ദിവസങ്ങൾക്ക് മുമ്പ് പരശുറാം എക്‌സ്‌പ്രസിന്റെ കോചിനുള്ളിൽ ട്രെയിൻ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ എത്താനിരിക്കെ ഒരു സ്ത്രീ യാത്രക്കാരി ബോധരഹിതയായി വീണു. മംഗ്ളുറു-തിരുവനന്തപുരം പരശുറാം എക്‌സ്‌പ്രസിനുള്ളിലെ കനത്ത തിരക്ക് കാരണം ഏതാനും ദിവസം മുമ്പ് മറ്റൊരു സ്ത്രീക്കും ബോധം നഷ്ടപ്പെട്ടിരുന്നു.
നാഗർകോവിൽ - മംഗ്ളുറു എക്സ്പ്രസിൽ വൻ തിരക്ക് കാരണം വെള്ളിയാഴ്ച ലേഡീസ് കോചിൽ വിദ്യാർഥിനി കുഴഞ്ഞുവീഴുകയുമുണ്ടായി. 10 ദിവസത്തിനുള്ളതിൽ പരശുറാം എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണ മൂന്നാമത്തെ സംഭവമായിരുന്നു ഇത്. മംഗ്ളുറു - ചെന്നൈ മെയിലിലും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ട്രെയിനിലൊന്ന് കയറിപ്പറ്റാൻ വലിയ സാഹസമാണ് യാത്രക്കാർ കാട്ടേണ്ടത്. വാതിൽ പടിയിൽ പോലും തൂങ്ങിക്കിടന്ന് അപകടകരമായ രീതിയിലാണ് പലരും യാത്രചെയ്യുന്നത്. ട്രെയിനിൽ കയറിപ്പറ്റാനാകാതെ യാത്രയിൽ നിന്ന് പിന്തിരിയുന്നവരും നിരവധിയാണ്. ജെനറൽ കോചുകളിലാകട്ടെ നരക തുല്യമാണ് യാത്ര. മറ്റ് നിവൃത്തിയില്ലാത്തതിനാൽ ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യണ്ട ഗതികേടിലാണ് ജനങ്ങൾ.
കോഴിക്കോടിനും കാസർകോടിനും ഇടയിൽ ഓടുന്ന ട്രെയിനുകളിൽ ശാരീരിക വൈകല്യമുള്ളവർ, ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികൾ, മുതിർന്ന പൗരന്മാർ, കുട്ടികൾ, കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർ എന്നിവരെല്ലാം കാര്യമായ ബുദ്ധിമുട്ടുകൾ നേരിടുന്നു. വൈകീട്ടത്തെ പരശുറാം എക്‌സ്‌പ്രസ്, മംഗ്ളുറു - തിരുവനന്തപുരം, മംഗ്ളുറു-ചെന്നൈ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലും രാവിലത്തെ മലബാർ എക്‌സ്‌പ്രസ്, കണ്ണൂർ–- മംഗളൂരു പാസൻജർ, കണ്ണൂർ–മംഗളൂരു സ്‌പെഷ്യൽ എക്‌സ്‌പ്രസ് എന്നിവയിലെല്ലാം ദുരിതമയമാണ് യാത്ര. ഏറനാടിലും എഗ്‌മോറിലും സ്ഥിതി വ്യത്യസ്തമല്ല.
ജനങ്ങളുടെ ഈ ബുദ്ധിമുട്ട് കണ്ടിട്ടും റെയിൽവേ കണ്ണടയ്ക്കുകയാണെന്നാണ് യാത്രക്കാരുടെ പരാതി. കോച്ചുകളുടെ എണ്ണം വർധിപ്പിക്കുകയും തിരക്കുള്ള സമയങ്ങളിൽ വടക്കേ മലബാറിൽ നിന്നുള്ള യാത്രക്കാർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കുന്നതിന് കൂടുതൽ ട്രെയിനുകൾ ഏർപ്പെടുത്തണമെന്നുമാണ് ആവശ്യം.
