ആറാം ക്ലാസില്‍ തോറ്റ ശരാശരി എബിസിഡി നിലവാരം മാത്രമുണ്ടായിരുന്ന ഷിനുവും മറ്റുള്ളവരും ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വിജയത്തിന് മാറ്റ് കുറയ്ക്കുമെന്ന് മനസിലാക്കിയാണ് ഇവരെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കിയത്. പക്ഷെ വെല്ലുവിളികളില്‍ തളരാതെ, ഉന്നത സ്ഥനത്തേക്ക് എത്തണമെന്ന ചിന്തയാണ് ഷിനുവിനെ മുന്നോട്ട് നയിച്ചത്. സ്‌കൂളില്‍ നിന്നും പുറത്താക്കിയതിനേക്കാള്‍ തനിക്ക് വിഷമം ഉണ്ടാക്കിയിരുന്നത് കൂട്ടുകാരെ പിരിയുന്നതിലായിരുന്നുവെന്നും മാതാപിതാക്കളുടെ വിഷമവും അവര്‍ക്കുണ്ടായ നാണക്കേടും ഏറെ വേദനിപ്പിച്ചിരുന്നുവെന്നും ഷിനു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പിന്നീട് ഷിനുവിന്റെ മുന്നില്‍ വിജയത്തിന്റെ വഴികളായിരുന്നു. ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നും പുറത്താക്കിയെങ്കിലും പഠനം ഉപേക്ഷിക്കാതെ വണ്ടിപ്പെരിയാറിലെ പഞ്ചായത് ഹൈസ്‌കൂളില്‍ ചേര്‍ന്നു. 2004ല്‍ അവിടെ നിന്നും എസ്എസ്എല്‍സി ഒന്നാം ക്ലാസോടെ വിജയിക്കാനും കഴിഞ്ഞത് ഷിനുവിന് വലിയ ആത്മ വിശ്വാസമാണ് നല്‍കിയത്. ഇന്‍ഗ്ലീഷ് മീഡിയത്തില്‍ നിന്നും മലയാള മീഡിയത്തിലേക്ക് പറിച്ചുമാറ്റിയത് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. അധ്യാപകരും മാതാപിതാക്കളും നല്‍കിയ പ്രോത്സാഹനത്തിലൂടെ ഇതെല്ലാം മാറ്റിയെടുക്കാന്‍ കഴിഞ്ഞു.
ഓലകൊണ്ട് മേഞ്ഞ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ മണ്ണെണ്ണ വിളക്കിന്റെ ചുവട്ടിലായിരുന്നു ഷിനുവിന്റെ പഠനം. സംസ്ഥാനത്തുടനീളം വൈദ്യുതി എത്തിച്ചേരുന്ന ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ നാടായ ഇടുക്കിയില്‍ ആയിരുന്നിട്ടും ഷിനുവിന്റെ ഗ്രാമത്തില്‍ അക്കാലത്ത് വൈദ്യുതി എത്തിയിരുന്നില്ല. കാട്ടുപാതകള്‍ താണ്ടിയായിരുന്നു സ്‌കൂളിലേക്കുള്ള യാത്ര. വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ പലപ്പോഴും റിപോര്‍ട് ചെയ്തിരുന്ന സ്ഥലത്ത് കൂടിയായിരുന്നു പഠനത്തിനായി പോകേണ്ടി വന്നത്. വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായാല്‍ പലപ്പോഴും പേടികാരണം സ്‌കൂളില്‍ പോകാനും സാധിച്ചിരുന്നില്ല.
പ്ലസ് ടു പഠിക്കുമ്പോഴാണ് ഗ്രാമത്തില്‍ വൈദ്യുതി എത്തിയത്. അന്ന് ഗ്രാമത്തില്‍ ഉത്സവാന്തരീഷം ആയിരുന്നുവെന്നും ഷിനു ഓര്‍ക്കുന്നു. പിന്നീട് ഉന്നത പഠനത്തിനായി തിരുവനന്തപുരത്തേക്ക് വണ്ടികയറിയ ഇദ്ദേഹം തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളജില്‍ നിന്ന് ബയോടെക്‌നോളജില്‍ ബിരുദവും കാര്യവട്ടം കാംപസില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പിന്നീട് അതേ കാംപസില്‍ നിന്നും ബയോ ഇന്‍ഫര്‍മാറ്റിക്സില്‍ എംഫിലും എടുത്തു. ഇതിനിടയില്‍ രണ്ട് വര്‍ഷം ഒരു പ്രമുഖ കോഫി സ്ഥാപനത്തില്‍ ജോലിചെയ്ത് പഠനത്തിനുള്ള സമ്പാദ്യം സ്വയം ഉണ്ടാക്കുകയും ചെയ്തു. നല്ലൊരു സര്‍കാര്‍ ജോലി എന്നത് ആഗ്രഹമായി തന്നെ അന്നും മനസില്‍ ഉണ്ടായിരുന്നു.
