പുതുപ്പള്ളി: (www.kasargodvartha.com) ചരിത്ര റെകോര്‍ഡ് സൃഷ്ടിച്ച് പുതുപ്പള്ളി മണ്ഡലം ഇനി ചാണ്ടി ഉമ്മന്റെ കൈകളില്‍. 37,719 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥി നേടിയത്. ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് മറികടന്നു . 2011ല്‍ ഉമ്മന്‍ ചാണ്ടി നേടിയത് 33,255 വോട്ടിന്റെ ലീഡായിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയായി. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളെക്കാള്‍ യു.ഡി.എഫിന്റെ മികച്ച പ്രകടനമാണിത്.
2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയും മറികടന്ന് 40000 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്റെ വിജയക്കുതിപ്പ്. ഒസിക്ക് പകരക്കാരനായി, പിന്മാഗിയായി ഇനി പുതുപ്പള്ളി മണ്ഡലത്തെ ചാണ്ടി ഉമ്മന്‍ നയിക്കും. യുഡിഎഫ്-80,144, എല്‍ഡിഎഫ്-42,425, എന്‍ഡിഎ-6554 എന്നിങ്ങനെയാണ് വോട് നില.
ശക്തികേന്ദ്രങ്ങളിലും എല്‍ഡിഎഫ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. എല്‍.ഡി.എഫിന്റെ കരുത്തായ മണര്‍കാടും ചാണ്ടി ഉമ്മനാണ് മുന്നേറ്റം. ഇവിടെ ഒരു ബൂത്തിലും ജെയ്ക്കിന് ലീഡില്ല. എല്ലാ ബൂത്തിലും ചാണ്ടിക്കുതന്നെയാണ് ലീഡ്. സ്വന്തം ബൂത്തിലും ജെയ്ക് പിന്നില്‍പോയി. അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകളില്‍ ബഹുദൂരം മുന്നിലാണ് യു.ഡിഎഫ് സ്ഥാനാര്‍ഥി. മന്ത്രി വി.എന്‍.വാസവന്റെ ബൂത്തിലും ലീഡ് ചാണ്ടിക്കാണ്. തേരോട്ടം ആഘോഷമാക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. ചാണ്ടി ഉമ്മനെ തോളിലേറ്റിയാണ് പ്രവര്‍ത്തകരും നേതാക്കളും ആഹ്ലാദം പ്രകടിപ്പിച്ചത്.
ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്കുള്ള മറുപടിയാണ് പുതുപ്പള്ളി നല്‍കിയതെന്നു അച്ചു ഉമ്മന്‍ പ്രതികരിച്ചു. 53 കൊല്ലം ഉമ്മന്‍ ചാണ്ടി ചെയ്തത് എന്തെന്ന ചോദ്യത്തിന് മറുപടി നല്‍കി. യാത്രയയപ്പിലും വലിയ ബഹുമതിയാണ് പുതുപ്പള്ളി നല്‍കിയതെന്ന് അച്ചു പറഞ്ഞു.
അതേസമയം, പുതുപ്പളളിയില്‍ യുഡിഎഫിന്റെ മിന്നുന്ന കുതിപ്പില്‍ ബിജെപിയെ പഴിചാരുകയാണ് എല്‍.ഡി.എഫ്. ബി.ജെ.പി വോട്ട് എങ്ങോട്ടുപോയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ചോദിച്ചു. ബി.ജെ.പിക്ക് കിട്ടേണ്ട വോട്ടുപോലും കിട്ടിയില്ല. ഇടതു വോട്ടില്‍ വിള്ളല്‍ ഇല്ലെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വ്യക്തമാക്കി.
Keywords: News, Kerala, Kerala-News, Top-Headlines, Political-News, Puthuppally News, Kottayam News, By-election, Candidate, Chandy Oommen, First Lead, CPM, UDF, Bypoll, Winner, Puthuppally By-election: UDF Candidate Chandy Oommen Won.