയിക്കാനോ സഖ്യത്തില്‍ മത്സരിക്കാനോ ഉള്ള സന്നദ്ധത കേന്ദ്ര നേതൃത്വത്തെ അറിയിച്ച് നാലുമാസം കാത്തിരുന്നിട്ടും മറുപടി ലഭിച്ചില്ലെന്ന് വ്യക്തമാക്കിയ ശര്‍മിള 119 സീറ്റിലും സ്വന്തം സ്ഥാനാര്‍ഥികളെ രംഗത്തിറക്കുമെന്നും പ്രഖ്യാപിച്ചു.

ബിജെപി കൂടുതല്‍ ശക്തമായി എന്നതാണ് ഇത്തവണ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഹൈദരാബാദ് മുനിസിപല്‍ തിരഞ്ഞെടുപ്പിലും മറ്റു ചില ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ താഴെത്തട്ടില്‍ സ്വാധീനമില്ലാത്തത് മികച്ച പ്രകടനം നടത്താമെന്ന ബിജെപി നേതൃത്വത്തിന്റെ മോഹങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്താനിടയുണ്ട്. ഹൈദരാബാദ് മേഖലയില്‍ മാത്രമാണ് സ്വാധീനശക്തിയെങ്കിലും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം ബിജെപി വിരുദ്ധ വോടുകള്‍ ഭിന്നിപ്പിച്ചേക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ ദുര്‍ബലമായ അവസ്ഥയിലായ ടിഡിപി വോടുശതമാനത്തില്‍ ചലനമുണ്ടാക്കിയേക്കില്ല.

കോണ്‍ഗ്രസും ബിജെപിയും കരുത്താര്‍ജിച്ചതോടെ ഇത്തവണ സംസ്ഥാനത്ത് ത്രികോണ മല്‍സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. ന്യൂനപക്ഷ വോട്ടുകളേറെയുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന പാര്‍ടിയെന്ന ആരോപണം നേരിടുന്ന എഐഎംഐഎം സ്വീകരിക്കുന്ന നിലപാട് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാം.

ചെറുകക്ഷിയെങ്കിലും വൈഎസ്ആര്‍ തെലങ്കാന പാര്‍ടി നേടുന്ന വോടുകളും പ്രധാനമാണ്. ലോക് സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ സഖ്യരൂപീകരണങ്ങള്‍ക്ക് സാധ്യത നിലനില്‍ക്കെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ മൂന്നു പ്രധാനകക്ഷികള്‍ക്കും നിര്‍ണായകമാണ്.



Keywords: News, Kerala, Kerala-News, Top-Headlines, Telangana-Assembly-Election, Congress, BJP, BRS, Expectations, Telangana News, Assembly Elections, Politics, Hyderabad News, Telangana: Congress, BJP and BRS expectations in Assembly Elections 2023.

Post a Comment