Join Whatsapp Group. Join now!
Aster MIMS 25/06/2023

Investors Summit | റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമത്തിന് 18ന് തുടക്കമാകും; പ്രതീക്ഷിക്കുന്നത് 1000 കോടി രൂപയുടെ നിക്ഷേപം; മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും

രണ്ട് ദിനം വികസന സാധ്യതകള്‍ ചര്‍ച്ചയാവും Investors Summit, P Rajiv, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) ജില്ലയുടെ നിക്ഷേപ സാധ്യതകള്‍ക്ക് കരുത്തു പകരാന്‍ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച് ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമത്തിന് സെപ്തംബര്‍ 18ന് തുടക്കമാകും. 18 ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. തുറമുഖം. പുരാവസ്തു പുരാരേഖ വകുപ്പ് മുന്തി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിക്കും. ജില്ലയുടെ വികസനവും തൊഴില്‍ സാധ്യതകളുമാണ് നിക്ഷേപക സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
            
Rising Kasaragod Investors Summit

1000 കോടി രൂപയുടെ നിക്ഷേപങ്ങള്‍ ജില്ലയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലയിലെ സംരംഭകരുടെയും യുവാക്കളുടെയും ആശയങ്ങളും പ്രൊജക്ടുകളും ജില്ലയ്ക്കകത്തും പുറത്തുമുള്ള നിക്ഷേപകരുടെ മുന്നില്‍ അവതരിപ്പിക്കും. ഇതിനായി 15 പ്രൊജക്ട് ആശയങ്ങള്‍ തെരഞ്ഞെടുത്തു കഴിഞ്ഞു. ചെറുകിട വന്‍കിട വ്യവസായവുമായി ബന്ധപ്പെട്ട് എട്ടും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് അഞ്ചും വിവര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട് രണ്ടും പ്രൊജക്ട് ആശയങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. കൂടാതെ കുടുംബശ്രീയുടെയും ആരോഗ്യ മേഖലയുടെയും പ്രത്യേകം പ്രൊജക്ട് ആശയങ്ങള്‍ അവതരിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഏറ്റവും കൂടുതല്‍ റെവന്യൂ ഭൂമിയുള്ള ജില്ലയില്‍ നിക്ഷേപത്തിനുള്ള അനുകൂല അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാവുന്നതോടെ എത്ര റെവന്യൂ ഭൂമിയുണ്ടെന്ന കൃത്യമായ കണക്ക് ലഭ്യമാകുമെന്നും ഈ ഭൂമിയില്‍ വ്യവസായ വികസനം നടപ്പാക്കാനുള്ള സാധ്യതകള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം മനു , ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആദില്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.

മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും

സെപതംബര്‍ 18ന് രാവിലെ 9.30ന് ഉദുമ ലളിത് ഹോട്ടലില്‍ വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ജില്ലയുടെ ചുമതലയുള്ള തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എംഎല്‍എമാരായ സി.എച്ച് കുഞ്ഞമ്പു, എന്‍.എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍, എ.കെഎം അഷ്റഫ് എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ആമുഖ പ്രഭാഷണം നടത്തും. ചീഫ് സെക്രട്ടറി ഡോ വി വേണു, എ.പി.എം മുഹമ്മദ് ഹനീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പികെ സജീവ്, മുന്‍ എം.പി പി കരുണാകരന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍ , ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരാവും.

രണ്ട് ദിനം നിക്ഷേപ സാധ്യതകള്‍ ചര്‍ച്ചയാവും

ഉദ്ഘാടന ചടങ്ങിന് ശേഷം ഉച്ചയ്ക്ക് 12ന് കാസര്‍കോടിന്റെ അനന്ത സാധ്യതകള്‍ എന്ന വിഷയത്തില്‍ ചീഫ് സെക്രട്ടറി ഡോ വി വേണുവും കേരളത്തിന്റെ വ്യവസായ നയം എന്ന വിഷയത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവര്‍ ക്ലാസ് അവതരിപ്പിക്കും. സി.എച്ച് കുഞ്ഞമ്പു എം.എല്‍എ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് ജില്ലാ വ്യവസായ കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആദില്‍ മുഹമ്മദ്, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് , സയ്യിദ് സവാദ് (സ്റ്റാര്‍ട്ട് അപ് മിഷന്‍), എം.എന്‍ പ്രസാദ് ( നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ) എന്നിവര്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ പ്രൊജക്ട് ആശയങ്ങള്‍ അവതരിപ്പിക്കും. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിന് പിന്തുണാ സംവിധാനങ്ങളെ കുറിച്ച് കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പി.വി ഉണ്ണികൃഷ്ണന്‍ ക്ലാസ് എടുക്കും. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. വൈകീട്ട് 5ന് വിവിധ നിക്ഷേപകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കും . ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

രണ്ടാം ദിനമായ സെപ്തംബര്‍ 19ന് രാവിലെ 9.30ന് ജില്ലയിലെ ആരോഗ്യ മേഖലയിലെ നിക്ഷേപ സാധ്യതകളുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി രാംദാസ് വിഷയം അവതരിപ്പിക്കും. രാവിലെ 10.30ന് മാലിന്യ നിര്‍മാര്‍ജന രംഗത്തെ നിക്ഷേപ സാധ്യതകള്‍ എന്ന വിഷയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ വിഷയം അവതരിപ്പിക്കും. ആയുഷ് ടൂറിസത്തിന്റെ സാധ്യതകളും എഫ്.സി.ഐ കള്‍ക്ക് വേണ്ടിയുള്ള കണ്‍സോര്‍ഷ്യമുണ്ടാക്കുന്നതും സംബന്ധിച്ച് സിവില്‍ സപ്ലൈസ് കമ്മീഷ്ണറും നാഷണല്‍ ആയൂഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടറുമായ ഡോ ഡി സജിത് ബാബു വിഷയാവതരണം നടത്തും. നിര്‍മാണ മേഖലയിലെ നിക്ഷേപക സാധ്യതകള്‍ എന്ന വിഷയത്തില്‍ ഡോ ജി ശങ്കറും തുടര്‍ന്ന് കാസര്‍കോടിന്റെ വികസനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ എന്ന വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ ബാലകൃഷ്ണനും ക്ലാസ് എടുക്കും. കുടുംബശ്രീയിലൂടെ പ്രാദേശിക സാമ്പത്തിക വികസനം എന്ന വിഷയത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് വിഷയാവതരണം നടത്തും.

റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമത്തിന്റെ സമാപന ചടങ്ങ് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നിക്ഷേപക സംഗമത്തില്‍ നിക്ഷേപകര്‍ അംഗീകരിച്ച പദ്ധതി ആശയങ്ങള്‍ അദ്ദേഹം പ്രഖ്യാപിക്കും.

Keywords: Investors Summit, P Rajiv, Malayalam News, Kerala News, Kasaragod News, Malayalam News, Rising Kasaragod Investors Summit will start on 18th.
< !- START disable copy paste -->

Post a Comment