300 കോടി രൂപയുടെ പ്രവാസി ടൗൺഷിപ്പ് നിർമിക്കാൻ പ്രവാസി ചേംബർ ഓഫ് കൊമേഴ്സ് മുന്നോട്ട് വന്നിട്ടുണ്ടെന്നും ഇതിന്റെ സാധ്യതയും ഡി.പി.ആറും പഠിച്ച് പിന്നീട് അന്തിമ തീരുമാനമെടുക്കുമെന്ന് ബേബി ബാലകൃഷ്ണൻ പറഞ്ഞു. ആദ്യദിനം നൂറോളം നിക്ഷേപകർക്ക് മുന്നിൽ തിരഞ്ഞെടുക്കപ്പെട്ട 22 പ്രോജക്ടുകൾ അവതരിപ്പിക്കപ്പെട്ടു. നിക്ഷേപകർക്ക് അവർ തിരഞ്ഞെടുക്കുന്ന പ്രോജക്ടുകൾ സംരംഭങ്ങൾ ആക്കി മാറ്റാനുള്ള പിന്തുണാ സംവിധാനം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷയായും, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ സമിതിയിൽ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രതിനിധികൾ അംഗങ്ങൾ ആയിരിക്കും.
നിക്ഷേപക സംഗമത്തിൽ വിവിധ മേഖലകളിൽ നിക്ഷേപ താൽപര്യം അറിയിച്ച സംരംഭകർക്കായി വരും ദിവസങ്ങളിൽ പ്രത്യേകം യോഗം ചേരും. അടുത്ത ഒരു വർഷത്തിനുള്ളിൽ 1000 കോടി രൂപയുടെ നിക്ഷേപമാണ് ജില്ലയിൽ പ്രതീക്ഷിക്കുന്നത്.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത്ത് കുമാർ , ജില്ലാ വ്യവസായ കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആദിൽ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മനു , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.ജെ.സജിത്ത്, ജോമോൻ ജോസ് , ജാസ്മിൻ കബീർ, ഷിനോജ് ചാക്കോ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ് , നവകേരളം ജില്ലാ മിഷൻ കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കുടുംബശ്രീ മൈക്രോ നാനോ സംരംഭങ്ങളുടെ നിക്ഷേപ സാധ്യതകൾ ചർച്ചയായി
ഉത്പാദന മേഖലയിലാണ് കുടുംബശ്രീ ഇതുവരെ ശ്രദ്ധകേന്ദ്രീകരിച്ചതെന്നും ഇനി സാധ്യതയുള്ള മേഖല സേവനവും വ്യാപാരവുമാണെന്നും അതിനാൽ സേവന, വ്യാപാര മേഖലയിൽ കുടുംബശ്രീ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ വ്യവസായ കേന്ദ്രം നടത്തിയ റൈസിംഗ് കാസർകോട് നിക്ഷേപ സംഗമത്തിൽ കുടുംബശ്രീ മൈക്രോ നാനോ സംരംഭങ്ങളുടെ നിക്ഷേപ സാധ്യതകൾ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിനുമുന്നില്‍ കേരളത്തിന് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാനാവുന്ന വനിതാ ശാക്തീകരണ പ്രസ്ഥാനമാണ് കുടുംബശ്രീ. ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയായി തുടങ്ങി കുടുംബശ്രീ ഇന്ന് അരക്കോടിയോളം വനിതകള്‍ അംഗങ്ങളായുള്ള സാമൂഹിക വികസന പ്രസ്ഥാനമായി മാറിയിരിക്കുന്നു. കുടുംബശ്രീക്ക് ഇനിയും നേട്ടങ്ങൾ കൊയ്യാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീയുടെ 25 വർഷത്തെ വളർച്ചയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഹിച്ച പങ്കും അദ്ദേഹം എടുത്തു പറഞ്ഞു . ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസഫ് മോഡറേറ്ററായിരുന്ന ചർച്ചയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു.
