Join Whatsapp Group. Join now!
Aster MIMS 10/10/2023

Jifri Thangal | എന്തും സ്വീകാര്യമാകുന്ന തലത്തിലേക്ക് മനുഷ്യ മനസ് ആത്മീയമായി തകർന്ന് കൊണ്ടിരിക്കുകയാണെന്ന് ജിഫ്രി തങ്ങൾ

'പുതിയ കാലവും സമൂഹവും സംസ്കാരിക അധിനിവേശങ്ങൾക്ക് വിധേയമാകുന്നു' Jifri Muthukkoya Thangal, Kanhangad, Religion, കാസറഗോഡ് വാർത്തകൾ
കാഞ്ഞങ്ങാട്: (KasargodVartha) ഇച്ഛകളെ തൃപ്തിപ്പെടുത്തുന്ന എന്തും സ്വീകാര്യമാകുന്ന തലത്തിലേക്ക് മനുഷ്യ മനസ് ആത്മീയമായി തകർന്നുകൊണ്ടിരിക്കുകയാണെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത് ഖാദി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. ഇതിന് പ്രേരകമാകുന്ന വിധത്തിലുള്ള ചോദനകളാണ് കലയുടെയും സംസ്കാരത്തിന്റെയും പൗരാവകാശത്തിന്റെയുമൊക്കെ പേരുകളിൽ ഭൗതിക പ്രത്യയ ശാസ്ത്രങ്ങൾ സൃഷ്ടിച്ച് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  



കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത് കമിറ്റി മത നിരാസത്തിനും മയക്കുമരുന്നിനും സാംസ്കാരികാധിനിവേശത്തിനും എതിരെ ജാഗ്രത - 23 എന്ന പേരിൽ സംഘടിപ്പിക്കുന്ന ത്രൈമാസ കാംപയിൻറെ ഉദ്ഘാടനം ബല്ലാ കടപ്പുറം ജമാഅത് അങ്കണത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. ഇസ്‌ലാം സമഗ്രവും സമ്പൂർണവുമായ ഒരു ജീവിത ചിന്തയും ദർശനമവുമാണെന്നും അത് സർവകാലികവും സാർവലൗകികവുമായ ഒരു പ്രത്യയശാസ്ത്രമാണെന്നും ജീവിതത്തിൻറെ നിഖില മേഖലകളെയും സ്പർശിക്കുന്ന മാർഗനിർഡിശങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രത്യയശാസ്ത്രത്തെ സമ്പൂർണമായി ജീവിതത്തിൽ പകർത്താൻ വിശ്വാസികൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കാലവും സമൂഹവും നിരവധി സംസ്കാരിക അധിനിവേശങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു ചുറ്റുപാടിൽ തനിമയുള്ള വിശ്വാസത്തേയും അതിൻറെ ആചാരങ്ങളേയും അനുഷ്ഠാനങ്ങളെയും സംസ്കാരത്തെയും മുറുകെ പിടിക്കാനും തലമുറകളുടെ മനസിൽ ആത്മീയതയുടെ പ്രകാശം ചൊരിഞ്ഞു നൽകുന്നതിനും വേണ്ടിയാണ് ജാഗ്രത - 23 എന്ന പേരിൽ കാംപയിൻ സംഘടിപ്പിച്ചിരിക്കുന്നതെന്നും ഇത് വിജയിപ്പിക്കാൻ എല്ലാ മഹല്ലുകളും മുന്നോട്ടു വരണമെന്ന് ജിഫ്രി തങ്ങൾ ആഹ്വാനം ചെയ്തു.
 


കാംപയിന്റെ ലഘുലേഖ പ്രകാശനം കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത് പ്രസിഡൻറ് സി കുഞ്ഞഹ്‌മദ് ഹാജി നിർവഹിച്ചു. ട്രഷറർ അബൂബകർ ഹാജി അധ്യക്ഷത വഹിച്ചു. ഒക്ടോബർ ഒമ്പതിന് കാഞ്ഞങ്ങാട് നഗരത്തിൽ നടക്കുന്ന കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത് നബിദിന സമ്മേളനത്തിന്റെ ബ്രോഷർ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. കാംപയിൻ വിശദീകരണം സംയുക്ത ജമാഅത് ജെനറൽ സെക്രടറി ബശീർ വെള്ളിക്കോത്ത് നിർവഹിച്ചു.

അബൂ ത്വാഹിർ ബദവി, കെ ബി കുട്ടി ഹാജി, ശരീഫ് എൻജിനീയർ, റശീദ് തോയമ്മൽ, താജുദ്ദീൻ കമ്മാടം, അബൂബകർ മാസ്റ്റർ പാറപ്പള്ളി, റാശിദ് എം പി, എ കെ കുഞ്ഞബ്ദുല്ല, ജാബിർ കെ ഇ, യൂനുസ് ബല്ലാക്കടപ്പുറം എന്നിവർ സംബന്ധിചു. സി എച് മൊയ്തീൻ കുഞ്ഞി സ്വാഗതവും പുത്തൂർ മുഹമ്മദ് കുഞ്ഞി ഹാജി നന്ദിയും പറഞ്ഞു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Jifri Muthukkoya Thangal, Kanhangad, Religion, Jifri Thangal says that human mind is being spiritually destroyed. 

Post a Comment