പ്രിന്‍സിപല്‍ സെബാസ്റ്റ്യന്‍ തോമസ്, ഇലക്ട്രികല്‍ ലക്ചററര്‍ ഷൈജി ജോസ്, ട്രേഡ്‌സ്മാന്‍ രാഹുല്‍, വാച്മാന്‍ ജിതേഷ് എന്നിവരുടെ നിയമനങ്ങള്‍ക്കാണ് തിരിച്ചടി ലഭിച്ചിരിക്കുന്നത്. ശ്രീനിത്യാനന്ദ പോളിയില്‍ ഉണ്ടായ അധികാര തര്‍ക്കമാണ് നിയമനം റദ്ദാക്കാന്‍ കാരണമെന്നാണ് പറയുന്നത്. സൊസൈറ്റി ആക്റ്റ് പ്രകാരം നിയോഗിക്കപ്പെട്ട ട്രസ്റ്റിനാണ് നിയമന അംഗീകാരം നല്‍കാനുള്ള ചുമതല ഉണ്ടായിരുന്നത്. ഇവിടെ മുന്‍ ട്രസ്റ്റ് ഭാരവാഹികള്‍ ഇടപെട്ട് നടത്തിയെന്ന് ആരോപണമുള്ള നിയമനങ്ങളാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
ശ്രീനിത്യാനന്ദ വിദ്യാകേന്ദ്ര മാനജ്‌മെന്റില്‍ 2021ല്‍ ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സെക്രടറിയായ ടി പ്രേമാനന്ദന്റെയും മറ്റ് ഭാരവാഹികളുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെയാണ് നിയമനങ്ങള്‍ നടത്തിയതെന്നാണ് വിമര്‍ശനം. അന്നത്തെ പോളിടെക്‌നിക് കോളജിന്റെ ഗവേണിംഗ് ബോഡി ചെയര്‍മാന്‍ കെ എല്‍ നിത്യാനന്ദ കോഡെ, കോളജിലെ ഓടോമൊബൈല്‍ എച് ഒ ഡിയായിരുന്ന സെബാസ്റ്റ്യന്‍ തോമസിനെ കോളജിന്റെ ഗവേണിംഗ് ബോഡിയോ വിദ്യാകേന്ദ്രത്തിന്റെ ഭരണ സമിതിയോ അറിയാതെ ഏകപക്ഷീയമായി പ്രിന്‍സിപലായി നിയമിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. 2021 ജനുവരി മാസത്തില്‍ നിയമന ഉത്തരവ് നല്‍കിയെങ്കിലും ചുമതലയേറ്റത് അതേവര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ്.
എ ഐ സി ടി ഇ മാനദണ്ഡമനുസരിച്ച് 20 വര്‍ഷത്തെ അധ്യാപന പരിചയം ഉള്ളവര്‍ക്കാണ് പ്രിന്‍സിപല്‍ നിയമനം നല്‍കേണ്ടത്. റെഗുലര്‍ എം ടെക് ആണ് വിദ്യാഭ്യാസ യോഗ്യത വേണ്ടത്. എന്നാല്‍ പ്രിന്‍സിപലായ സെബാസ്റ്റ്യന്‍ തോമസിന് അധ്യാപക പരിചയം ഇല്ലെന്നും വിദൂര വിദ്യാഭ്യാസം വഴിയാണ് പഠനം പൂര്‍ത്തിയാക്കി അദ്ദേഹം അധ്യാപക നിയമനം നേടിയതെന്നുമാണ് ആക്ഷേപം. കൂടാതെ ആദ്യം, ഒഴിവുള്ള പ്രിന്‍സിപല്‍ തസ്തിക പരസ്യപ്പെടുത്തണമെന്നും വിദ്യാര്‍ഥികളുടെ പ്രതികരണം ശേഖരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഈ മാനദണ്ഡങ്ങളും പ്രിന്‍സിപല്‍ നിയമനത്തില്‍ പാലിച്ചില്ലെന്നാണ് ആരോപണം.
ഇലക്ട്രികല്‍ ലക്ചററിന്റെ ഒഴിവിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചത് 2016 ലാണ്. 2019 മാര്‍ചിന് മുമ്പ് നിയമനം നടത്തണമെന്നും അല്ലെങ്കില്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും എ ഐ സി ടി ഇയുടെ ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഇലക്ട്രികല്‍ ലക്ചററുടെ നിയമനം നടന്നത് 2021 ലാണെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. മറ്റ് രണ്ട് നിയമനങ്ങളുടെ കാര്യത്തിലും നിയമങ്ങള്‍ പാലിച്ചില്ലെന്നാണ് ആരോപണം.
സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളജ് എയ്ഡഡ് ആയതിനാല്‍ അഞ്ച് വീതം മാനജ്മെന്റ്, ഗവണ്മെന്റ് പ്രതിനിധികള്‍ അടങ്ങിയ ഗവേണിംഗ് ബോഡിയുമുണ്ട്. എന്നാല്‍ സെലക്ഷന്‍ കമിറ്റി രൂപീകരിക്കാതെയും ഗവേണിംഗ് ബോഡിയുടെയും മാനജ്‌മെന്റിന്റെയും അംഗീകാരമില്ലാതെയുമാണ് പല നിയമങ്ങളും നടത്തിയതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഇക്കാര്യത്തില്‍ ഒരു വിഭാഗം സ്റ്റേ ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി തള്ളിയിരുന്നു. അപീല്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടര്‍ ഓഫ് ടെക്‌നികല്‍ എജുകേഷനില്‍ പരാതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെയും ഉണ്ടായിട്ടില്ല. നിയമനം ചോദ്യം ചെയ്തുള്ള റിട് ഹര്‍ജിയും ഇപ്പോള്‍ ഹൈകോടതിയുടെ പരിഗണനയിലുണ്ട്. ഇതിനിടയിലാണ് ഇവര്‍ എ ഐ സി ടി ഇയില്‍ പരാതി നല്‍കിയത്.
ഇത് സംബന്ധിച്ച് ലഭിച്ച പരാതിയില്‍ ഇരുവിഭാഗത്തിന്റെയും ആക്ഷേപങ്ങളും അഭിപ്രായങ്ങളും കേട്ട ശേഷം എ ഐ സി ടി ഇ ഇക്കാര്യത്തില്‍ സ്വതന്ത്രമായ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവിട്ടത്. ആവശ്യപ്പെട്ട രേഖകള്‍ ഒന്നും ഹാജരാക്കാത്തത് കൊണ്ടാണ് നാല് പേരുടെയും നിയമനങ്ങള്‍ റദ്ദാക്കിയതെന്നാണ് ഇപ്പോഴത്തെ ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. അതേസമയം എ ഐ സി ടി ഇയുടെ ഉത്തരവ് തങ്ങള്‍ക്ക് ആര്‍ക്കും ലഭിച്ചിട്ടില്ലെന്നും ഇപ്പോള്‍ പുറത്തുവരുന്ന റിപോര്‍ടുകള്‍ ഒന്നും ശരിയല്ലെന്നുമാണ് സെബാസ്റ്റ്യന്‍ തോമസ് കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്.
Keywords: AICTE, Malayalam News, Jobs, Kerala News, Kasaragod News, All India Council for Technical Education, Swami Nityananda, All India Council for Technical Education canceled appointment of Swami Nityananda Polytechnic Principal, Lecturer etc. posts.
< !- START disable copy paste -->