Join Whatsapp Group. Join now!
Aster MIMS 10/10/2023

Attack | ഹമാസ് ആക്രമണത്തിന് തിരിച്ചടിച്ച് ഇസ്രാഈല്‍; വ്യോമാക്രമണത്തില്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 198 ആയി; 1600 ല്‍ പരം ആളുകള്‍ക്ക് പരുക്ക്; തങ്ങളുടെ ലക്ഷ്യം സ്വാതന്ത്ര്യമാണെന്നും സമ്പൂര്‍ണ യുദ്ധം ആരംഭിച്ചുവെന്നും ഹമാസ്; പശ്ചിമേഷ്യയില്‍ ആശങ്ക

ഇസ്രാഈലിന് പിന്തുണയുമായി ഇന്ത്യ Israel, Hamas, Palestine, ലോക വാര്‍ത്തകള്‍
ഗാസ: (KasargodVartha) ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിന്റെ ഇസ്രാഈലിനെതിരായ ആക്രമണത്തിന് പിന്നാലെ ഇസ്രാഈല്‍ സൈന്യം ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 198 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1600 ല്‍ പരം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹമാസിന്റെ ആക്രമണത്തില്‍ കുറഞ്ഞത് 40 ഇസ്രാഈലികള്‍ കൊല്ലപ്പെടുകയും 750 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രാഈലി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. പരിക്കേറ്റ ഡസന്‍ കണക്കിന് ആളുകള്‍ ചികിത്സയിലാണെന്നും അവരില്‍ പലരുടെയും നില ഗുരുതരമാണെന്നുമാണ് ഇസ്രാഈലിലെ ആശുപത്രികള്‍ നിന്ന് ലഭിക്കുന്ന വിവരം.
         
Gaza

'ഓപ്പറേഷന്‍ അല്‍ അഖ്സ സ്റ്റോം' എന്ന പേരിലാണ് ഹമാസ് ശനിയാഴ്ച രാവിലെ ഇസ്രഈലിന് നേരെ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഗാസ മുനമ്പില്‍ നിന്ന് 5000 ഓളം റോക്കറ്റുകള്‍ ഇസ്രാഈലിലേക്ക് തൊടുത്തുവിട്ടതായാണ് വിവരം. നിരവധി ഇസ്രാഈലികളെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുപോയതായി റിപ്പോര്‍ട്ടുകളുണ്ട്. നിരവധി ഇസ്രായേലികളെ പോരാളികള്‍ ബന്ദികളാക്കിയതായി ഫലസ്തീന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഇസ്രാഈലില്‍ പലയിടത്തും ഇസ്രാഈല്‍ സുരക്ഷാ സേനയും ഫലസ്തീന്‍ പോരാളികളും തമ്മില്‍ വെടിവയ്പ്പ് നടന്നതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കരയിലൂടെയും കടലിലൂടെയും ഹമാസിന്റെ നുഴഞ്ഞു കയറ്റുമുണ്ടായി. ഒരു പതിറ്റാണ്ടിനിടെ ഇസ്രാഈല്‍ നേരിടുന്ന ആക്രമണമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. ഓപ്പറേഷന്‍ വഴി ശത്രുക്കളുടെ താവളങ്ങളേയും വിമാനത്താവളങ്ങളേയും സൈനിക കേന്ദ്രങ്ങളേയുമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് അല്‍ ഡെയ്ഫ് റിക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശത്തില്‍ അറിയിച്ചു. അല്‍-അഖ്സ മസ്ജിദ് അശുദ്ധമാക്കുന്നതിനും ഇസ്രാഈലിന്റെ അക്രമം വര്‍ധിച്ചതിനും മറുപടിയായാണ് തിരിച്ചടി നല്‍കിയതെന്നാണ് ഹമാസ് പറയുന്നത്.

സിറിയയുടെയും ഈജിപ്തിന്റെയും അപ്രതീക്ഷിത ആക്രമണത്തില്‍ രാജ്യത്തെ വിനാശകരമായ പരാജയത്തിന്റെ വക്കിലെത്തിച്ച 1973ലെ യുദ്ധത്തിന്റെ 50-ാം വാര്‍ഷികം ഇസ്രാഈല്‍ ആചരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. ഇത് വെറുമൊരു പ്രകോപനമല്ല, യുദ്ധമാണെന്നും ശത്രുക്കള്‍ ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രാഈലിലെ ആക്രമണങ്ങളില്‍ ദുഃഖം രേഖപ്പെടുത്തുകയും ഇസ്രാഈലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

അക്രമങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിവര്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചപ്പോള്‍ അമേരിക്ക ഇരുപക്ഷത്തോടും സംയമനം പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചു.

അതിനിടെ തങ്ങളുടെ ലക്ഷ്യം സ്വാതന്ത്ര്യമാണെന്ന് ഹമാസ് ഡെപ്യൂട്ടി ചീഫ് സലേഹ് അല്‍-അറൂരിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇതൊരു ഓപ്പറേഷനല്ല. ഞങ്ങള്‍ സമ്പൂര്‍ണ യുദ്ധം ആരംഭിച്ചു. പോരാട്ടം തുടരുമെന്നും പോരാട്ട മുന്നണി വികസിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്ക് ഒരു പ്രധാന ലക്ഷ്യമുണ്ട്: നമ്മുടെ സ്വാതന്ത്ര്യവും നമ്മുടെ വിശുദ്ധ സ്ഥലങ്ങളുടെ സ്വാതന്ത്ര്യവും. ഫലസ്തീനികള്‍ക്ക് സ്വാതന്ത്ര്യത്തിനും ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ പോരാടാനും അവരുടെ പുണ്യസ്ഥലങ്ങള്‍ സംരക്ഷിക്കാനും അവകാശമുണ്ടെന്ന് അരൂരി പറഞ്ഞു. നിലവിലെ യുദ്ധസമാനമായ സാഹചര്യം പശ്ചിമേഷ്യയില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്.

Keywords: Israel, Hamas, Palestine, World News, War, Israel Palestine War, Latest Israel News, Gaza under bombardment after Hamas attack.
< !- START disable copy paste -->

Post a Comment