Join Whatsapp Group. Join now!
Aster MIMS 10/10/2023

Volleyball | കോചും മാനജരും സഹായിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരും ഇല്ല, കാസര്‍കോട്ട് നിന്ന് സംസ്ഥാന സ്‌കൂള്‍ വോളിബോള്‍ ചാംപ്യന്‍ഷിപില്‍ മത്സരിക്കാന്‍ പോയ വിദ്യാര്‍ഥികള്‍ നേരിട്ടത് കടുത്ത അവഗണനയും ദുരിതവും; ജേഴ്‌സി ഒരുക്കിയതും ചിലവുമെല്ലാം സ്വന്തം കയ്യില്‍ നിന്ന്; തിരിച്ചുവരുന്നതിനിടയില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടും നോക്കാന്‍ കുട്ടികള്‍ മാത്രം; പ്രതിഷേധം ശക്തം

മറ്റ് ജില്ലകളില്‍ ഒന്നിലധികളെ കോചുകളും സഹായികളും Volleyball, Sports, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (KasargodVartha) തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ വോളിബോള്‍ ചാംപ്യന്‍ഷിപില്‍ മത്സരിക്കാന്‍ പോയ കാസര്‍കോട് ടീമിനോട് ജില്ലാ അധികൃതര്‍ കാട്ടിയത് കടുത്ത അവഗണനയെന്ന് ആരോപണം. കോചോ മാനജരോ ആരും ഉണ്ടായിരുന്നില്ലെന്നും കുട്ടികള്‍ തനിച്ചാണ് തിരുവനന്തപുരത്തേക്ക് പോയതെന്നും എല്ലാ കാര്യങ്ങളും ചെയ്തത് ഇവരാണെന്നും രക്ഷിക്കള്‍ പറയുന്നു.
    
Kerala State School Volleyball Championship 2023

കൗമാരക്കാരും ചെറിയകുട്ടികളും മാത്രമുള്ള സീനിയര്‍, ജൂനിയര്‍ ടീമുകളോടാണ് അധികൃതരുടെ ഭാഗത്ത് നിന്ന് നിരുത്തരവാദിത്തപ്പെട്ട സമീപനം ഉണ്ടായതായി പരാതിയുള്ളത്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് മത്സരിക്കാന്‍ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. തിരിച്ചുവരുന്നതിനിടയില്‍ ഒരു കുട്ടിക്ക് ട്രെയിനില്‍ വെച്ച് പരുക്കേറ്റിട്ടും ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ അല്ലാതെ നോക്കാന്‍ വേറെയാരും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

ഓരോ വിദ്യാര്‍ഥിയും 450 രൂപ വീതം സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കിയാണ് ജേഴ്‌സി ഒരുക്കിയതെന്നും തിരുവനന്തപുരത്തേക്ക് പോകുന്നതിനും അവിടെയുള്ള ചിലവുകളും സ്വയം വഹിക്കുകയായിരുന്നുവെന്നും ഒരു രക്ഷിതാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വാട്‌സ് ആപ് ഗ്രൂപ് ഉണ്ടാക്കി ഇന്ന തീയതിക്ക് മത്സരത്തിന് ചെല്ലണമെന്ന് മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പ് ലഭിച്ചതെന്നാണ് പറയുന്നത്. കോചോ, മാനജരോ ആരെന്ന് പോലും ഇവര്‍ക്ക് അറിയില്ലായിരുന്നു. വിദ്യാര്‍ഥികളുടെ ബന്ധുക്കളാണ് ഇവരെ ട്രെയിന്‍ കയറ്റി വിട്ടത്. ഇവരില്‍ പലരും ആദ്യമായി ട്രെയിനില്‍ പോകുന്നവരായിരുന്നു.


തിരുവനന്തപുരത്ത് മത്സര സ്ഥലത്ത് എത്തിയപ്പോള്‍ കോചോ, മാനജരോ അല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട മറ്റാരെങ്കിലുമോ ഇവര്‍ക്ക് സഹായത്തിന് ഉണ്ടായിരുന്നില്ല. മറ്റ് ജില്ലകളില്‍ ഒന്നിലധികളെ കോചുകളും ടീം മാനജറും സഹായികളും ഉണ്ടായിരുന്നപ്പോഴാണ് കാസര്‍കോടിന്റെ ഈ അവസ്ഥ എന്നതാണ് ശ്രദ്ധേയം. രജിസ്ട്രേഷന്‍ മുതല്‍ ടീമിലെ അംഗങ്ങളെ കളിക്കളത്തില്‍ ഇറക്കുന്നതും സബ്സ്റ്റിറ്റിയൂടിനെ ഇറക്കുന്നതും അടക്കമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് കോചോ, മാനജരോ ഒക്കെയാണ്. എന്നാല്‍ ഇതെല്ലാം കുട്ടികള്‍ തന്നെ ചെയ്യേണ്ട അവസ്ഥയായിരുന്നു.

സീനിയര്‍ ടീം അംഗങ്ങള്‍ ട്രെയിനില്‍ തിരിച്ചുവരുന്നതിനിടെ അരീക്കോട് വെച്ച് ഇവരില്‍ ഒരാളുടെ കാലിന് കാര്യമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇതോടെ കുട്ടികള്‍ ട്രെയിനില്‍ പതിവഴിക്ക് ഇറങ്ങുകയും പരുക്കേറ്റ കുട്ടിയേയും താങ്ങിപ്പിടിച്ച് സമീപത്തെ ക്ലിനികില്‍ എത്തിക്കുകയും ചെയ്തു. ഇവിടെ നിന്ന് അടിയന്തരമായി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാലിന്റെ ഞരമ്പ് പൊട്ടിയതിനാല്‍ ശസ്ത്രക്രിയ വേണ്ടിവന്നതായും രക്ഷിതാക്കള്‍ വ്യക്തമാക്കി. ദയനീയ അവസ്ഥകള്‍ നേരിട്ട വിദ്യാര്‍ഥികള്‍ ബുധനാഴ്ച വൈകീട്ടാണ് പരുക്കേറ്റ കുട്ടിയേയും താങ്ങിപ്പിടിച്ച് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഏറനാട് എക്‌സ്പ്രസില്‍ വന്നിറങ്ങിയത്.
      
Kerala State School Volleyball Championship 2023

കോചിനെയും കോര്‍ഡിനേറ്ററെയും നിയമിച്ചിരുന്നതായാണ് ജില്ലാ വിദ്യഭ്യാസ വകുപ്പ് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്. എന്നാല്‍ ആരുടേയും സേവനം ലഭിച്ചിരുന്നില്ലെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കുന്നു . സംസ്ഥാന തലത്തില്‍ മത്സരിക്കുന്ന ടീമുകളോട് അധികൃതര്‍ക്ക് ഒരു ഉത്തരവാദിത്തവും ഇല്ലേയെന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്. കാസര്‍കോടിന്റെ കായിക മേഖല പിന്നെയെങ്ങനെ വികസിക്കുമെന്നും ഇവര്‍ രോഷത്തോടെ ചോദിക്കുന്നു. ചുമതല നല്‍കിയവര്‍ സഹായത്തിന് ഉണ്ടായില്ലെന്ന കാര്യം പരിശോധിക്കുമെന്ന് കാസര്‍കോട് ഡിഡിഇ നന്ദികേശന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: Volleyball, Sports, Malayalam News, Kerala News, Kasaragod News, Kerala State School Volleyball Championship 2023, Special Story, Volleyball Players, Students from Kasaragod to compete in state school volleyball championship faced neglect.
< !- START disable copy paste -->

Post a Comment