വ്യാഴാഴ്ച വൈകുന്നേരം വിദ്യാനഗര്‍ മായിപ്പാടി റോഡ് ജന്‍ക്ഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദേശീയപാതയുടെ നിര്‍മാണ പ്രവൃത്തി നടക്കുന്നത് കൊണ്ട് ജന്‍ക്ഷനില്‍ ഗതാഗത കുരുക്ക് പതിവാണ്. ഇത് ഒഴിവാക്കാന്‍ ബസ് ബേ റോഡില്‍ നിന്നും താഴേക്ക് മാറ്റുന്നതിന് ഉരാളുങ്കല്‍ കംപനിയുടെ ജോലിക്കാരും ക്രെയിനും കൊണ്ടുവന്ന് ഡിവൈഡര്‍ മാറ്റി സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴാണ് മാഹിന്‍ ബസ്‌ബേയില്‍ കാര്‍ നിര്‍ത്തിയതെന്ന് ഡിവൈഎസ്പി സുധാകരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ തട്ടിക്കയറുകയും ആക്രോശിക്കുകയുമായിരുന്നുവെന്നാണ് ആരോപണം. ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റേണ്ട സ്ഥലത്ത് നിര്‍ത്തിയിട്ട കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടപ്പോഴാണ് മാഹിന്‍ പൊലീസിനെതിരെ ആക്രോശം നടത്തിയതെന്നും മകന്‍ കടയില്‍ സാധനം വാങ്ങാന്‍ പോയിട്ടുണ്ടെന്നും അതുവരെ കാര്‍ മാറ്റാന്‍ കഴിയില്ലെന്നുമാണ് ഇയാള്‍ പറഞ്ഞതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കാറില്‍ ഈ സമയത്ത് സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു.
പ്രശ്‌നം നടക്കുന്നതിനിടെ ഗതാഗത കുരുക്കില്‍പ്പെട്ട ഓടോറിക്ഷ ഡ്രൈവറെയും മാഹിന്‍ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. പിന്നീട് കാറുമായി പോയ ശേഷം, മാഹിനെതിരെ പൊലീസിന്റെ ഔദ്യോഗിക കൃത്യം തടസപ്പെടുത്തി എന്ന കുറ്റവും, കേരള പൊലീസ് ആക്ട് 117-ഇ വകുപ്പും ചുമത്തി കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തതായി ടൗണ്‍ പൊലീസ് അറിയിച്ചു. കാറും കസ്റ്റഡിയിലെടുത്തു.
ഓടോറിക്ഷ ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്നതിന് മാഹിനെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാഹിന്‍ മുമ്പ് സ്ത്രീയെ അക്രമിച്ച കേസില്‍ പ്രതിയാണെന്നും വിദ്യാനഗര്‍ പൊലീസ് ഈ സംഭവത്തില്‍ കുറ്റപത്രം സമര്‍പിച്ചിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ ആര്‍ ഡി ഒ കോടതിയില്‍ നല്ല നടപ്പിന് റിപോര്‍ട് നല്‍കുമെന്നും പൊലീസ് അറിയിച്ചു. ഇതിനിടയില്‍ ഡിവൈഎസ്പിയോട് തട്ടിക്കയറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Keywords: Police FIR, Investigation, Malayalam News, Kerala News, Kasaragod News, Police action against contractor.
< !- START disable copy paste -->