കോഴിക്കോട്: (KasargodVartha) ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി മുസ്ലിം ലീഗ് സംസ്ഥാന കമിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച മനുഷ്യാവകാശ മഹാറാലി ജനസാഗരം തീര്‍ത്തു. റാലിയിലും പൊതുസമ്മേളനത്തിലും ആയിരങ്ങളാണ് പങ്കെടുത്തത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇസ്രാഈലിനെ സഹായിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവരാണെന്നും ലോകത്തെ ഏറ്റവും വലിയ ഭീകര രാജ്യം ഇസ്രാഈലാണെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ പ്രശ്നത്തിന്റെ തായ്വേര് ഇസ്രാഈല്‍ അധിനിവേശം തന്നെയാണ്. അതിനെ ചെറുത്തുനില്‍ക്കുക മാത്രമാണ് ഫലസ്തീനികള്‍ ചെയ്യുന്നത്. അവരുടെ ഭൂമിയും സ്വത്ത് വകകളും കയ്യേറി. ചെറുത്ത് നില്‍പാണ് അവരുടെ ഓക്സിജന്‍. വേട്ടക്കാര്‍ക്കൊപ്പമല്ല, വേദനിക്കുന്നവര്‍ക്കൊപ്പമാണ് ഇന്‍ഡ്യ എല്ലാ കാലത്തും നിലകൊണ്ടത്. സ്വതന്ത്ര രാഷ്ട്രം മാത്രമാണ് ഫലസ്തീന്‍ പ്രശ്നത്തിന്റെ പരിഹാരമെന്നും സ്വാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രാഈലിന്റെ ആക്രമണം ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും അവിടെനിന്നുവരുന്ന മരണക്കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രാഈലില്‍ ആക്രമണം നടത്തി 1,400 പേരെ കൊന്നു. ഇരുന്നൂറോളം പേരെ ബന്ദികളാക്കി. അതിന്റെ മറുപടിയായി ഇസ്രാഈല്‍ ഗസ്സയില്‍ ബോംബിങ് നടത്തി 6000 പേരെ കൊന്നുകഴിഞ്ഞു. ഫലസ്തീനില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോകം മുഴുവന്‍ കൊലപാതകങ്ങളെ അപലപിക്കുകയാണെന്നും ഇസ്രാഈലിന്റെ മൂര്‍ച്ചയേറിയ ആയുധങ്ങളേക്കാള്‍ ശക്തമാണ് പൊതുജനാഭിപ്രായമെന്നും അധ്യക്ഷത വഹിച്ച പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രാര്‍ഥനയാണ് ഏറ്റവും വലിയ ആയുധമെന്നും ഈ റാലി ഫലം കാണുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്‍ നടത്തുന്നത് സ്വാതന്ത്ര സമരവും, ഇസ്രാഈല്‍ ചെയ്യുന്നത് വംശീയ ഉന്മൂലനവുമാണെന്ന് ഡോ. എം കെ മുനീര്‍ പറഞ്ഞു. പ്രതിരോധവും ആക്രമണവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സെക്രടറി പി എം എ സലാം സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികള്‍, സെക്രടേറിയറ്റ് അംഗങ്ങള്‍, പോഷക സംഘടനാ ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട് നിന്നും നിരവധി നേതാക്കളും പ്രവര്‍ത്തകരും കോഴിക്കോട്ട് എത്തിയിരുന്നു.
IUML Rally | ജനസാഗരം തീര്‍ത്ത് മുസ്ലിം ലീഗിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി; കാസര്‍കോട്ട് നിന്നടക്കം ഒഴുകിയെത്തിയത് ആയിരങ്ങൾ; സ്വതന്ത്ര രാഷ്ട്രം മാത്രമാണ് ഫലസ്തീന്‍ പ്രശ്നത്തിന്റെ പരിഹാരമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍
റാലി ഫലം കാണുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
IUML Rally, Muslim League, Kozhikode, Palastene, Israel, Shashi Tharoor