വണ്ടിപ്പെരിയാറിലെ താലൂക് സപ്ലൈ ഓഫീസറായിരുന്ന ഗണേശന്‍ സാര്‍ വലിയ പിന്തുണ നല്‍കിയതാണ് തനിക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ എളുപ്പത്തില്‍ കഴിഞ്ഞതെന്ന് ഷിനു പറയുന്നു. സര്‍കാര്‍ നടപ്പിലാക്കിയ ഗുരുകുലം എന്ന പദ്ധതിയില്‍ പി എസ് സി കോചിങിന് ചേരാന്‍ കഴിഞ്ഞതും ഉന്നത സ്ഥാനത്ത് എത്താന്‍ സഹായിച്ചു. ആറ് മാസം മറയൂരില്‍ പി എസ് സി പരീക്ഷയ്ക്കുള്ള ട്രെയിനിങ് നിര്‍വഹിച്ചു. ഡിഡിയുജികെവൈ പദ്ധതിയിലൂടെ മൈസൂറില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് പരിശീലനവും നടത്തി.
2018-ല്‍ സര്‍കാര്‍ ജോലിയിലേക്ക് ആദ്യ ചവിട്ടുപടിയായി പൊതുമരാമത്ത് വകുപ്പില്‍ ക്ലര്‍കായി നിയമനം ലഭിച്ചു. 2022-ല്‍ കെഎസ്എഫ്ഇയില്‍ ജൂനിയര്‍ അസിസ്റ്റന്റായും ജോലി ചെയ്തു. പിന്നീട് സ്‌പെഷ്യല്‍ റിക്രൂട്‌മെന്റിലൂടെ 35-ാം വയസിലാണ് തഹസില്‍ദാരായി കാസര്‍കോട്ട് നിയമനം ലഭിച്ചത്. ഇപ്പോള്‍ കാസര്‍കോട് അണങ്കൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തഹസില്‍ദാരുടെ ചുമതല വഹിക്കുകയാണ് ഷിനു. തന്റെ സ്വന്തം നാടായ വഞ്ചിവയലിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികള്‍ക്ക് ഓണ്‍ലൈനായി പഠനത്തിനും ജോലിക്കും ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കിവരുകയും ചെയ്യുന്നുണ്ട്.
കഷ്ടപ്പാടുകള്‍ പോസിറ്റീവായി കാണണമെന്നാണ് ഷിനുവിന് പറയാനുള്ളത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തളരാതിരിക്കുകയും വിജയത്തിനായി പൊരുതുകയുമാണ് വേണ്ടത്. കഷ്ടപ്പാട് അനുഭവിച്ച ഒരാള്‍ക്ക് മാത്രമേ മെച്ചപ്പെട്ട ഫലം ഉണ്ടാക്കാന്‍ കഴിയൂ. കഷ്ടപ്പാടില്‍ നിന്നുണ്ടാകുന്ന പ്രചോദനത്തിന്റെ ഫലം പെട്ടെന്ന് കിട്ടില്ല. അതിന് കുറച്ച് കാലതാമസം നേരിടേണ്ടി വരും. ഏതൊരു വ്യക്തിക്കും ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ ഏത് ഉന്നത സ്ഥാനവും കീഴടക്കാന്‍ കഴിയും. തനിക്കുണ്ടായ കഷ്ടപ്പാടുകള്‍ നേട്ടത്തിലേക്കുള്ള വഴിയായി സ്വീകരിക്കുകയായിരുന്നു. ഉന്നത ജോലി കീഴടക്കാനുള്ള തന്റെ ആഗ്രഹം ഇനിയും അവസാനിച്ചിട്ടില്ലെന്നും സിവില്‍ സര്‍വീസ് നേടാനുള്ള ലക്ഷ്യത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ സിറ്റി സ്വദേശിനിയും പിണറായി പഞ്ചായത് ഓഫീസിലെ ക്ലര്‍കുമായ ഷജീനയാണ് ഭാര്യ. തോട്ടം തൊഴിലാളിയായിരുന്ന വഞ്ചിവയലിലെ വിജയന്‍ - വസന്ത ദമ്പതികളുടെ മകനാണ് ഷിനു. ഇരട്ടസഹോദനായ ഷാനു തിരുവനന്തപുരം കേരള യൂനിവേഴ്‌സിറ്റിയുടെ കാര്യവട്ടം കാംപസില്‍ ബോടണിയില്‍ പി എച് ഡി ചെയ്യുന്നു. സഹോദരി ആതിര എംഎ ഇകണോമിക്‌സ് പാസായി ജോലിക്കായി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഷിനു ഇപ്പോള്‍ കണ്ണൂരിലാണ് താമസം.
Keywords: Success Story, Tehsildar, Civil Service, Idukki, Kerala News, Kasaragod News, Shinu Idukki, Malayalam News, Success Story: Meet Shinu who fought to become Govt. employee.
< !- START disable copy paste -->