എറണാകുളത്ത് നിന്ന് ഉച്ചക്ക് 1.15 നുള്ള നേത്രാവതി എക്സ്പ്രസ് കഴിഞ്ഞാൽ പിന്നെ കാസർകോട്ടേക്കുള്ള പ്രതിദിന ട്രെയിൻ പാതിരാത്രി 11.30ന് മാത്രമാണുള്ളത്. വൈകീട്ട് 3.50ന് എറണാകുളത്തു നിന്ന് കണ്ണൂരിലേക്കുണ്ടായിരുന്ന എക്സിക്യൂടീവ് എക്സ്പ്രസിന്റെ സമയം ഇപ്പോൾ വൈകീട്ട് 5.15ലേക്ക് മാറ്റിയിട്ടുണ്ട്. ഇതുമൂലം കണ്ണൂരിൽ ഏറെ വൈകി പുലർച്ചെ 12.30 മണിക്കാണ് ഇപ്പോൾ എത്തുന്നത്.
കോഴിക്കോട് നിന്ന് വൈകീട്ട് 5.10ന് ഒരു ജെനറൽ കംപാർട്മെൻ്റുമായി ആളുകളെ തള്ളി നിറച്ച് വിടുന്ന നേത്രാവതി എക്സ്പ്രസ് കഴിഞ്ഞാൽ പിന്നെ കാസർകോട്ടേക്ക് അടുത്ത പ്രതിദിന വണ്ടി പിറ്റേദിവസം പുലർച്ചെ 1.15നുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് മാത്രമാണ്. ഉച്ച തിരിഞ്ഞ് 3.30 മണിയോടെ എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10.30 അല്ലെങ്കിൽ 11.00 മണിയോടെ മംഗ്ളൂറിൽ എത്തുന്ന വിധത്തിൽ പുതിയ ഒരു എറണാകുളം - മംഗ്ളുറു സൂപർ ഫാസ്റ്റ് ട്രെയിൻ ഓടിച്ചാൽ യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് കുമ്പള റെയിൽ പാസൻജേർസ് അസോസോയിയേഷൻ പ്രസിഡന്റ് നിസാർ പെറുവാഡ് പറയുന്നു.
കൂടാതെ, രാവിലെ 5.15ന് മംഗ്ളൂറിൽ നിന്ന് പുറപ്പെട്ട് കോഴിക്കോട് വരെ പോകുന്ന 16610 നമ്പർ ട്രെയിൻ ഇപ്പൊൾ ഉച്ചയ്ക്ക് 2.05ന് തിരിച്ചു 06481 നമ്പരായി കണ്ണൂരിലേക്ക് പോകുന്നുണ്ട്. ഈ സമയത്ത് ഓടുന്നതിന് പകരമായി വൈകിട്ട് 5.30ന് കോഴിക്കോട് നിന്ന് മംഗ്ളൂറിലേക്ക് സർവീസ് നടത്തിയാൽ വലിയ ആശ്വാസമാകുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
അതേപോലെ മംഗ്ളൂറിൽ നിന്ന് വൈകീട്ട് 6.15ന് മലബാർ എക്സ്പ്രസ് കഴിഞ്ഞാൽ തെക്കോട്ട് പിന്നെ പ്രതിദിന ട്രെയിൻ രാത്രി 11.45നുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് മാത്രമാണ്. മംഗ്ളൂരിൽ നിർത്തിയിടുന്ന ഏതെങ്കിലും വണ്ടി (ഉദാഹരണത്തിന് വൈകീട്ട് 5.50ന് എത്തുന്ന ഏറനാട് എക്സ്പ്രസ് പിറ്റേദിവസം രാവിലെ 11.05 മണിക്ക് മാത്രമാണ് 22609 കോയമ്പത്തൂർ സൂപർ ഫാസ്റ്റ് എക്സ്പ്രസ് ആയി പോകുന്നത്) ഉപയോഗിച്ച് രാത്രി ഒമ്പത് മണിയോടെ പയ്യന്നൂരിലേക്ക് പുതിയ ട്രെയിൻ ഓടിക്കാമെങ്കിൽ പിറ്റേദിവസം രാവിലെ ഇപ്പോഴത്തെ 06491 ചെറുവത്തൂർ - മംഗ്ളുറു പാസൻജർ കുറച്ച് കൂടി തെക്ക് മാറി പയ്യന്നൂരിൽ നിന്ന് 5.55ന് പുറപ്പെടാമെന്നും യാത്രക്കാർ അഭിപ്രായപ്പെടുന്നു. തൃക്കരിപ്പൂർ, പയ്യന്നൂർ ഭാഗത്തുള്ളവർക്കും വലിയ ഉപകാരമാകും.
Keywords: Train, Railway, Passangers, Malabar, Coach, Compartment, Kasaragod, Kannur, Calicut, Express, Overcrowded trains; North Malabar passengers in distress.