കുടുംബശ്രീയുടെ നട്ടെല്ല് അയൽക്കൂട്ടങ്ങളാണ്. അയൽക്കൂട്ടങ്ങളെ ശക്തിപ്പെടുത്തുന്നതിനായി നൽകുന്ന വിവിധ ഫണ്ടുകളെ കുറിച്ചും സെക്ഷനിൽ ചർച്ചയായി. ടീം ബേഡകം സിഇഓ ശിവൻ ചൂരിക്കോട് ചർച്ചയിൽ പങ്കെടുത്തു. കുടുംബശ്രീ ജില്ല മിഷൻ്റെയും ബേഡഡുക്ക ഗ്രാമ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ രൂപീകരിച്ച കമ്പനിയാണ് ടീം ബേഡകം. കുടുംബശ്രീ ആഗ്രോ ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി പൂർണമായും സ്ത്രീകൾ മാത്രം ഓഹരി ഉടമകളായി പ്രവർത്തിക്കുന്നു. കാർഷിക ഉത്പാദന-വിപണന രംഗത്തും കാർഷിക വിഭവങ്ങളുടെ മൂല്യ വർധിത ഉത്പന്ന നിർമാണത്തിനുമുള്ള വേറിട്ട സംരംഭങ്ങൾ വിഭാവനം ചെയ്തിട്ടുണ്ട്. ആനന്ദമഠം എന്ന സ്ഥലത്ത് 28 ഏക്കർ സ്ഥലം എടുക്കുകയും ഇവിടെ ഹൈടെക് ഫാമുകൾ , ടൂറിസം ഹട്ടുകൾ, ഫാം ടൂറിസം, കൺവെൻഷൻ സെന്റർ, മാതൃകാ കൃഷിയിടം എന്നിവയൊരുക്കി ഒരു മാതൃകാ കാർഷിക ഗ്രാമം ഒരുക്കാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി കഴിഞ്ഞു.
നീലേശ്വരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ടി വി ശാന്ത,കേരള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. എ.പി.ഉഷ, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ്എം.ധന്യ , കുടുംബശ്രീ ഡി.എം.സി.ടി.ടി.സുരേന്ദ്രൻ, ബിആർഡിസി എംഡി ബി.ഷിജിൻ പറമ്പത്ത്, കുടുംബശ്രീ എഡിഎംസി. സി.എച്ച്ഇഖ്ബാൽ, അസാപ് ജില്ലാ കോർഡിനേറ്റർ സുസ്മിത്ത്, ഇഡി ആന്റ്ജി എം ലിങ്ക് ഗ്രൂപ്പ്, ഹരീഷ്, ബ്രിറ്റ്‌കോ ആന്റ് ബ്രിറ്റ്‌കോ കമ്പനി മാനേജർ ഉണ്ണികൃഷ്ണൻ, ചെറുവത്തൂർ സി.ഡി.എസ്. പ്രതിനിധി ശ്രീജ, മുളിയാർ സി.ഡി.എസ് പ്രതിനിധി ഖൈറുന്നീസ, ഉദുമ സിഡിഎസ് സനൂജ തുടങ്ങിയവർ ചർച്ചയിൽ തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.ബാലകൃഷ്ണൻ സ്വാഗതവും ജില്ലാ പഞ്ചായത്ത് എസ്എസ് വി.വി.ഷിജി നന്ദിയും പറഞ്ഞു
നിർമാണനുബന്ധ മേഖലയിൽ വളരെയധികം നിക്ഷേപ സാധ്യതകൾ - പത്മശ്രീ ഡോ.ജി ശങ്കർ
കാസർകോട് ജില്ലയിൽ നിർമാണനുബന്ധ മേഖലയിൽ വളരെയധികം നിക്ഷേപ സാധ്യതകളെന്നു പത്മശ്രീ ഡോ.ജി ശങ്കർ പറഞ്ഞു. റൈസിംഗ് കാസർകോട് നിക്ഷേപ സംഗമത്തിൽ നിർമ്മാണ മേഖലയിലെ വ്യവസായ സാധ്യത എന്ന വിഷയം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള വസ്തുതല വിദഗ്ധരുടെ സേവനമാണ് കാസർകോട്ഉപയോഗപ്പെടുത്തുന്നതെന്നും അതിനാൽ തന്നെ ജില്ലയിൽ ഈ സംരംഭത്തിന് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക മാർക്കറ്റിൽ ഇന്ന് ലഭ്യമായ നിർമ്മാണ വസ്തുക്കളിൽ ഏറ്റവും ഈടു നിൽക്കുന്ന വസ്തുവാണ് ചെങ്കല്ല്. കാസർകോട് ജില്ലയിൽ സുലഭമായ ചെങ്കല്ല് ആണ് ലോകം മാർക്കറ്റിൽ ഇന്ന് ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ച ഈട് നിൽക്കുന്ന നിർമ്മാണ വസ്തുവെന്നും ചെങ്കല്ലും ചെങ്കല്ലിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണവുമെല്ലാം ഏറ്റവും സാധ്യതയുള്ള മേഖലയാണെന്നും ഇതിനായി പരിശീലനങ്ങൾ നൽകുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മാർജിൻ ഫ്രീ ബിൽഡിംഗ് മാർക്കറ്റുകളുടെ സാധ്യതയും അദ്ദേഹം ചർച്ച ചെയ്തു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അത്യാധുനിക രീതിയിലുള്ള സാധനസാമഗ്രികൾ എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ആശയമാണിത്. ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ളതും കൂടുതൽ ഉപയോഗപ്പെടുന്നതുമായ സ്റ്റീൽ ഫ്രെയിമുകൾ പുതിയ ട്രെൻഡ് ആണെന്ന് അദ്ദേഹം പറഞ്ഞു.
പാറകൾ പൊടിച്ചുണ്ടാക്കുന്ന മണലിൻ്റെയും പുഴമണലിൻ്റെയും ലഭ്യത നിലവിൽ വളരെ കുറവാണ്. ഈ സാഹചര്യങ്ങളിൽ പൊളിച്ചു കളഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് ഉറപ്പുള്ള ബ്ലോക്കുകൾ പ്രബലിത മൺകട്ടകൾ പോലുള്ളവ നിർമ്മിക്കുന്നതിനും വലിയ സാധ്യതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നമ്മൾ ഇന്ന് വളരെ വേഗത്തിലുള്ള നഗരവൽക്കരണത്തിന്റെ ഭാഗമായി കൊണ്ടിരിക്കുകയാണ്. മെട്രോ പോളിറ്റ്ൻ നഗരങ്ങളായി മാറിക്കൊണ്ടിരിക്കുന്ന മംഗലാപുരവും കോഴിക്കോടും വേഗത്തിൽ വികസിച്ചു കൊണ്ടിരിക്കുന്ന കണ്ണൂരും നമ്മുടെ തൊട്ടടുത്തുണ്ട്. കാസർകോട് വികസനത്തിന്റെ പാതയിലാണ്. ഈ സാഹചര്യത്തിൽ റൈസിംഗ് കാസർഗോഡ് പോലൊരു പരിപാടിക്ക് വളരെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമാപന പരിപാടി ശാരദ മുരളിധരൻ ഉദ്ഘാടനം ചെയ്തു
ഉദുമ ലളിത് റിസോർട്ടിൽ നടന്നുവന്ന റൈസിംഗ് കാസർകോട് നിക്ഷേപക സംഗമത്തിന്റെ സമാപന പരിപാടി എൽ.എസ്.ജി.ഡീ ചീഫ് അഡീഷണൽ സെക്രട്ടറി ശാരദ മുരളിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ സംയുക്ത പദ്ധതികൾ ഏറ്റെടുത്ത് മുന്നോട്ടുവരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. സ്വകാര്യ നിക്ഷേപങ്ങളോടൊപ്പം സർക്കാർ പദ്ധതികൾ കൂടുതൽ ഊർജ്ജസ്വലമാക്കാൻ നമുക്ക് സാധിക്കുമെന്നും അതിനു വിവിധ മേഖലകളിൽ നിന്നുള്ള സഹകരണം ആവശ്യമാണെന്നും അവർ പറഞ്ഞു.
മികച്ച അന്വഷണ ഉദ്യോഗസ്ഥനുള്ള കേന്ദ്രസർക്കാറിന്റെ അവാർഡ് ജേതാവായ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയെ ചടങ്ങിൽ ആദരിച്ചു. പരിപാടിയിൽ സമം അവാർഡ് ജേതാവായിരുന്ന കോട്ടയം മുൻ ജില്ലാ കളക്ടർ പി.കെ.ജയശ്രീയെ എൽ.എസ്.ജി.ഡീ ചീഫ് അഡീഷണൽ സെക്രട്ടറി ശാരദ മുരളിധരൻ സമം അവാർഡ് നൽകി ആദരിച്ചു. സിവിൽ സപ്ലൈസ് കമ്മീഷണറും നാഷണൽ അയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.ഡി സജിത്ത് ബാബു, ആർക്കിടെക്ട്ടും നഗരസൂത്രകനുമായ പദ്മശ്രീ ഡോ.ജി.ശങ്കർ, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എം.വി.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ വിഷയം അവതരിപ്പിച്ചു.
സി.പി.സി.ആർ.ഐ പ്രതിനിധി ഡോക്ടർ രമേശ, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ.വി.സുജാത, കാസർകോട് നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് വി.എം.മുനീർ, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി, കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ, മുൻ എം.പി പി.കരുണാകരൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ.ജി.സി ബഷീർ, ഇ.പത്മാവതി, ശുചിത്വമിഷൻ ജില്ല കോ ഓഡിനേറ്റർ എ.ലക്ഷ്മി, കെ.എസ്.എസ്.ഡബ്ള്യു.എം പ്രതിനിധി മിഥുൻ എന്നിവർ പങ്കെടുത്തു.
പരിപാടിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത്ത് കുമാർ സ്വാഗതവും ജില്ല ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ നന്ദിയും പറഞ്ഞു.
Keywords: Investment Summit, Rising Kasaragod, Malayalam News, Kerala News, Kasaragod News, Malayalam News, Rising Kasaragod Investment Summit concludes.
< !- START disable copy paste -->